Do not advise victims of dowry harassment to remain in the marriage AI
India

'സഹായത്തിനായുള്ള ഓരോ വിളിയും കേള്‍ക്കണം, സ്ത്രീധനപീഡന ഇരകളോട് വിവാഹബന്ധത്തില്‍ തുടരാന്‍ ഉപദേശിക്കരുത്'

വിവാഹിതയായ ഒരു സ്ത്രീ നേരിടുന്ന സ്ത്രീധന പീഡനത്തെയോ ഗാര്‍ഹിക പീഡനത്തെയോ കുറിച്ചുള്ള പരാതികള്‍ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഒരിക്കലും അവഗണിക്കരുതെന്നും കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

പ്രയാഗ്‌രാജ്: കുടുംബത്തെ ആവര്‍ത്തിച്ച് അറിയിച്ചിട്ടും സ്ത്രീധന പീഡനത്തിന് ഇരയാകുന്ന സ്ത്രീയോട് വിട്ടുവീഴ്ച ചെയ്യാനും ദാമ്പത്യ ബന്ധത്തില്‍ തുടരാനും ഉപദേശിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം ഉപദേശങ്ങള്‍ പലപ്പോഴും കുറ്റവാളികള്‍ക്ക് പ്രോത്സാഹനമാവുകയും പീഡനം തുടരാന്‍ ഇടയാക്കുകയും ചെയ്യുമെന്നാണ് കോടതിയുടെ നിരീക്ഷണം. മാത്രമല്ല, ഒടുവില്‍ അത് മരണത്തിലേയ്ക്ക് വരെ നയിക്കുന്ന ദാരുണമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.

വിവാഹിതയായ ഒരു സ്ത്രീ നേരിടുന്ന സ്ത്രീധന പീഡനത്തെയോ ഗാര്‍ഹിക പീഡനത്തെയോ കുറിച്ചുള്ള പരാതികള്‍ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഒരിക്കലും അവഗണിക്കരുതെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകളില്‍ ഇരയാകുന്നവരോട് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ കുറ്റവാളികള്‍ക്ക് കൂടുതല്‍ ധൈര്യമുണ്ടാവുന്നതെന്ന് ജസ്റ്റിസ് രാജേഷ് സിങ് ചൗഹാന്‍, ജസ്റ്റിസ് അവധേഷ് കുമാര്‍ ചൗധരി എന്നിവരിടങ്ങിയ ബെഞ്ച് പറഞ്ഞു. ഒരു സ്ത്രീയുടെയും അവരുടെ ഒരു വയസും മൂന്ന് മാസവും പ്രായമുള്ള കുഞ്ഞിന്റേയും സ്ത്രീധന മരണവുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ 27-നാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

സമയബന്ധിതമായ ഇടപെടലിന് നികത്താനാകാത്ത നഷ്ടങ്ങള്‍ തടയാന്‍ കഴിയും. എന്നാല്‍ വൈകിയുള്ള പശ്ചാത്താപത്തിനോ കേസ് നടത്തിപ്പിനോ നഷ്ടപ്പെട്ട ഒരു ജീവനെ തിരികെ കൊണ്ടുവരാന്‍ കഴിയില്ല. ഒരു സ്ത്രീയും നിശബ്ദയായി സഹിക്കാന്‍ നിര്‍ബന്ധിതയാകുന്നില്ലെന്നും സഹായത്തിനായുള്ള ഓരോ വിളിക്കും മറുപടി ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.

ഭര്‍തൃവീട്ടുകാരുടെ നിരന്തരമായ സ്ത്രീധന ആവശ്യങ്ങളെക്കുറിച്ചും താന്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും ഇരയായ സ്ത്രീ പലതവണ തന്റെ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായി കോടതി ചൂണ്ടിക്കാണിച്ചു. ഇത്തരം ആവര്‍ത്തിച്ചുള്ള പരാതികളെ സാധാരണ ദാമ്പത്യ തര്‍ക്കങ്ങളായി കാണരുത്. അവ സഹായത്തിനും സംരക്ഷണത്തിനും സമയബന്ധിതമായ ഇടപെടലിനുമുള്ള യഥാര്‍ത്ഥ യാചനകളായിട്ട് വേണമായിരുന്നു കാണാന്‍. ഒരു മകള്‍ താന്‍ നേരിടുന്ന പീഡനങ്ങളെയും ഭയത്തെയും അപമാനങ്ങളെയും കുറിച്ച് പറഞ്ഞിട്ടും, സഹായം തേടി കുടുംബത്തെ ആവര്‍ത്തിച്ച് സമീപിക്കുമ്പോഴെല്ലാം അവളുടെ ആശങ്കകള്‍ അനുകമ്പയോടെയും ഗൗരവത്തോടെയും അടിയന്തര പ്രാധാന്യത്തോടെയും കേള്‍ക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കേസെന്നും കോടതി ഓര്‍മിപ്പിച്ചു. അവളെ പിന്തുണയ്ക്കാനും അവളുടെ വാദങ്ങള്‍ വിശ്വസിക്കാനും അവളുടെ സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും കുടുംബത്തിന് ഉത്തരവാദിത്തമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ്, രണ്ട് അളിയന്മാര്‍, അമ്മായിയമ്മ, അമ്മായിയപ്പന്‍ എന്നിവരെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. ഇവര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

2011ലാണ് കേസിനാസ്പദമായ സംഭവം. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 25 കാരിയായ മീനാ ദേവിയും അവരുടെ ചെറിയ കുഞ്ഞും കൊല്ലപ്പെടുകയായിരുന്നു. വിവാഹസമയത്ത് 2.26 ലക്ഷം രൂപ പെണ്‍വീട്ടുകാര്‍ നല്‍കിയിരുന്നെങ്കിലും, ഒരു മോട്ടോര്‍ സൈക്കിളും 1 ലക്ഷം രൂപയും കൂടി അധികമായി ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം.

Do not advise victims of dowry harassment to remain in the marriage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാപ്പിക്കട ഉദ്ഘാടനം' എന്ന് പറഞ്ഞ് ചിരിക്കാൻ വരട്ടെ; ക്രിയേറ്റർമാരുടെ കീശ നിറയ്ക്കുന്ന 'ബൈ മീ എ കോഫി' സ്റ്റോറി

'രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും; ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയര്‍'

'സക്കര്‍ബര്‍ഗ് മാപ്പ് പറയണം, ഇല്ലെങ്കില്‍ നടപടി'; മോദിയുടെ വിഡിയോ നീക്കിയതില്‍ മെറ്റയ്ക്ക് അന്ത്യശാസനം

ഡൽഹി യൂണിവേഴ്സിറ്റി: അസോസിയേറ്റ് പ്രൊഫസറാകാം, 48 ഒഴിവുകൾ

പാലക്കാട് സൈക്കിൾ ട്രാക്ക് നിർമ്മാണത്തിലെ അഴിമതി: വിജിലൻസ് അന്വേഷണത്തിനിടെ ഫയൽ കാണാതായി