ന്യൂഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കാർ ഓടിച്ചിരുന്ന ആളുടേതെന്നു സംശയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ് ഐ20യാണ്. എച്ആര്‍ 26 സിഇ 7674 എന്ന നമ്പറിലുള്ള വെളുത്ത ഐ20 കാറാണ് ദൃശ്യങ്ങളിലുള്ളത്. കാർ ഡൽഹിയിൽ പലയിടങ്ങളിലായി ചുറ്റിക്കറങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച 6.52 ഓടെയാണ് സ്ഫോടനമുണ്ടായത്. ഇതിനു തൊട്ടു മുൻപുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ചെങ്കോട്ടയ്ക്ക് സമീപമുള്ള സുനഹ്റി മസ്ജിദിനു സമീപം കാർ ഏതാണ്ട് മൂന്ന് മണിക്കൂറിനു മുകളിൽ സമയം നിർത്തിയിട്ടിരുന്നു. കാർ വൈകീട്ട് 3.19നു ഇവിടേയ്ക്ക് പ്രവേശിക്കുന്നതും 6.48നു പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്.
തുടക്കത്തിൽ ഡ്രൈവറുടെ മുഖം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ കാർ മുന്നോട്ടു പോകുമ്പോൾ മുഖം മറച്ച ഒരാളാണ് ഡ്രൈവിങ് സീറ്റിലിരിക്കുന്നതെന്നു ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ബദൽപുർ അതിർത്തിയിൽ നിന്നാണ് കാർ അവസാനമായി നഗരത്തിലേക്ക് പ്രവേശിച്ചത്. അതിന്റെ ശേഷിക്കുന്ന യാത്രാ പാത അന്വേഷണത്തിലാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നു സൂചനകളുണ്ട്. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് വിവരം.
ട്രാഫിക്ക് സിഗ്നലിൽ കാർ പെട്ടതോടെ മാർക്കറ്റിനു സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടെന്നാണ് പൊലീസ് നിഗമനം. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. നൂറോളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates