ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ ഫണ്ട് തട്ടിപ്പ് വിവാദം ശക്തമാകുന്നതിനിടെ, ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും വെള്ളിയാഴ്ച തങ്ങളുടെ പദവികൾ രാജിവെച്ചു. ക്ഷേത്രത്തിലെ കാണിക്കപ്പണം കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഇരുവരുടെയും രാജി.
സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരം കേസിൽ ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുൻ ട്രസ്റ്റി കാമേശ്വർ ചൗപാലിന്റെ നിര്യാണത്തെ തുടർന്ന് 2025 സെപ്റ്റംബറിൽ ട്രസ്റ്റിൽ അംഗമായ കൃഷ്ണ മോഹൻ ആണ് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം തന്നെ കേസിൽ പ്രതികളായ എട്ട് പേരെയും ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്ന ടിന്നു എന്നിവരാണ് അറസ്റ്റിലായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. കള്ളത്തരം, ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ജീവനക്കാരുടെ പരിശോധനയിൽ വീഴ്ച; സ്വർണ്ണവും വെള്ളിയും കാണാതായതായും സംശയം
ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന പണവും മറ്റ് വഴിപാടുകളും കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കാണിക്കപ്പണം എണ്ണുന്നതിലും അത് ബാങ്കിൽ നിക്ഷേപിക്കുന്നതിലും ഗുരുതരമായ സുരക്ഷാവീഴ്ചകൾ ഉണ്ടായതായി എസ്ഐടിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരുടെ നിരീക്ഷണം കൃത്യമായി നടത്തിയില്ല, സിസിട.വി നിരീക്ഷണത്തിലെ പോരായ്മകൾ, പണം ട്രസ്റ്റ് ഓഫീസിലേക്ക് മാറ്റുന്നതിലെ സുതാര്യതക്കുറവ് എന്നിവയാണ് പ്രധാനമായും അന്വേഷണസംഘം കണ്ടെത്തിയത്. കൂടാതെ പണം എണ്ണാൻ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഭക്തർ സമർപ്പിച്ച സ്വർണ്ണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങൾ എന്നിവയുടെ സ്റ്റോക്ക് വിവരങ്ങളിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇവയുടെ രേഖകളും എസ്ഐടി വിശദമായി പരിശോധിച്ചുവരികയാണ്.
അതേസമയം, വെറും രാജി മാത്രം കൊണ്ട് ഈ പ്രശ്നം അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപ് കത്തയച്ച ബിജെപി നേതാവ് ഡോ. രജനീഷ് സിംഗ് പ്രതികരിച്ചു. രാജിവെച്ച വ്യക്തികളുടെ ആസ്തികളെക്കുറിച്ചും വിഷയത്തിലുള്ള പങ്കിനെക്കുറിച്ചും ഉയർന്ന കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ സിബിഐ അല്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്നും, ഏതാണ്ട് 7 മുതൽ 7.5 കോടി രൂപ വരെ കാണിക്കപ്പണത്തിൽ നിന്ന് തട്ടിയെടുക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടികളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്. താഴെത്തട്ടിലുള്ള ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്താൽ പോരെന്നും ഉന്നത നേതാക്കളുടെ പങ്കും പുറത്തുകൊണ്ടുവരണമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സനാതന മൂല്യങ്ങളെയും കോടിക്കണക്കിന് വരുന്ന ഭക്തരുടെ വിശ്വാസത്തെയും ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ഉത്തർപ്രദേശ് സർക്കാരിന് 'സീറോ ടോളറൻസ്' നയമാണുള്ളതെന്നും, കുറ്റക്കാർ ആരായാലും കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ ട്രസ്റ്റിന്റെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates