ചെന്നൈ: പോക്കറ്റടിയും ഫോണ്‍ മോഷണവും 'ദിവസ വേതന തൊഴിലാക്കിയ' അന്തർ സംസ്ഥാന സംഘം ചെന്നൈയില്‍ പിടിയില്‍. മാര്‍ച്ച് 28 ന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ മത്സരത്തിനിടെ നടന്ന വ്യാപക മോഷണം സംബന്ധിച്ച അന്വേഷണമാണ് നഗരത്തിലെ മോഷ്ടാക്കളുടെ സംഘത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പേരുള്‍പ്പെടെ പതിനൊന്ന് പേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. വെല്ലൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് പിടിയിലായ രാഹുല്‍ കുമാര്‍ (24), ജിതേര്‍ സാനി (30), പ്രവീണ്‍ കുമാര്‍ മാട്ടു (21) എന്നിവരില്‍ നിന്ന് 31 ഫോണുകളും കണ്ടെടുത്തു. മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് ഏപ്രില്‍ രണ്ടിന് അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പെടെയുള്ള എട്ട് പേരില്‍ നിന്നും 74 ഫോണുകളും പിടികൂടിയിരുന്നു. ഇവരില്‍ ആറ് പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരും രണ്ട് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്. ഒരേ ലോഡ്ജില്‍ നിന്നാണ് രണ്ട് സംഘത്തെയും പിടികൂടിയത്. പോക്കറ്റടി, ഫോണ്‍ മോഷണം എന്നിവ പതിവാക്കിയ അന്തര്‍സംസ്ഥന സംഘത്തിലുള്ളവര്‍ ദിവസ വേതന വ്യവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും പൊലീസ് പറയുന്നു.
പ്രതിദിനം 1000 രൂപയാണ് ഒരാള്‍ക്ക് ലഭിക്കുന്ന കൂലി. ആളുകളുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുക, പോക്കറ്റടി എന്നീ ലക്ഷ്യങ്ങളുമായി നഗരത്തിലെ തിരക്കേറിയ ഇടങ്ങളില്‍ സംഘം സജീവമാണെന്നും പൊലീസ് പറയുന്നു. സ്റ്റേഡിയം, മാര്‍ക്കറ്റുകള്‍, ബീച്ചുകള്‍, ബസ് സ്റ്റാഡുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കോയമ്പേട്, വടപളനി, അവടി, പുരസവാക്കം തുടങ്ങി ചെന്നൈയുടെ തിരക്കേറിയ മേഖലകളിലും ബംഗളൂരു തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലും സംഘം സജീവമാണ്.
സംഘത്തിലെ അംഗങ്ങളില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണ്. പിടിയിലായവരില്‍ പലരും ബന്ധുക്കളാണ് എന്നും പൊലീസ് പറയുന്നു. മോഷ്ടിക്കപ്പെടുന്ന ഫോണുകള്‍ ഉള്‍പ്പെടെ ഇവര്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിേക്ക് കടത്തുകയും ബംഗ്ലാദേശില്‍ ഉള്‍പ്പെടെ വില്‍പന നടത്തുന്നതുമാണ് പതിവ് എന്നും പോലീസ് പറയുന്നു. മാര്‍ച്ച് 28 ലെ ഐപിഎല്‍ മത്സരത്തിന് ശേഷം ഇരുപതോളം പരാതികളായിരുന്നു മോഷണവുമായി ബന്ധപ്പെട്ട് ചെന്നൈ പൊലീസിന് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates