ശ്രീനഗർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി. പാർട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് ശ്രീനഗർ എംപി ആഗ സയീദ് റൂഹുള്ള മെഹ്ദി പാർട്ടി വിട്ടു. നാഷണൽ കോൺഫറൻസ് പാർട്ടി അംഗത്വവും ലോക്സഭ എംപി സ്ഥാനവും രാജിവെക്കുന്നതായി സയീദ് റൂഹുള്ള മെഹ്ദി വ്യക്തമാക്കി. പിതാവ് ആഗ സയ്യിദ് മെഹ്ദിയുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ച് ബുദ്ഗാമിൽ സംഘടിപ്പിച്ച റാലിയിലാണ് റൂഹുള്ള മെഹ്ദി രാജി പ്രഖ്യാപനം നടത്തിയത്.
നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെയും മുഖ്യമന്ത്രി ഉമർ അബ്ദുള്ളയ്ക്കുമെതിരെ ആഗ റൂഹുള്ള രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിൽ നിന്ന് ഫാറൂഖ് അബ്ദുള്ളയും മകനും പിന്മാറിയെന്ന് അദ്ദേഹം ആരോപിച്ചു. 'തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വാഗ്ദാനങ്ങളെല്ലാം വെറും നുണകളായിരുന്നു. ഈ നുണകളുടെ ഭാഗമായി ഇനി തുടരാൻ കഴിയില്ല' ആഗ റൂഹുള്ള പറഞ്ഞു.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക, തടവുകാരെ മോചിപ്പിക്കുക, സൗജന്യ വൈദ്യുതി നൽകുക തുടങ്ങിയ 2024 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നാഷണൽ കോൺഫറൻസ് പരാജയപ്പെട്ടുവെന്ന് ആഗ റൂഹുള്ള പറഞ്ഞു. ജമ്മുകശ്മീരിൽ വലിയ ജനപിന്തുണയുള്ള ഷിയാ വിഭാഗത്തിൽനിന്നുള്ള നേതാവായ ആഗ റൂഹുള്ള, നാഷണൽ കോൺഫറൻസുമായുള്ള 24 വർഷത്തെ ബന്ധമാണ് അവസാനിപ്പിച്ചത്. പുതിയ രാഷ്ട്രീയ പാർട്ടി ആഗ റൂഹുള്ള രൂപീകരിച്ചേക്കുമെന്നാണ് സൂചന. മന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലി 20-ഓളം എംഎൽഎമാർ ഇടഞ്ഞു നിൽക്കുന്നതിനിടെയാണ് നാഷണൽ കോൺഫറൻസിന് തിരിച്ചടിയായി ആഗ റൂഹുള്ള പാർട്ടി വിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates