നോറയും ജാക്വിലിനും / ട്വിറ്റർ ചിത്രം 
India

ലീന മരിയ പോളിന്റെ ഭര്‍ത്താവ് നടി നോറയ്ക്ക് സമ്മാനിച്ചത് ഐ ഫോണും ബിഎംഡബ്ലിയു സെഡാന്‍ കാറും, രത്‌നക്കല്ലുകളുള്ള കമ്മലുകളും 9 ലക്ഷം വിലയുള്ള പേഴ്‌സ്യന്‍ പൂച്ചയും ജാക്വിലിന്, 1.5 ലക്ഷം ഡോളറിന്റെ വായ്പയും; ഇഡി കുറ്റപത്രം

സുകേഷ് 1.5 ലക്ഷം ഡോളര്‍ വായ്പ നല്‍കിയതായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോളിവുഡ് നടികളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും നോറ ഫത്തേഹിക്കും കോടികളുടെ സമ്മാനം ലഭിച്ചതായി ഇഡിയുടെ വെളിപ്പെടുത്തല്‍. തട്ടിപ്പുകേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറാണ് ഇവര്‍ക്ക് ഐഫോണ്‍ മുതല്‍ ബിഎംഡബ്ലിയു കാര്‍ വരെ കോടികള്‍ വിലമതിക്കുന്ന ഉപഹാരം സമ്മാനിച്ചത്. ചോദ്യം ചെയ്യലില്‍ ഇവര്‍ ഇക്കാര്യം സമ്മതിച്ചതായും ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കി. 


സ്‌നേഹസമ്മാനമായി ഗുച്ചി ബാഗും ഐഫോണും

സുകേഷിന്റെ ഭാര്യയും നടിയുമായ ലീന മരിയ പോളിനും ഇടപാടില്‍ നിര്‍ണായക പങ്കുണ്ട്. ചോദ്യം ചെയ്യലില്‍ സുകേഷില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച സമ്മാനങ്ങളുടെ വിവരങ്ങള്‍ നടിമാര്‍ ഇഡിക്ക് മുന്നില്‍ വെളിപ്പെടുത്തി. തനിക്ക് ബിഎംഡബ്ലിയു സെഡാന്‍ കാറാണ് സുകേഷ് സമ്മാനിച്ചതെന്ന് നോറ ഫത്തേഹി പറഞ്ഞു. കൂടാതെ സുകേഷിന്റെ ഭാര്യ ലീനമരിയ പോള്‍ സ്‌നേഹസമ്മാനമായി ഗുച്ചി ബാഗും ഐഫോണും നല്‍കി. 

സുകേഷ് 1.5 ലക്ഷം ഡോളര്‍ വായ്പ നല്‍കിയതായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 52 ലക്ഷം വിലയുള്ള കുതിര, 9 ലക്ഷം വിലയുള്ള പേഴ്‌സ്യന്‍ പൂച്ച, നിരവധി രത്‌നക്കല്ലുകള്‍ പതിച്ച കമ്മലുകള്‍, ഹെര്‍മസ് ബ്രേസ്‌ലെറ്റ് എന്നിവ സമ്മാനമായി കിട്ടിയതായി ജാക്വിലിന്‍ പറഞ്ഞു. മിനി കൂപ്പര്‍ കാര്‍ സമ്മാനിച്ചെങ്കിലും നടി പിന്നീട് അത് തിരികെ നല്‍കിയിരുന്നു. 

അമിത് ഷായുടെ പേരില്‍ വിളിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസില്‍ നിന്ന് എന്ന വ്യാജേന വിളിച്ചാണ് സുകേഷ് ചന്ദ്രശേഖര്‍ നടി ജാക്വിലിനുമായി സൗഹൃദം സ്ഥാപിക്കുന്നത്. ചെന്നൈയില്‍ ഒരു ചാരിറ്റി പരിപാടിക്കിടെ ഭാര്യ ലീനമരിയ പോള്‍ വഴിയാണ് നടി നോറ ഫത്തേഹിയുമായി സുകേഷ് ബന്ധം സ്ഥാപിച്ചതെന്നും ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ ഇഡി രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.

കടുത്ത ആരാധകനെന്ന് സുകേഷ്

നടിയുടെ കടുത്ത ആരാധകനാണ് താനെന്നും, തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കണമെന്നും സുകേഷ് ജാക്വിലിനോട് ആവശ്യപ്പെട്ടു. സണ്‍ടിവിയുടെ നിരവധി പ്രോജക്ടുകളെക്കുറിച്ചും പറഞ്ഞു. ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് ഏഴിന് അറസ്റ്റിലാകുന്നതുവരെ, സുകേഷ് ജാക്വിലിനുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. 

സുകേഷ് ചന്ദ്രശേഖര്‍, ഭാര്യ ലീന മരിയ പോള്‍ മറ്റ് ആറുപേര്‍ എന്നിവര്‍ക്കെതിരെ ഇഡി ഈ മാസം ആദ്യമാണ് ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ സുകേഷും ലീനയും വഞ്ചിച്ചെന്നാണ് ആരോപണം. സുകേഷ് തന്റെ കയ്യില്‍നിന്ന് 200 കോടി രൂപ തട്ടിച്ചെന്നു കാണിച്ച് അദിതി സിങ് നല്‍കിയ പരാതിയിലാണ്, ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക വിഭാഗം സുകേഷിനെയും ഭാര്യ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ നിയമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി വേഷമിട്ട ഒരാള്‍, ജയിലിലായിരുന്ന തന്റെ ഭര്‍ത്താവിനു ജാമ്യം ഉറപ്പാക്കാമെന്നു വാഗ്ദാനം ചെയ്തു പണം ചോദിച്ചെന്ന് അദിതി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2019ല്‍ റെലിഗെയര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡിലെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണു ശിവിന്ദര്‍ അറസ്റ്റിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി