ന്യൂഡല്ഹി: കേന്ദ്രസര്ക്കാരിന്റെ കാര്ഷിക നിയമങ്ങള്ക്കെതിരെ കര്ഷകര് നടത്തുന്ന ട്രാക്ടര് റാലിയില് പ്രശ്നങ്ങളുണ്ടാക്കാന് പാകിസ്ഥാന് ശ്രമമെന്ന് ഡല്ഹി പൊലീസ്. പ്രശ്നങ്ങളുണ്ടാക്കാന് ശ്രമിക്കുന്ന 308 പാകിസ്ഥാന് ട്വിറ്റര് അക്കൗണ്ടുകള് തിരിച്ചറിഞ്ഞതായി ഡല്ഹി പൊലീസ് അവകാശപ്പെട്ടു. റിപ്പബ്ലിക് ദിനത്തില് നടത്തുന്ന ട്രാക്ടര് റാലിയില് കുഴപ്പങ്ങള് സൃഷ്ടിക്കാന് ഉദ്ദേശിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ഈ ട്വിറ്റര് അക്കൗണ്ടുകളിലൂടെ നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.
'പാകിസ്ഥാനില് നിന്നുള്ള 308 ട്വിറ്റര് അക്കൗണ്ടുകള് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള് പ്രചരിപ്പിക്കുന്നുണ്ട്. ട്രാക്ടര് റാലിയില് അസ്വസ്ഥതകള് സൃഷ്ടിക്കാനും പ്രശ്നമുണ്ടാക്കാനുമുള്ള ശ്രമങ്ങള് ഈ അക്കൗണ്ടുകള് ഉപയോഗിച്ച് നടക്കുന്നതായുള്ള വിവരങ്ങള് രഹസ്യാന്വേഷണ ഏജന്സികളില്നിന്നും മറ്റ് ഏജന്സികളില്നിന്നുമായി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്', ഡല്ഹി പൊലീസ് ഇന്റലിജന്സ് വിഭാഗം കമ്മീഷണര് ദേപേന്ദ്ര പതക് പറഞ്ഞു. ജനുവരി 13നും 18നും ഇടയില് പാകിസ്ഥാനില് നിര്മിച്ച അക്കൗണ്ടുകളാണ് ഇവയെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കര്ഷകര്ക്ക് ഡല്ഹിയില് ട്രാക്ടര് റാലി നടത്താന് പൊലീസ് അനുമതി നല്കിയിട്ടുണ്ട്. നഗരത്തില് ഏതാനും കിലോമീറ്ററുകള് മാത്രം പ്രവേശിക്കാനാണ് അനുമതി. റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടാക്കരുത്. രാജ്പഥില് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര് റാലി നടത്താന് പാടുള്ളൂ തുടങ്ങിയ നിബന്ധനകളടങ്ങിയ നിര്ദേശങ്ങള് ഡല്ഹി പൊലീസ് കര്ഷക സംഘടന പ്രതിനിധികള്ക്ക് കൈമാറി.
റാലിയില് എത്ര ട്രാക്ടറുകള് അണിനിരക്കും എന്ന കാര്യത്തില് തീരുമാനമായിട്ടില്ല. ശക്തമായ പൊലീസ് സന്നാഹമാണ് ട്രാക്ടര് റാലിയോടനുബന്ധിച്ച് ഒരുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന് സുരക്ഷയൊരുക്കുന്ന പൊലീസുകാര് തന്നെ ട്രാക്ടര് റാലിക്കും സുരക്ഷ ഒരുക്കേണ്ടതുണ്ട്. അതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില് രണ്ട് പരിപാടികള്ക്കും തയ്യാറാകണമെന്ന് പൊലീസിന് നിര്ദേശം നല്കിയിട്ടുണ്ട്.
ട്രാക്ടര് റാലിയുടെ റൂട്ട് മാപ്പ് സമരക്കാര് ഡല്ഹി പൊലീസിന് സമര്പ്പിച്ചിരുന്നു. പൊലീസും സമരക്കാരുടെ പ്രതിനിധികളും തമ്മില് ചര്ച്ച നടത്തുകയും ചെയ്തിരുന്നു. റാലി സമാധാനപരമായിരിക്കുമെന്ന് കര്ഷകര് പൊലീസിന് ഉറപ്പു നല്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates