മുംബൈ: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെ നിംബാല്‍ക്കറിനെ വധിച്ച കേസില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. 2006 ജൂണ്‍ 3-ന് പവന്‍രാജെ നിംബാല്‍ക്കറും അദ്ദേഹത്തിന്റെ ഡ്രൈവര്‍ സമദ് കാസിയും നവി മുംബൈയിലെ കലാംബോളിക്ക് സമീപം സ്‌കോഡ കാറില്‍ സഞ്ചരിക്കുമ്പോഴാണ് കൊലപാതകം നടന്നത്. മറ്റൊരു വാഹനത്തില്‍ വന്ന അക്രമികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ഏറ്റവും പ്രമുഖമായ രാഷ്ട്രീയ കൊലപാതകക്കേസുകളിലൊന്നാണിത്.
20 വര്‍ഷങ്ങളെടുത്താണ് ഈ കേസ് വിധി പറയുന്ന ഘട്ടത്തിലേക്ക് എത്തിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് ആര്‍ നവന്ദര്‍ അധ്യക്ഷനായ പ്രത്യേക സിബിഐ കോടതിയാണ് വിചാരണ നടത്തിയത്. കോടതി രേഖകള്‍ പ്രകാരം, പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ഉള്‍പ്പെടെ 128 സാക്ഷികളെ വിചാരണ വേളയില്‍ വിസ്തരിച്ചു. നിരവധി വര്‍ഷങ്ങളായി നീണ്ടുനിന്ന വിപുലമായ രേഖകളും സാക്ഷിമൊഴികളും വാദപ്രതിവാദങ്ങളും ഈ നടപടികളുടെ ഭാഗമായിരുന്നു.
ആദ്യഘട്ടത്തിലെ പൊലീസ് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് നിംബാല്‍ക്കറുടെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് അന്വേഷണം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറിയത്. അക്രമികള്‍ നിംബാല്‍ക്കറുടെ വാഹനം നിര്‍ബന്ധിപ്പിച്ചു നിര്‍ത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. സംഭവസ്ഥലത്തു വച്ചുതന്നെ നിംബാല്‍ക്കറും ഡ്രൈവറും കൊല്ലപ്പെടുകയും അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. രാഷ്ട്രീയ വൈരാഗ്യം, ക്വട്ടേഷന്‍ കൊലപാതകത്തിനായുള്ള ഗൂഢാലോചന എന്നിവയാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍. ഒരുകാലത്ത് ഒസ്മാനാബാദ് (ഇപ്പോള്‍ ധാരാശിവ്) മേഖലയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായിരുന്ന മുതിര്‍ന്ന രാഷ്ട്രീയക്കാരന്‍ പദംസിന്‍ഹ് പാട്ടീല്‍ കേസിലെ മുഖ്യ പ്രതിയാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അതുകൊണ്ട് തന്നെ കേസിന് വളരെയധികം രാഷ്ട്രീയ പ്രാധാന്യമുണ്ട്. നിംബാല്‍ക്കര്‍- പാട്ടീല്‍ കുടുംബങ്ങള്‍ തമ്മിലുള്ള തീവ്രമായ ശത്രുത നിലനില്‍ക്കുന്ന ധാരാശിവ് ജില്ലയില്‍ കേസിന്റെ വിധി രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.
ഒസ്മാനാബാദ് ജില്ലയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നു പവന്‍രാജെ (ഭൂപല്‍സിന്‍ഹ് എന്ന പവന്‍രാജെ) നിംബാല്‍ക്കര്‍. വളരെ ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. വിചാരണ വേളയില്‍ രേഖപ്പെടുത്തിയ സാക്ഷിമൊഴികള്‍ പ്രകാരം, നിംബാല്‍ക്കര്‍ തുടക്കത്തില്‍ പാട്ടീലിന്റെ പിന്തുണയോടെയാണ് രാഷ്ട്രീത്തിൽ കാലുറപ്പിച്ചത്. തേര്‍ണ ഷുഗര്‍ ഫാക്ടറി, ഒസ്മാനാബാദ് ജില്ലാ സെന്‍ട്രല്‍ കോഓപ്പറേറ്റീവ് ബാങ്ക് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളില്‍ അദ്ദേഹം പദവികള്‍ വഹിച്ചിരുന്നു. എന്നാല്‍, നിംബാല്‍ക്കറുടെ രാഷ്ട്രീയ സ്വാധീനം വളര്‍ന്നതോടെ ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.
2009-ല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി മുതിര്‍ന്ന നേതാവുമായ പദംസിന്‍ഹ് പാട്ടീലിനെ കൊലപാതകത്തിന്റെ പ്രധാന സൂത്രധാരനായും ഒന്നാം പ്രതിയായും ചേര്‍ത്തു. രാഷ്ട്രീയ വൈരാഗ്യമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് സിബിഐ വ്യക്തമാക്കിയത്. ഒസ്മാനാബാദ് ജില്ലയില്‍ നിംബാല്‍ക്കറുടെ വളര്‍ന്നുവരുന്ന ജനപ്രീതി തന്റെ രാഷ്ട്രീയ സ്വാധീനത്തിന് ഭീഷണിയാണെന്ന് പാട്ടീല്‍ വിശ്വസിച്ചിരുന്നതായും, അദ്ദേഹത്തെ ഇല്ലാതാക്കാന്‍ 30 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ഉറപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. തേര്‍ണ ഷുഗര്‍ ഫാക്ടറിയുടെ മാനേജ്മെന്റിനെ നിംബാല്‍ക്കര്‍ എതിര്‍ത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ച മറ്റൊരു ഘടകമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പാട്ടീല്‍ ഈ കുറ്റാരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്.
പദംസിന്‍ഹ് പാട്ടീലിനെ കൂടാതെ മറ്റ് പലരും ഈ കേസില്‍ വിചാരണ നേരിടുന്നുണ്ട്. വ്യവസായി സതീഷ് മന്ദാഡെ, മുന്‍ കോര്‍പ്പറേറ്റര്‍ മോഹന്‍ ശുക്ല, പരസ്മല്‍ ജെയിന്‍, മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശശികാന്ത് കുല്‍ക്കര്‍ണി, ബി.എസ്.പി പ്രവര്‍ത്തകന്‍ കൈലാഷ് യാദവ്, ദിനേഷ് തിവാരി, പിന്റു സിങ്്, ഛോട്ടെ പാണ്ഡെ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ മറ്റുള്ളവര്‍. പ്രതികളില്‍ ഒരാള്‍ പിന്നീട് വിചാരണ നടപടികള്‍ക്കിടെ മാപ്പുസാക്ഷിയായി മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates