ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്ക്ക് പിന്നാലെ ദേശീയ പുരസ്കാര ജേതാവായ നടൻ ധനുഷും തമിഴ്നാട് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. താരത്തിന്റെ ആരാധക സംഘടനയുടെ പേര് മാറ്റി വിപുലീകരിച്ചതും ചെന്നൈയിൽ സംഘടിപ്പിച്ച വൻ വനിതാ വിഭാഗം സമ്മേളനവുമാണ് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസും നടന്റെ ജനപ്രീതിയെ തള്ളിക്കളഞ്ഞ് ഭരണകക്ഷിയായ ടിവികെയും രംഗത്തെത്തി.
തോറൈപ്പാക്കത്തെ സ്വകാര്യ കോളേജിൽ നടന്ന 'ധനുഷ് നർപ്പണി ഇയക്കം' (മുമ്പ് ധനുഷ് നർപ്പണി മൻട്രം) വനിതാ ഭാരവാഹികളുടെ സംഗമത്തിൽ മൂവായിരത്തോളം വനിതാ പ്രതിനിധികളാണ് പങ്കെടുത്തത്. വേദിയിലെ പശ്ചാത്തല ബോർഡുകളിൽ ധനുഷ് രാഷ്ട്രീയ നേതാക്കളുടെ ശൈലിയിൽ പരമ്പരാഗത വസ്ത്രം ധരിച്ച് കൈകൂപ്പിയും കൈവീശിയും നിൽക്കുന്ന കൂറ്റൻ ചിത്രങ്ങളാണ് സ്ഥാപിച്ചിരുന്നത്. കൂടാതെ, സമ്മേളനത്തിനെത്തിയ വനിതകൾക്ക് താമര ചിഹ്നം ആലേഖനം ചെയ്ത വെള്ളി കാമാക്ഷി വിളക്കുകൾ ഉപഹാരമായി നൽകിയതാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ണിലുടക്കിയത്.
ധനുഷിന്റെ പുതിയ രാഷ്ട്രീയ ചുവടുവെപ്പ് ബിജെപിയും ആർഎസ്എസും ആസൂത്രണം ചെയ്ത 'ഓപ്പറേഷൻ ഡി' അല്ലെങ്കിൽ 'പ്ലാൻ സി' എന്ന രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് ടിഎൻസിസി അധ്യക്ഷൻ ബി. മാണിക്കം ടാഗോർ ആരോപിച്ചു. ഡൽഹിയിലെ ബിജെപി ഉന്നത നേതൃത്വത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കങ്ങൾ അരങ്ങേറുന്നത്.
രജനികാന്ത് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ മുൻനിർത്തി രാഷ്ട്രീയ പാർട്ടിയുണ്ടാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ അമിത് ഷായുടെ പ്രത്യയശാസ്ത്രത്തിലേക്ക് ചായ്വുള്ള മറ്റൊരു ജനപ്രിയ താരത്തെ പരോക്ഷമായി കളത്തിലിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ, വേദി വിട്ടിറങ്ങവെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ധനുഷ് നേരിട്ട് മറുപടി നൽകാതെ ദീപാവലി ആശംസകൾ നേർന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
ധനുഷിന്റെ രാഷ്ട്രീയ സാധ്യതകളെ ഭരണകക്ഷിയായ ടിവികെ നേതൃത്വം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഡൽഹിയിൽനിന്നുള്ള ബാഹ്യശക്തികളുടെ നിർദ്ദേശപ്രകാരം പുതിയ ആളുകളെ തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് കുടിയിരുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് പൊതുമരാമത്ത്-കായിക മന്ത്രിയും ടിവികെ ജനറൽ സെക്രട്ടറിയുമായ ആധവ് അർജുന വിമർശിച്ചു. മതനിരപേക്ഷതയിലും സാമൂഹിക നീതിയിലും ഉറച്ചുനിന്നാണ് വിജയുടെ രാഷ്ട്രീയ പ്രസ്ഥാനം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് യഥാർത്ഥ എതിരാളിയാകാൻ ധനുഷിന് ഒരിക്കലും കഴിയില്ലെന്ന് ധനമന്ത്രി എൻ. മേരി വിൽസൺ വ്യക്തമാക്കി. പതിറ്റാണ്ടുകൾ നീണ്ട ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വിജയ് നേടിയെടുത്ത രാഷ്ട്രീയ ജനസ്വാധീനം പുതിയ സിനിമ താരങ്ങളെ വെച്ച് പകരംവെക്കാൻ ശ്രമിച്ചാൽ ജനങ്ങൾക്ക് കടുത്ത നിരാശ മാത്രമായിരിക്കും ഫലമെന്നും വിൽസൺ ഓർമ്മിപ്പിച്ചു.
അതേസമയം, ജനാധിപത്യ രാജ്യത്ത് ആർക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ അവകാശമുണ്ടെന്ന് മുതിർന്ന ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ എസ്. രഘുപതി പ്രതികരിച്ചു. വിജയ്ക്ക് രാഷ്ട്രീയത്തിലിറങ്ങാമെങ്കിൽ എന്തുകൊണ്ട് ധനുഷിന് ആയിക്കൂടായെന്ന് അദ്ദേഹം ചോദിച്ചു. ടിവികെ നേതാക്കളുടെ അസഹിഷ്ണുത നിറഞ്ഞ പ്രതികരണങ്ങൾ ധനുഷിന്റെ വളർച്ചയിൽ അവർക്കുള്ള ആശങ്കയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ ധനുഷിനെ തങ്ങളുടെ പാർട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് എഐഎഡിഎംകെ മുതിർന്ന നേതാവ് കെ.ടി. രാജേന്ദ്ര ബാലാജി രംഗത്തെത്തി. ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ധനുഷ് തയ്യാറായാൽ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യും. യുവാക്കൾക്കിടയിലുള്ള ജനപ്രീതിയും സിനിമകളിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശബ്ദമായി മാറിയ പശ്ചാത്തലവും ധനുഷിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates