ഗുജറാത്ത് കലാപം/  ഫയല്‍
India

Gujarat riots: മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെവിട്ടു, തെളിവില്ലെന്ന് ഹൈക്കോടതി

സംഭവത്തിന് ദൃക്സാക്ഷികളുടെയും തെളിവുകളുടെയും അഭാവം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതികളെ കുറ്റവിമുക്തരാക്കുകയുമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തിനിടെ മൂന്ന് ബ്രിട്ടീഷ് പൗരന്‍മാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ട് ഗുജറാത്ത് ഹൈക്കോടതി. വിചാരണ കോടതി ഉത്തരവ് ശരിവച്ചാണ് ജസ്റ്റിസ് എ വൈ കോഗ്‌ജെ, ജ. സമീര്‍ ജെ ദവെ എന്നിവരുൾപ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

സാക്ഷി മൊഴികളും അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും പരിശോധിച്ച കോടതി കേസില്‍ ഹിമ്മത്‌നഗറിലെ സബര്‍കാന്ത പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി 2015 ഫെബ്രുവരി 27-ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന നിലപാട് എടുക്കുകയായിരുന്നു. തന്‍ഭായ് ചന്തു എന്ന പ്രഹ്ലാദ് പട്ടേല്‍, രമേശ് പട്ടേല്‍, മനോജ് പട്ടേല്‍, രാജേഷ് പട്ടേല്‍, കലാഭായ് പട്ടേല്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. മാര്‍ച്ച് ആറിന് പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഇമ്രാന്‍ മുഹമ്മദ് സലിം ദാവൂദ് എന്നയാളുടെ പരാതിയാണ് കേസിന്റെ തുടക്കം. ബ്രിട്ടീഷ് പൗരന്മാരും തന്റെ ബന്ധുക്കളുമായ സയീദ് സഫീഖ് ദാവൂദ്, സകില്‍ അബ്ദുള്‍ ഹായ് ദാവൂദ്, മുഹമ്മദ് നല്ലഭായ് അബ്ദുള്‍ഭായ് അന്‍വര്‍ എന്നിവര്‍ ആഗ്ര, ജയ്പുര്‍ യാത്രയ്ക്ക് ശേഷം ഹിമ്മത്‌നഗറിലേക്കുള്ള മടയ്ക്കയാത്രയ്ക്കിടെ 2002 ഫെബ്രുവരി 28-ന് ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പരാതി.

ആക്രമണത്തില്‍ പ്രദേശവാസിയായ ഇവരുടെ ഡ്രൈവര്‍ യൂസഫും കൊല്ലപ്പെടുകയും കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഡ്രൈവര്‍ സംഭവ സ്ഥലത്തും അബ്ദുള്‍ഭായ് അന്‍വര്‍ ആശുപത്രിയിലും വച്ചാണ് മരിച്ചത്. മറ്റ് രണ്ട് പേരെയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

2002 മാര്‍ച്ച് 24 ന് അന്നത്തെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ലഭിച്ച അജ്ഞാത ഫാക്‌സ് സന്ദേശമാണ് പ്രതികളിലേക്ക് നയിച്ചത്. അക്രമി സംഘത്തിലുണ്ടായിരുന്ന നൂറോളം പേരടങ്ങുന്ന ജനക്കൂട്ടത്തില്‍ ഒരാള്‍ പ്രവീണ്‍ഭായ് ജീവഭായ് പട്ടേല്‍ ആണെന്നായിരുന്നു ഫാക്‌സിന്റെ ഉള്ളടക്കം. ഇതനുസരിച്ച് അന്നത്തെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ അന്നത്തെ ഗുജറാത്ത് ഡയറക്ടര്‍ ജനറലിന് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിരുന്നു. 2003 ല്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ഈ കേസ് ഉള്‍പ്പെടെ 2002 ലെ കലാപ കേസുകളില്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ നിര്‍ദേശിച്ചതോടെയാണ് നിയമ നടപടികളിലേക്ക് കടന്നത്.

2009-ല്‍, സെഷന്‍സ് കോടതി ആറ് പ്രതികള്‍ക്കെതിരെ കൊലപാതകം, പരിക്കേല്‍പ്പിക്കല്‍, കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നിവയുള്‍പ്പെടെ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ഒരു അജ്ഞാത ഫാക്‌സ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്നും സംഭവത്തിന് ദൃക്സാക്ഷികളുടെയും തെളിവുകളുടെയും അഭാവം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതികളെ കുറ്റവിമുക്തരാക്കുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

SCROLL FOR NEXT