ഗുവാഹത്തി: വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഇരുപത് ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് അസം സര്‍ക്കാര്‍. ഈ തുക ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് ആദ്യഭാര്യയുടെ അക്കൗണ്ടിലേക്ക് ബാങ്ക്നേരിട്ട് നിക്ഷേപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിയമനടപടികള്‍ അവസാനിക്കുംവരെ ആദ്യഭാര്യയ്ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ നിയമപരമായി വിവാഹമോചനം നേടാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി അനൗപചാരിക വിവാഹത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍, അയാളുടെ ശമ്പളത്തിന്റെ 20 ശതമാനം വെട്ടിക്കുറയ്ക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ സര്‍ക്കാരിന് അപേക്ഷ നല്‍കിയാല്‍ ആ തുക നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യും,' മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞു. വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സത്രീക്കൊപ്പം താമസിക്കുകയോ, വിവാഹം കഴിക്കുകയോ ചെയ്‌തെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ബഹുഭാര്യത്വം തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. ഇതിനായി സിവില്‍ നിയമങ്ങളിലും സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളിലും ഇതിനകം തന്നെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സ്വകാര്യമേഖലയിലും സമാനമായ നീക്കം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates