ചെന്നൈ: പഹല്‍ഹാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും പിന്നിട് ഉണ്ടായ സംഭവ വികാസങ്ങളും ഒരു ചരതുരംഗ കളിപോലെ ആയിരുന്നു എന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. പരമ്പരാഗതമായ സൈനിക നീക്കങ്ങള്‍ക്ക് അപ്പുറത്ത് സങ്കീര്‍ണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും കരസേനാ മേധാവി പറഞ്ഞു. മദ്രാസ് ഐഐടിയില്‍ നടന്ന ചടങ്ങിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.
ഇരുപക്ഷവും കണക്കൂകൂട്ടി നീക്കങ്ങള്‍ നടത്തുന്ന ഒരു ചതുരംഗ കളിപോലൊയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ശത്രുവിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. നമ്മുടെ അടുത്ത നീക്കം എന്താകണമെന്നും അറിയില്ലായിരുന്നു. എന്നാല്‍ ഒന്നിലധികം നീങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു അന്ന് ഇന്ത്യന്‍ സൈന്യം പ്രവര്‍ത്തിച്ചത്. ഒരു ചെസ് കളിയിലെന്ന പോലെ. അതായിരുന്നു ഓപറേഷന്‍ സിന്ദൂറിനെ അതുല്യമാക്കിയത്.
നമ്മുടെ പക്കല്‍ ഉള്ളതെല്ലാം ഉപയോഗിക്കുക, എല്ലാം വിന്യസിക്കുക, തിരിച്ച് വരാന്‍ കഴിയുമെങ്കില്‍ വരിക, അല്ലെങ്കില്‍ അവിടെ തുടരുക എന്നാണ് പരമ്പരാഗത യുദ്ധ തന്ത്രം. എന്നാല്‍ ഒരു ഗ്രേ സോണ്‍ ആയിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ചതുരംഗ കളിയിലെ നീക്കങ്ങളെ പോലെ ഒരിടത്ത് വച്ച് ശത്രുവിന് ചെക്ക് മേറ്റ് നല്‍കാന്‍ കഴിഞ്ഞു. നമ്മുക്ക് നഷ്ടമുണ്ടാകും എന്ന സാഹചര്യത്തില്‍, ഞങ്ങള്‍ കൊല്ലാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു, അതാണ് ജീവിതം. എന്നും കരസേന മേധാവി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളും ഒരു വലിയ വിമാനവും വെടിവച്ചിട്ടെന്നായിരുന്നു എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ്ങ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബംഗളൂരുവില്‍ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പങ്കുവയ്ക്കുന്നതായിരുന്നു വ്യോമ സേന മേധാവിയുടെ പ്രതികരണം.
എന്നാല്‍, ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ അവകാശവാദങ്ങള്‍ തള്ളി പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രംഗത്തെത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദുറിന് പിന്നാലെ ഉയര്‍ന്ന സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടില്ലെന്ന് പാക് പ്രതിരോധമന്ത്രി അവകാശപ്പെട്ടു. യുദ്ധങ്ങള്‍ ജയിക്കുന്നത് കെട്ടുകഥകളിലൂടെയല്ല, പ്രൊഫഷണല്‍ കഴിവിലൂടെയാണ്. 'പാകിസ്ഥാന്റെ ഒരു വിമാനം പോലും വീഴ്ത്തുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates