ചെന്നൈ: കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങള്‍ക്കായി സിപിഎം സ്വന്തം താല്‍പ്പര്യങ്ങള്‍ ത്യജിക്കുന്നതിനെതിരെ പാര്‍ട്ടി കോണ്‍ഗ്രസില്‍ മുന്നറിയിപ്പ്. ഇന്ത്യ സഖ്യത്തോടുള്ള സിപിഎമ്മിന്റെ ഇനിയുള്ള സമീപനങ്ങളില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചനയാണ് മധുരയില്‍ 24-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്ന് വരുന്നത്.
പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടില്‍ പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് അടിവരയിട്ട് പറഞ്ഞത്. ഇന്ത്യാ ബ്ലോക്കിനെ സജീവമായി നിലനിര്‍ത്തുന്നതിലും അതിന്റെ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസിനും ഒരു പങ്കു വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ സിപിഎമ്മിന്റെ സ്വതന്ത്ര സ്വാധീനം തകര്‍ക്കരുത്. ചില അവസരങ്ങളില്‍, മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും പ്രതിപക്ഷത്തെ മറ്റുള്ളവരെ പിന്തുണച്ച് തങ്ങള്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട് നമ്മുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.
അതിനാല്‍, സ്വന്തം താല്‍പ്പര്യങ്ങള്‍ ത്യജിച്ചുകൊണ്ട് സിപിഎമ്മിന് ഇന്ത്യാ സഖ്യത്തിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കേരളത്തില്‍ പാര്‍ട്ടിയുടെ ശക്തി നിലനിര്‍ത്തേണ്ടതിന്റെയും ഇടതു സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ തുടരേണ്ടതിന്റെയും ആവശ്യകത പ്രകാശ് കാരാട്ട് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം നടന്ന നേതാക്കളുടെ യോഗത്തില്‍ സിപിഎമ്മില്‍ സ്വതന്ത്രമായ ശക്തി നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രകാശ് കാരാട്ട കാരാട്ട് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് പിന്മാറണമെന്ന നിര്‍ദേശങ്ങളൊന്നും തന്നെ വന്നിട്ടില്ല. ഇന്ത്യ സഖ്യത്തിന്റെ ദുരവസ്ഥയില്‍ ഭാഗീക ഉത്തരവാദിത്തം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.
ഹിന്ദുത്വ ശക്തികള്‍ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍, കേരളത്തെ സംരക്ഷിക്കാനുള്ള ഒരു പ്രമേയം അവതരിപ്പിക്കാനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷമായ യുഡിഎഫിനെതിരേയും പ്രമേയത്തില്‍ വിമര്‍ശനം ഉയര്‍ന്നതായാണ് വിവരം. കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. രാഷ്ട്രീയ അവലോകന ചര്‍ച്ചകളില്‍ സംസ്ഥാന ഘടകത്തെ പ്രതിനിധീകരിക്കുന്ന കെ കെ രാഗേഷ്, എം ബി രാജേഷ്, കെ അനില്‍ കുമാര്‍, ടി എന്‍ സീമ, ജെയ്ക്ക് സി തോമസ് എന്നിവര്‍ പങ്കെടുക്കുമെന്നും പി കെ ബിജു, ആര്‍ ബിന്ദു, മുഹമ്മദ് റിയാസ് എന്നിവരുള്‍പ്പെടെ എട്ട് നേതാക്കള്‍ വെള്ളിയാഴ്ച നടക്കുന്ന സംഘടനാ അവലോകന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയിലും പങ്കെടുത്തേക്കും.
പാര്‍ട്ടിയില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'പാര്‍ട്ടി ഘടനയില്‍ പുരുഷ മേധാവിത്വത്തിനുള്ള പ്രവണത പ്രകടമാണ്. ഏകദേശം 25 ശതമാനം സ്ത്രീകളെ അംഗങ്ങളായി പാര്‍ട്ടിയിലേക്ക് കൊണ്ടുവരണം. അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ഇത് സംഭവിക്കുന്നില്ല,'' ഒരു പ്രതിനിധി ചൂണ്ടിക്കാട്ടി.
ഉന്നതതലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ താഴെത്തട്ടില്‍ നടപ്പിലാക്കുന്നില്ല. താഴെത്തട്ടില്‍ ശുപാര്‍ശ ചെയ്യുന്ന തിരുത്തല്‍ പ്രക്രിയ നടപ്പിലാക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. അടുത്ത ജനറല്‍ സെക്രട്ടറി ആരായിരിക്കുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും, പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി പ്രധാന മത്സരാര്‍ത്ഥിയായി തുടരുന്നുണ്ടെങ്കിലും, ഹിന്ദി ബെല്‍റ്റില്‍ നിന്നുള്ള നേതാക്കള്‍ക്ക് അദ്ദേഹത്തോട് താല്‍പ്പര്യമില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
''പാര്‍ട്ടി ഇതിനകം കേരളത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതിനാല്‍, ഒരു കേരള നേതാവിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് ഹിന്ദി ബെല്‍റ്റില്‍ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സഹായിക്കൂ എന്ന് ചില ഉത്തരേന്ത്യന്‍ നേതാക്കള്‍ കരുതുന്നു. അതിനാല്‍ അവര്‍ക്ക് മറ്റൊരു പേര് നിര്‍ദ്ദേശിക്കാന്‍ കഴിയും - മിക്കവാറും അശോക് ധാവ്ലെയുടെ പേര്,'' ഒരു മുതിര്‍ന്ന അംഗം ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates