ചെന്നൈ: മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് കെ എ സെങ്കോട്ടയ്യന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ( ടിവികെ ) അംഗ്വതമെടുത്തു. എംജിആര്‍ വിശ്വസ്തനായി അറിയിപ്പെടുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരനുമായ സെങ്കോട്ടയ്യന്‍ പനയൂരിലെ ടിവികെ ആസ്ഥാനത്ത് എത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഒന്‍പത് തവണ എംഎല്‍എയായ കെ എ സെങ്കോട്ടയ്യന്‍ ഇന്നലെയാണ് നിയമസഭാംഗത്വം രാജിവച്ചത്. സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേരുമെന്ന് ഇന്നലെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടിവികെ രൂപീകരിച്ച ശേഷം പാര്‍ട്ടിയിലേക്ക് എത്തുന്ന ആദ്യ പ്രമുഖ നേതാവാണ് സെങ്കോട്ടയ്യന്‍.
സെങ്കോട്ടയ്യനൊപ്പം എഐഎഡിഎംകെ മുന്‍ എംപി വി സത്യഭാമ ഉള്‍പ്പെടെ നിരവധി പേരും വിജയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. 77 കാരനായ സെങ്കോട്ടയ്യനെ വിജയ് ടിവികെയുടെ പതാകയുടെ രൂപത്തിലുള്ള ഷാള്‍ അണിയിച്ചു. സെങ്കോട്ടയ്യന്റെ സാന്നിധ്യം ഈറോഡ് ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെങ്കിലും ടിവികെയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്കെതിരെ പലപ്പോഴും പരസ്യമായ നിലപാട് എടുത്ത നേതാവായിരുന്നു സെങ്കോട്ടയ്യന്‍. എംജിആര്‍, ജയലളിത തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച് പരിചയമുള്ള സെങ്കോട്ടയ്യന്‍ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം, ടിടിവി ദിനകരന്‍, വികെ ശശികല എന്നിവരുള്‍പ്പെടെയുള്ളവരെ വീണ്ടും പാര്‍ട്ടിയില്‍ എത്തിക്കണം എന്ന നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണ്.
എന്നാല്‍, അച്ചടക്ക ലംഘനം ആരോപിച്ച് സെങ്കോട്ടയ്യനെ എഐഡിഎംകെ പുറത്താക്കിയിരുന്നു. തന്നെ പുറത്തിയ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യും എന്നായിരുന്നു നേരത്തെ സെങ്കോട്ടയ്യന്‍ നടത്തിയ പ്രതികരണം. ഇതിന് പിന്നാലെയാണ് അദ്ദേഹം ടിവികെയുടെ ഭാഗമായിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ ആദ്യ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുന്ന വിജയ്ക്കും ടിവികെയ്ക്കും സെങ്കോട്ടയ്യന്റെ സാന്നിധ്യം കരുത്ത് പകരുന്നതാണെന്നാണ് വിലയിരുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates