ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ കോടതിയുടെ ഉത്തരവുകളെ വിമര്‍ശിച്ച മേനക ഗാന്ധിയുടെ പ്രസ്താവനയില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രസ്താവനകള്‍ കോടതി അലക്ഷ്യമാണ്. എന്നാല്‍ കോടതിയുടെ മഹാമനസ്‌കത മൂലം കേസെടുക്കുന്നില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മുന്‍മന്ത്രി മുന്‍പിന്‍ ചിന്തിക്കാതെ എല്ലാത്തരം പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിങ്ങളുടെ കക്ഷിയുടെ പോഡ്കാസ്റ്റ് കേട്ടിട്ടുണ്ടോ?. എന്ത് തരത്തിലുള്ള പരാമര്‍ശങ്ങളാണ് നടത്തിയതെന്ന് അവരോട് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ? . ചിന്തിക്കുക പോലും ചെയ്യാതെയാണ് പരാമര്‍ശങ്ങള്‍ നടത്തുന്നത്. അവരുടെ ശരീരഭാഷ കണ്ടിട്ടുണ്ടോ?. മേനകയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജു രാമചന്ദ്രനോട് സുപ്രീം കോടതി ചോദിച്ചു.
മൃഗസംരക്ഷണ പ്രവര്‍ത്തകമായ മേനക ഗാന്ധി നേരത്തെ കേന്ദ്രമന്ത്രിയായിരുന്നു. എന്നാല്‍ തെരുവുനായ വിഷയത്തില്‍ പരിഹാരങ്ങള്‍ക്കായിട്ടുള്ള പദ്ധതികള്‍ക്കായി ബജറ്റ് വിഹിതം അനുവദിക്കുന്നതില്‍ മേനക ഗാന്ധി എന്തു സംഭാവനയാണ് നല്‍കിയതെന്ന് കോടതി ചോദിച്ചു. തെരുവ് നായ ആക്രമണങ്ങള്‍ക്ക് നായ തീറ്റ നല്‍കുന്നവരെ ഉത്തരവാദികളാക്കണമെന്ന് പറഞ്ഞത് ഗൗരവത്തോടെയാണെന്നും, പരിഹാസരൂപത്തിലുള്ളതല്ലെന്നും കോടതി വ്യക്തമാക്കി.
ഭീകരന്‍ അജ്മല്‍ കസബിനു വേണ്ടി പോലും താന്‍ ഹാജരായിട്ടുണ്ടെന്നും, ബജറ്റ് വിഹിതം നയപരമായ കാര്യമാണെന്നും അഭിഭാഷകനായ രാജു രാമചന്ദ്രന്‍ മറുപടി നല്‍കി. അപ്പോള്‍ അജ്മല്‍ കസബ് കോടതിയലക്ഷ്യം ചെയ്തിട്ടില്ല, മറിച്ച് നിങ്ങളുടെ കക്ഷി കോടതിയലക്ഷ്യമാണ് ചെയ്തത് എന്നാണ് ജസ്റ്റിസ് വിക്രം നാഥ് അഭിപ്രായപ്പെട്ടത്. നടപടി സ്വീകരിക്കാത്തത് കോടതിയുടെ വിശാല മനസ്കതയായി മാത്രം കണ്ടാൽ മതിയെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates