ന്യൂഡൽഹി: ഡൽഹിയിലെ വോട്ടർ പട്ടിക പുതുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളിൽ മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർക്ക് കമ്മീഷന്റെ നോട്ടീസ്. 2002-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയുള്ള വിവരങ്ങളുമായി ഇവരുടെ നിലവിലെ വിവരങ്ങൾ ഒത്തുപോകാത്തതിനെത്തുടർന്നാണ് (Unmapped) ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നോട്ടീസ് അയച്ചിരിക്കുന്നത്.
ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ വോട്ടറായ 98-കാരനായ എൽ.കെ. അദ്വാനിക്ക് പുറമെ അദ്ദേഹത്തിന്റെ മകൾ പ്രതിഭ, മരുമകൾ ഗീതിക എന്നിവർക്കും കമ്മീഷന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതേ വിലാസത്തിൽ തന്നെയുള്ള അദ്വാനിയുടെ മകൻ ജയന്ത് പരിശോധനാ പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യ സുദേഷും വോട്ടർമാരായിട്ടുള്ളത് ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയുടെ വിലാസത്തിലാണ്. നിലവിലെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ഇതേ വിലാസത്തിൽ വോട്ടറായുണ്ട്. ഈ വിലാസത്തിലെ വിവരങ്ങളിലെ സാങ്കേതിക പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ധൻകറിനും ഭാര്യയ്ക്കും നോട്ടീസ് നൽകിയത്.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വോട്ടർ വിവരങ്ങളിലും 2002-ലെ പട്ടികയുമായി പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് നൽകിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷനായിരിക്കെ 2024 നവംബറിൽ അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ ബിബേക് ദെബ്രോയിയുടെ പേരിലും 2002-ലെ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് കാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ഡൽഹിയിലെ എസ്ഐആർ നടപടികൾ ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് അന്തരിച്ച വ്യക്തിയുടെ പേരിലാണ് ഈ നോട്ടീസ് എത്തിയത്.
ഇവർക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.എസ്. സന്ധു, മുൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വൈസ് അഡ്മിറൽ സി.ആർ. പ്രവീൺ നായർ, മുൻ എയർ ചീഫ് മാർഷൽ എൻ.എ.കെ. ബ്രൗൺ, ന്യൂഡൽഹി എംപി ബാൻസുരി സ്വരാജ്, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.എൻ. കൃപാൽ, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകൾ സ്വാതി, മുൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി തുടങ്ങിയ ഉന്നത വ്യക്തികൾക്കും കമ്മീഷന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രായവും മാതാപിതാക്കളുടെ പ്രായവും തമ്മിലുള്ള പൊരുത്തക്കേടാണ് നോട്ടീസിന് കാരണമായത്. എന്നാൽ മുഖ്യമന്ത്രിയുടെ രേഖകൾ പരിശോധിച്ചുകഴിഞ്ഞെന്നും നവംബർ നാലിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ പേര് ഉൾപ്പെടുത്തുമെന്നും കമ്മീഷൻ പിന്നീട് വ്യക്തമാക്കി. അരവിന്ദ് കെജ്‌രിവാൾ, ഭാര്യ, മാതാപിതാക്കൾ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും 2002-ലെ പട്ടികയുമായി വിവരങ്ങൾ പൊരുത്തപ്പെടാത്തതിനാണ് നോട്ടീസ് അയച്ചത്.
നോട്ടീസ് ലഭിച്ച വോട്ടർമാർ ആവശ്യമായ രേഖകൾ അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് മുന്നിൽ ഹാജരാക്കണമെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസ് വ്യക്തമാക്കി. ജുഡീഷ്യറിയിലെ അംഗങ്ങൾ, ജനപ്രതിനിധികൾ, ഭരണഘടനാ പദവികൾ വഹിക്കുന്നവർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖരുടെ പേരുകളിൽ സാങ്കേതിക അപാകതകൾ കണ്ടാലും അവരെ കരട് പട്ടികയിൽ നിലനിർത്തണമെന്നും, അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാനുള്ള സമയപരിധിക്കുള്ളിൽ രേഖകൾ വാങ്ങി വിവരങ്ങൾ ക്രമപ്പെടുത്തണമെന്നും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates