ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം കാര്‍ സ്‌ഫോടനം നടത്തിയ ഭീകര സംഘം നാല് വര്‍ഷമായി സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അറസ്റ്റിലായ ഡോക്ടര്‍മാരുടെ സംഘം, ജൂത മതവിശ്വാസിയുടെ ഉടമസ്ഥതയിലുള്ള ആഗോള കോഫി ശൃംഖലയുടെ ഔട്ട്‌ലെറ്റുകളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2025 നവംബര്‍ 10 ന് നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷത്തിലാണ് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.
'വൈറ്റ് കോളര്‍' ഭീകര സംഘമെന്നാണ് അന്വേഷണ സംഘം സ്‌ഫോടനം ആസൂത്രണം ചെയ്ത സംഘത്തെ വിശേഷിപ്പിക്കുന്നത്. ഗാസയിലെ ഇസ്രായേല്‍ സൈനിക നടപടിക്കുള്ള മറുപടി എന്ന നിലയിലാണ് കോഫി ഷോപ്പുകളെ ലക്ഷ്യംവെക്കാനുള്ള കാരണം. എന്നാല്‍, സംഘത്തില്‍ അഭിപ്രായ ഭിന്നതയുണ്ടായി. കശ്മീരില്‍ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ആയിരുന്നു സംഘത്തിലെ മറു വിഭാഗത്തിന്റെ താത്പര്യം.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. എന്നാല്‍, ജമ്മു കശ്മീര്‍ പൊലീസ് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ഭീകരര്‍ ലക്ഷ്യമിട്ട തുടര്‍ പദ്ധതികള്‍ തടയാന്‍ കഴിഞ്ഞു. ശാസ്ത്രീയമായ തെളിവുകളുടെയും പ്രതികളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭീകര ശൃംഖലയുടെ കൂടുതല്‍ കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ പ്രതികളുടെ കൃത്യമായ പങ്ക് വ്യക്തമാക്കുന്ന വിശദമായ കുറ്റപത്രം അന്വേഷണ സംഘം ഉടന്‍ സമര്‍പ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates