ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസില്‍ പ്രതികളെന്നു സംശയിക്കുന്നവരുമായുള്ള ബന്ധത്തില്‍ ആരോപണം നേരിടുന്നതിനിടെ അല്‍-ഫലാഹ് സര്‍വകലാശാലയ്ക്കെതിരെ കേസ്. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന കുറ്റങ്ങള്‍ പ്രകാരമാണ് ഡല്‍ഹി പൊലീസിന്റെ നടപടി. സര്‍വകലാശാലയ്ക്ക് എതിരെ രണ്ട് കേസുകള്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഡല്‍ഹിയിലെ ഓഖ്‌ലയില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഫലാഹ് സര്‍വകലാശാല ഓഫീസില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. സര്‍വകലാശാലയ്ക്ക് നോട്ടീസ് നല്‍കുകയും ചില രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി), നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (എന്‍എഎസി) എന്നിവ നേരത്തെ സര്‍വകലാശാലയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. സര്‍വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിന്ന് യുജിസിയും എന്‍എഎസി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് മേല്‍ വിവിധ ഏജന്‍സികളുടെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ സര്‍വകലാശാലയുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐയു നടപടി. ഔദ്യോഗിക വെബ്‌സൈറ്റ് ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും എഐയുവിന്റെ ലോഗോ ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ സര്‍വകലാശാലയോട് നിര്‍ദ്ദേശിക്കുകുയും ചെയ്തിരുന്നു.
അതേസമയം, തന്നെ അക്രഡിറ്റേഷന്‍ വ്യാജമായി അവകാശപ്പെട്ടെന്ന കണ്ടെത്തലില്‍ നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.
'സര്‍വകലാശാലയ്ക്ക് നാക് അംഗീകാരം ലഭിക്കുകയോ അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി (നാക് 'എ' ഗ്രേഡ്), അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (നാക് 'എ' ഗ്രേഡ്) അംഗീകാരമുണ്ടെന്ന് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്,' എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതിനിടെ, അല്‍ ഫലാഹ് സര്‍വകലാശാലയുടെ സാമ്പത്തിക സ്രോതസ്സുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates