പെട്രോളില്‍ 31.2% വരെ എഥനോള്‍; ഇന്ധന ഗുണനിലവാരത്തില്‍ ആശങ്ക, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ണാടക

ബിപിസിയുടെ സ്പീഡ് പെട്രോളില്‍ 26.5 ശതമാനം, നയാരയുടെ പെട്രോളില്‍ 26.1 ശതമാനം എന്നിങ്ങനെയാണ് ചില സാംപിളുകളില്‍ കണ്ടെത്തിയ എഥനോള്‍ അളവ്
e20 petrol
E20 PetrolAI Image
Updated on: 
2 min read

ബംഗളൂരു: പെട്രോളില്‍ അനുവദനീയമായതിലും കൂടുതല്‍ എഥനോള്‍ കണ്ടെത്തിയെന്ന ആരോപണവുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ 31.2 ശതമാനം വരെ എഥനോള്‍ കണ്ടെത്തിയെന്നാണ് സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. നിലവില്‍ പെട്രോളില്‍ അനുവദിച്ചിട്ടുള്ള എഥനോള്‍ മിശ്രണത്തിന്റെ പരിധി 20 ശതമാനമാണ് (ഇ20). ഇതിലും കൂടുതലായി എഥനോള്‍ ചേര്‍ത്ത ഇന്ധനം വില്‍ക്കുന്ന എണ്ണക്കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇതുമൂലം വാഹന ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, നയാര എനര്‍ജി, ഷെല്‍ തുടങ്ങിയ കമ്പനികളുടെ പെട്രോള്‍ സാംപിളുകളിലാണ് പരിശോധന നടത്തിയത്. ബംഗളൂരു അര്‍ബന്‍, കോലാര്‍, ചിക്കബെല്ലാപുര, ബംഗളൂരു റൂറല്‍, രാമനഗര, മംഗളൂരു, തുമക്കൂരു എന്നീ ഏഴ് ജില്ലകളില്‍നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്. കമ്പനികളുടെ ലാബുകളില്‍ പരിശോധന നടത്തിയെങ്കിലും എഥനോള്‍ അളവ് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം. തുടര്‍ന്നാണ് സാമ്പിളുകള്‍ സ്വകാര്യ ലാബുകളിലേക്ക് അയച്ചത്. പരിശോധനയില്‍ ഐഒസിയുടെ ഒരു സാമ്പിളില്‍ 31.2 ശതമാനം എഥനോള്‍ കണ്ടെത്തി. എച്ച്പിസിയുടെ എംഎസ് പവര്‍ പെട്രോളില്‍ 30.5 ശതമാനവും മറ്റൊരു സാംപിളില്‍ 27 ശതമാനവും എഥനോള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ബിപിസിയുടെ സ്പീഡ് പെട്രോളില്‍ 26.5 ശതമാനം, നയാരയുടെ പെട്രോളില്‍ 26.1 ശതമാനം, ഷെല്ലിന്റെ പെട്രോളില്‍ 25.5 ശതമാനം എന്നിങ്ങനെയാണ് മറ്റ് ചില സാംപിളുകളില്‍ കണ്ടെത്തിയ എഥനോള്‍ അളവ്. ചില സാമ്പിളുകളില്‍ 20 ശതമാനത്തില്‍ താഴെയാണ് എഥനോള്‍ സാന്നിധ്യം രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ അളവ് 13.5 ശതമാനമായിരുന്നു. അനുവദനീയമായതിലും കൂടുതല്‍ എഥനോള്‍ ചേര്‍ക്കുന്നത് വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുമെന്നും ഇന്ധനക്ഷമത കുറയ്ക്കുമെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് വര്‍ധിപ്പിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന എഥനോള്‍ മിശ്രിതത്തിന് അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുകയെന്നാണ് ആശങ്ക.

e20 petrol
100% എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഇന്ധന ലഭ്യത എങ്ങനെ ഉറപ്പാക്കും? കേന്ദ്രത്തോട് സുപ്രീംകോടതി

രാജ്യത്തെ 35 കോടി വാഹനങ്ങളില്‍ 99 ശതമാനവും 20 ശതമാനത്തിലധികം എഥനോള്‍ അടങ്ങിയ ഇന്ധനം ഉപയോഗിക്കാന്‍ രൂപകല്‍പ്പന ചെയ്തവയല്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. വാഹനങ്ങളുടെ മൈലേജ് കുറയുന്നതും അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് വര്‍ധിക്കുന്നതും സാധാരണക്കാരുടെ സാമ്പത്തിക ബാധ്യത കൂട്ടുമെന്നും സര്‍ക്കാര്‍ പറയുന്നു.

എഥനോള്‍ അമിതമായി ചേര്‍ക്കുന്നതിലൂടെ വാഹന ഉടമകള്‍ക്ക് പ്രതിവര്‍ഷം വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വിലയിരുത്തല്‍. മൈലേജ് 10 ശതമാനം കുറയുന്നതിലൂടെ മാത്രം പ്രതിവര്‍ഷം 62,000 കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്നാണ് കണക്ക്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും സര്‍വീസിനുമായി 39,000 കോടി രൂപ അധികമായി ചെലവഴിക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് ആകെ നഷ്ടം 1.01 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. എഥനോള്‍ അമിതമായി ചേര്‍ത്ത ഇന്ധനം ഉപയോഗിച്ചതുമൂലം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നവര്‍ക്കായി പ്രത്യേക നഷ്ടപരിഹാര ഫണ്ട് രൂപീകരിക്കണമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം. പെട്രോള്‍ പമ്പുകളില്‍ വില്‍ക്കുന്ന ഇന്ധനത്തിലെ എഥനോള്‍ ശതമാനം വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് ഇ10, ഇ20, ഇ30 തുടങ്ങിയ ഇന്ധനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുന്ന ഇ20 പദ്ധതി നടപ്പാക്കുന്നത് അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും മലിനീകരണം നിയന്ത്രിക്കാനും ആഭ്യന്തര എഥനോള്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അനുവദിച്ച പരിധിയേക്കാള്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ ആരോപണം ഇന്ധനത്തിന്റെ ഗുണനിലവാരത്തെയും വാഹനങ്ങളുടെ സുരക്ഷയെയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.

e20 petrol
100% എഥനോളില്‍ ഓടുന്ന കാറുകള്‍ക്ക് വഴിയൊരുങ്ങി; മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം
e20 petrol
'കരിമ്പില്‍ നിന്ന് എഥനോള്‍ വേണ്ട'; പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന്‍ നടപടി
e20 petrol
E20 പെട്രോള്‍ നിങ്ങളുടെ കാറിന്റെ എന്‍ജിന്‍ നശിപ്പിക്കുമോ? പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രം
Summary

Karnataka Finds Up to 31.2% Ethanol in Petrol, Seeks Consumer Compensation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER