കനിമൊഴി, എ രാജ ഫയല്‍
India

'ആ പണം പോയത് കലൈഞ്ജര്‍ ടിവിയിലേക്ക്'; എ രാജയുടെ ശബ്ദരേഖ പുറത്ത്, 2ജി സ്‌പെക്ട്രത്തില്‍ കുരുങ്ങി ഡിഎംകെ

2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെയെ വെട്ടിലാക്കി എ രാജയുടെ ഓഡിയോ ക്ലിപ്പ്. കൃത്രിമമായി നിര്‍മ്മിച്ചതും അപകീര്‍ത്തികരവുമായ ഓഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിച്ചതിന് മാരിദാസിനെതിരെ ലീഗൽ നോട്ടീസ് അയച്ചിരിക്കുകയാണ് എ രാജ.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡിഎംകെയെ കുരുക്കി 2ജി സ്‌പെക്ട്രം അഴിമതിക്കേസിലെ ഓഡിയോ ക്ലിപ്പ്. ഡിഎംകെ നേതാവും നീലഗിരി എംഎല്‍എയുമായ എ രാജ പാര്‍ട്ടി നേതാക്കളെ വിമര്‍ശിക്കുന്ന വോയിസ് ക്ലിപ്പാണ് മാരിദാസ് എന്ന യൂട്യൂബര്‍ പുറത്തുവിട്ടത്. ക്ലിപ്പ് വൈറല്‍ ആയതോടെ മാരിദാസിനെതിരെ ലീഗൽ നോട്ടീസ് അയച്ചിരിക്കുകയാണ് എ രാജ. കെട്ടിച്ചമച്ചതും കൃത്രിമമായി നിര്‍മ്മിച്ചതും അപകീര്‍ത്തികരവുമായ ഓഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്.

ഓഡിയോ ക്ലിപ്പുകളിലെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി സ്റ്റാലിന്‍ മറുപടിപറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയും ഡിഎംകെക്കുള്ളില്‍ ഭിന്നിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി എഐഡിഎംകെയും രംഗത്തെത്തിയതോടെ 2 ജി സ്‌പെക്ട്രം അഴിമതിക്കേസ് വീണ്ടും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുകയാണ്.

2 ജി സ്‌പെക്ട്രം അഴിമതിക്കേസിലെ ഡിഎംകെയുടെയും സ്റ്റാലിന്റെയും നിലപാടുകളെ വിമര്‍ശിക്കുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളാണ് പ്രചരിക്കുന്നത്. അഴിമതിയിലെ പണം കലൈഞ്ജര്‍ ടിവിയിലാണ് നിക്ഷേപിച്ചതെന്ന് ഓഡിയോ ക്ലിപ്പില്‍ പറയുന്നു. '2 ജി സ്‌പെക്ട്രം കേസില്‍ ഞാന്‍ അറസ്റ്റിലായപ്പോള്‍ ഒരു നേതാവും എന്നെ കാണാന്‍ വന്നില്ല. കനിമൊഴി അറസ്റ്റിലായതിനു ശേഷമാണ് മറ്റുള്ളവര്‍ വന്നത്. ഞാന്‍ മാപ്പുസാക്ഷിയായി മാറിയിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? പണം കലൈഞ്ജര്‍ ടിവിയിലേക്ക് പോയി; കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ എന്റെ വീട്ടില്‍ നിന്ന് അവര്‍ എന്തെങ്കിലും കണ്ടെടുത്തോ?' എന്നാണു ശബ്ദരേഖയിലുള്ളത്. നേതൃത്വത്തിലിരിക്കാന്‍ എന്ത് യോഗ്യതയാണ് സ്റ്റാലിനുള്ളതെന്നും ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ, സ്റ്റാലിന്റെ സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ എംകെ അഴഗിരി തന്നെയും കനിമൊഴിയെയും കുരുക്കിലാക്കാന്‍ ശ്രമം നടത്തിയതായും ആരോപിക്കുന്നുണ്ട്. കലൈഞ്ജര്‍ ടിവിയിലേക്ക് പണം കൈമാറാന്‍ സ്റ്റാലിന്‍ സൗകര്യമൊരുക്കിയതായും മാരിദാസ് പുറത്തുവിട്ട ശബ്ദരേഖയില്‍ പറയുന്നു.

എന്നാല്‍ ഓഡിയോ എഐ ടൂളുകള്‍ ഉപയോഗിച്ച് തിരുത്തിയതാണെന്നും വളച്ചൊടിക്കുന്നതാണെന്നും എ രാജ അയച്ച ലീഗല്‍ നോട്ടീസില്‍ പറയുന്നു. ആവശ്യാനുസരണം സെഗ്മെന്റുകള്‍ വേര്‍തിരിച്ചെടുത്ത് പുനഃക്രമീകരിച്ച് അവതരിപ്പിച്ചിരിക്കുകയാണെന്നും മാരിദാസ് മാപ്പുപറയണമെന്നയും എ രാജ ആവശ്യപ്പെട്ടു. ഓഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ട എല്ലാ കണ്ടന്റുകളും സമൂഹമാധ്യമങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും നോട്ടീസിലുണ്ട്.

ഏപ്രില്‍ 23 നു നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവാദം ആയുധമാക്കുകയാണ് എഐഡിഎംകെ. കഴിഞ്ഞ ദിവസം കൃഷ്ണഗിരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഡിഎംകെക്കുള്ളില്‍ ഭിന്നിപ്പുണ്ടെന്ന് എഐഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി (ഇപിഎസ്) ആരോപിച്ചു. 2 ജി സ്‌പെക്ട്രം കേസില്‍ പ്രതികളായിരുന്ന എ രാജയോടും കനിമൊഴിയോടും രണ്ടു നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടതെന്നും, എ രാജയെ ജാതീയമായി വേര്‍തിരിച്ചുകാണുകയാണ് ഡിഎംകെ ചെയ്യുന്നതെന്നും പളനിസ്വാമി ആരോപിച്ചു.

2008 ല്‍ ടെലികോം പെര്‍മിറ്റുകള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചതുവഴി സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി എന്ന് ആരോപിക്കപ്പെട്ട 2ജി സ്‌പെക്ട്രം കേസില്‍ അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി എ രാജ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. 2017ല്‍ രാജയടക്കം കേസിലെ 16 പേരും കുറ്റവിമുക്തരാക്കപ്പെട്ടു. ലോകത്തെതന്നെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായി അന്നത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ കേസ് 2011 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ പരാജയപ്പെടുന്നതിനും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ സഖ്യം പരാജയപ്പെടുന്നതിനും കാരണമായിരുന്നു.

A Raja's audio clip slams DMK in 2G spectrum scam case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിലങ്ങാട് മേഖലയിൽ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണം; മലയോര റോഡിൽ രാത്രി യാത്രയ്ക്കും വിലക്ക്

ബസിൽ നിന്ന് ഇറങ്ങുമ്പോൾ ബാ​ഗ് മോഷ്ടിച്ചു; പെരുമ്പാവൂരിൽ യുവതി പിടിയിൽ

കേരളത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

'അല്‍ തുറയ്യ' നക്ഷത്രസമൂഹം ജൂണ്‍ 7 ന് ദൃശ്യമാകും; യുഎയില്‍ വരാനിരിക്കുന്നത് കടുത്ത വേനല്‍ച്ചൂട്, മുന്നറിയിപ്പ്

കറങ്ങി കൊണ്ടിരിക്കെ തീപിടിച്ച് ഉ​ഗ്ര ശബ്ദത്തിൽ ഫാൻ പൊട്ടിത്തെറിച്ചു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

SCROLL FOR NEXT