ന്യൂഡൽഹി: എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി സിബിസിഐ. ക്രിസ്ത്യാനികൾ വിഡ്ഢികൾ ആല്ലെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടെന്നും ആർക്ക് വേണ്ടി ആര് പ്രവർത്തിക്കുന്നു എന്ന് വോട്ടർമാർക്ക് അറിയാമെന്നും സിബിസിഐ വ്യക്തമാക്കി.
വിഷയത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്ര അഭ്യന്തര മന്ത്രിയെയും ഉടൻ കാണുമെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രഗസ് പറഞ്ഞു.
''ഞങ്ങളുടെ ആളുകൾ വിഡ്ഢികളൊന്നുമില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കുണ്ട്. ആർക്ക് വേണ്ടി ആര് പ്രവർത്തിക്കുന്നു എന്ന കാര്യവും അവർക്ക് മനസ്സിലായിട്ടുണ്ട്. അവരുടെ ധാരണയ്ക്ക് അനുസരിച്ചാകും വോട്ട് ചെയ്യുക' ഫാ. റോബിൻസൺ റോഡ്രഗസ് വ്യക്തമാക്കി.
ഞങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് പറയുകയില്ല. ഒരിക്കലും ഞങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണ നൽകിയിട്ടുമില്ല. തെരഞ്ഞെടുപ്പ് കാരണമാണ് നിയമ ഭേദഗതി ബില്ലിൽ ചർച്ച നടത്താത്തത് എങ്കിൽ ഭാവിയിലും ഇലക്ഷനുകൾ ഉണ്ടെന്ന് എല്ലാവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിവാദ എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് ചർച്ചയ്ക്ക് എടുക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. കേരളമുൾപ്പെടയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറിയിരുന്നു.
എന്നാൽ, ബിൽ മാറ്റിവെച്ചിരിക്കുകയല്ല ഉചിതമായ സമയത്ത് ബിൽ ലോക്സഭയിൽ ചർച്ച ചെയ്യുമെന്നാണ് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates