ന്യൂഡല്‍ഹി : മണ്ഡല പുനര്‍ നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന അധിക സീറ്റുകളുടെ കണക്കുകള്‍ പാര്‍ലമെന്റില്‍ നിരത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവില്‍ 129 ആണ്. അത് 195 ആയി ഉയരും. മൊത്തത്തിലുള്ള പ്രാതിനിധ്യം 23.76% ല്‍ നിന്ന് 23.87 ശതമാനമായി വര്‍ധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
കേരളത്തിൽ നിലവിലെ സീറ്റുകൾ 20 എണ്ണമാണ്. പ്രാതിനിധ്യം 3.68 ശതമാനമാണ്. മണ്ഡല പുനർനിർണയത്തിന് സംസ്ഥാനത്ത് 30 സീറ്റുകളായി ഉയരും. പ്രാതിനിധ്യം 3.67 ശതമാനം ആയിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും നിലവിൽ 39 എംപിമാരാണ് ഉള്ളത് . പ്രാതിനിധ്യം 7.18%. സീറ്റുകൾ വർധിപ്പിക്കുമ്പോൾ ഇത് 59 ആയി ഉയരും. തമിഴ്‌നാടിന്റെ പ്രാതിനിധ്യം 7.23 ശതമാനമായി ഉയരും.
കർണാടകയിൽ നിലവിൽ 28 ലോക്സഭാ സീറ്റുകളാണുള്ളത്. സഭയിലെ 5.15% എംപിമാർ കർണാടകയിൽ നിന്നുള്ളവരാണ്. ബിൽ പാസാകുന്നതോടെ കർണാടകയിലെ എംപിമാരുടെ എണ്ണം 28ൽ നിന്ന് 42 ആയി ഉയരും. പ്രാതിനിധ്യം 5.14 ശതമാനം ആയിരിക്കും. ആന്ധ്രയിൽ മണ്ഡല പുനർനിർണയത്തിനുശേഷം ലോക്സഭാ സീറ്റുകളുടെ എണ്ണം 25 ൽ നിന്ന് 38 ആയി വർധിക്കും. പ്രാതിനിധ്യം 4.60% ൽ നിന്ന് 4.65% ആയി ഉയരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
തെലങ്കാനയിൽ നിലവിൽ ലോക്സഭയിൽ 17 സീറ്റുകളാണുള്ളത്. പ്രാതിനിധ്യം 3.13 ശതമാനം.മണ്ഡല പുനർനിർണയത്തിനുശേഷം സീറ്റുകൾ 26 ആയി ഉയരും. പ്രാതിനിധ്യം 3.18 ശതമാനമാകും. മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടാകുമെന്ന് കണക്കുകൾ നിരത്തിയാണ് അമിത് ഷാ വിശദീകരിച്ചത്. ലോക്സഭയിൽ നിലവിൽ 543 അംഗങ്ങളുണ്ട്. സീറ്റുകളിൽ 50 ശതമാനം വർധനവുണ്ടാകും. 850 എന്നത് ഒരു ഏകദേശ കണക്കാണ്, കൃത്യമായ സംഖ്യ 816 ആയിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates