ചെന്നൈ: ഇഞ്ചമ്പാക്കത്തെ വിജിപി ഗോള്‍ഡന്‍ ബീച്ച് അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകളിലൊന്നിന് യന്ത്രത്തകരാര്‍ (mechanical failure) സംഭവിച്ചതിനെ തുടര്‍ന്ന് 15 കുട്ടികള്‍ അടക്കം 36 പേര്‍ കുടുങ്ങി. റൈഡ് ആസ്വദിക്കുന്നതിനിടെ ഉണ്ടായ യന്ത്രത്തകരാറിനെ തുടര്‍ന്ന് 36 പേരും നിലത്ത് നിന്ന് 150 അടി ഉയരത്തില്‍ മൂന്ന് മണിക്കൂറോളം നേരമാണ് പരിഭ്രാന്തരായി ഇരുന്നത്. അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും എത്തിയതിനെത്തുടര്‍ന്ന് എല്ലാവരെയും സുരക്ഷിതമായി താഴെയിറക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. 36 പേരടങ്ങുന്ന റൈഡ് വൈകുന്നേരം 6 മണിയോടെയാണ് ആരംഭിച്ചത്. റൈഡ് ആസ്വദിക്കാന്‍ എത്തിയവര്‍ മുകളിലെത്തിയ ഉടന്‍ തന്നെ യന്ത്രത്തകരാര്‍ സംഭവിക്കുകയായിരുന്നു. സഹായത്തിനായി നിരവധി തവണ നിലവിളിച്ചിട്ടും നിലത്തുണ്ടായിരുന്ന ഓപ്പറേറ്ററില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് രക്ഷപ്പെട്ട ഒരു സ്ത്രീ പറഞ്ഞു.
പാര്‍ക്ക് ജീവനക്കാര്‍ ആദ്യം സ്ഥലത്ത് ഉണ്ടായിരുന്ന ഒരു ക്രെയിന്‍ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്ന പൊക്കത്തിലേക്ക് ക്രെയിന്‍ ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ, അഗ്‌നിശമനസേനയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 150 അടി വരെ നീട്ടാന്‍ കഴിയുന്ന സ്‌കൈ-ലിഫ്റ്റ് വാഹനവുമായി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
'റൈഡ് വൈകുന്നേരം 6 മണിയോടെ ആരംഭിച്ചു, രാത്രി 8.30 ന് മാത്രമാണ് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയത്. വിജിപി മാനേജ്മെന്റില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.'- പാര്‍ഥിസെല്‍വം ആരോപിച്ചു. തൊട്ടുമുന്‍പും സമാനമായ പ്രശ്‌നം ഉണ്ടായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആളുകള്‍ 20 മിനിറ്റ് നേരമാണ് കുടുങ്ങിയത്. എന്നാല്‍ ഓപ്പറേറ്റര്‍ മെഷീന്‍ പരിശോധിക്കുകയോ റൈഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തുകയോ ചെയ്തില്ലെന്നും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates