പ്രതീകാത്മക ചിത്രം AI Generated
India

NEET 'നീറ്റാ'ക്കാന്‍ കേന്ദ്രസേന; പേപ്പര്‍ ചോര്‍ച്ച തടയാന്‍ വ്യോമസേന വിമാനങ്ങളും അര്‍ധസൈനിക വ്യൂഹവും

ചോദ്യപേപ്പറുകള്‍ എത്തിക്കാനും പരീക്ഷ കഴിഞ്ഞ് ഒഎംആര്‍ ഷീറ്റുകള്‍ തിരിച്ചുകൊണ്ടുപോകാനും ഉള്‍പ്പെടെ എല്ലാ ഘട്ടങ്ങളിലും കേന്ദ്ര സേനയുടെ സാന്നിധ്യം ഉറപ്പാക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് വീണ്ടും നടത്താനിരിക്കുന്ന നീറ്റ്-യുജി പരീക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ചോദ്യപേപ്പറുകളും പരീക്ഷയ്ക്ക് ശേഷമുള്ള ഒഎംആര്‍ ഉത്തരക്കടലാസുകളും സുരക്ഷിതമായി എത്തിക്കാന്‍ സിആര്‍പിഎഫ്, സിഐഎസ്എഫ് സേനകളെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. മേയ് 3ന് നടന്ന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ മാസം 21നാണ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂണ്‍ 7ലെ ഉത്തരവ് പ്രകാരം, അഹമ്മദാബാദിലെയും ഹൈദരാബാദിലെയും പ്രധാന ഹബ്ബുകളില്‍ നിന്ന് ചോദ്യപേപ്പറുകള്‍ പുറപ്പെടുന്ന നിമിഷം മുതല്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നതുവരെ രണ്ട് തലങ്ങളിലുള്ള സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങള്‍, ഹെലിപാഡുകള്‍, ഗതാഗത ശൃംഖലയിലെ നിര്‍ണായക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൊക്കെയും കേന്ദ്ര സായുധസേനാ ഉദ്യോഗസ്ഥര്‍ സുരക്ഷാ ചുമതല വഹിക്കും.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത്. ചോദ്യപേപ്പറുകള്‍ നിശ്ചിത ബാങ്ക് ശാഖകളിലെത്തിക്കുന്നതും പിന്നീട് പരീക്ഷ കഴിഞ്ഞ് ഒഎംആര്‍ ഷീറ്റുകള്‍ തിരിച്ചുകൊണ്ടുപോകുന്നതും ഉള്‍പ്പെടെയുള്ള എല്ലാ ഘട്ടങ്ങളിലും കേന്ദ്ര സേനയുടെ സാന്നിധ്യം ഉറപ്പാക്കും. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമസേനയെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്.

വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ എത്തിക്കുക. ഈ യാത്രകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകും. ആദ്യഘട്ട വിതരണത്തിനായി ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, ഗുവാഹത്തി ഉള്‍പ്പെടെ 15 പ്രധാന നഗരങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 85 നഗരങ്ങളിലേക്കും ചോദ്യപ്പേപ്പര്‍ എത്തിക്കും. കൂടാതെ 34 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഹെലികോപ്റ്റര്‍ വഴി ചോദ്യപേപ്പറുകള്‍ എത്തിക്കും.

വ്യോമസേനയുടെ നിര്‍ദേശപ്രകാരം ഡ്യൂട്ടിയിലുള്ള സായുധ സേന ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് സര്‍വീസ് ആയുധങ്ങള്‍ ഹാജരാക്കണം. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം നടപടിക്രമങ്ങള്‍ പാലിച്ച് അവ തിരികെ കൈമാറും. വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനായി സിആര്‍പിഎഫ്, സിഐഎസ്എഫ് ആസ്ഥാനങ്ങളില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വലിയ നീക്കമായാണ് പുതിയ സംവിധാനം വിലയിരുത്തപ്പെടുന്നത്.

After paper leak row, CRPF & CISF to guard NEET-UG papers in 2-tier security from hubs to exam centres

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

മാർക്കോസ് സെനസി അർജന്റീന ടീമിൽ; പരിക്കേറ്റ് ബലേർഡി ലോകകപ്പിൽ നിന്ന് പുറത്ത്

കാട്ടുപന്നിയും ആനയും പേടിച്ച് ഓടും; വന്യമൃഗശല്യം തടയാൻ വനംവകുപ്പിന്റെ 'മഞ്ഞൾ വിപ്ലവം'

'തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം'; വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ? ചൂടുപിടിച്ച് ചര്‍ച്ച

ആഴ്ചയിൽ ഉറക്കം നഷ്ടപ്പെട്ടാൽ വീക്കെൻഡിൽ എത്ര മണിക്കൂർ അധികം ഉറങ്ങണം?

SCROLL FOR NEXT