ന്യൂഡല്‍ഹി: പെട്രോളില്‍ അനുവദനീയമായതിലും കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്നുവെന്ന വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ രംഗത്ത്. അമിതമായ എഥനോള്‍ മിശ്രണം മൂലം ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും മൈലേജ് കുറയുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി. കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ 67 കേന്ദ്രങ്ങളില്‍നിന്ന് പെട്രോള്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. അന്വേഷണത്തിന്റെ 30 ശതമാനം പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.
വിശദാംശങ്ങള്‍ സംസ്ഥാന മന്ത്രി ഔദ്യോഗികമായി വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിടും. കേന്ദ്രസര്‍ക്കാരിന് പരിശോധന നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ സത്യം മറച്ചുവെക്കാന്‍ സര്‍ക്കാരിന് കഴിയില്ല. പെട്രോള്‍ വിതരണത്തിന് മുമ്പല്ല, പമ്പുകളില്‍ വിതരണം ചെയ്യുന്ന സമയത്താണ് എഥനോള്‍ അമിതമായി കലര്‍ത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും അദ്ദേഹം അവകാശപ്പെട്ടു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എഥനോള്‍ പെട്രോളില്‍ കലര്‍ത്തി കൂടുതല്‍ ലാഭമുണ്ടാക്കാനാണ് ശ്രമം. ഇത് അപകടകരമാണെന്നും ജനങ്ങളെ ബോധവത്കരിക്കുകയും സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെട്രോളില്‍ അനുവദനീയമായ എഥനോള്‍ അളവ് 20 ശതമാനമാണ് (ഇ20). എന്നാല്‍ കര്‍ണാടകയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഇതിലും ഉയര്‍ന്ന അളവില്‍ എഥനോള്‍ കണ്ടെത്തിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം. ബംഗളൂരു, കോലാര്‍, ചിക്കബെല്ലാപുര, രാമനഗര, മംഗളൂരു, തുമകൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച സാംപിളുകളില്‍ നടത്തിയ പരിശോധനയില്‍ 31.2 ശതമാനം വരെ എഥനോള്‍ കണ്ടെത്തിയതായി കര്‍ണാടക ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി റിസ്വാന്‍ അര്‍ഷദ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കര്‍ണാടകയുടെ കണ്ടെത്തലുകള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തള്ളി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ സംയുക്ത പ്രസ്താവനയിലാണ് ആരോപണങ്ങള്‍ നിഷേധിച്ചത്. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്നാണ് കമ്പനികളുടെ വിശദീകരണം. സാംപിളുകള്‍ ശേഖരിച്ചതിലും പരിശോധന നടത്തിയ രീതിയിലും അപാകതകളുണ്ടെന്നും അവര്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates