ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീര്‍ഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം. ഗൗരവ് എന്ന് പേരിട്ടിരിക്കുന്ന ഈ ബോംബ് വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആര്‍ഡിഒ) ആണ്. 1000 കിലോയോളം ഭാരം വരുന്ന ബോംബിന്റെ പരീക്ഷണം ഏപ്രില്‍ എട്ടു മുതല്‍ 10 വരെയാണ് നടന്നത്. വ്യോമസേനയുടെ സുഖോയ്- 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് ഗൗരവ് ബോംബ് പല ഘട്ടങ്ങളിലായി പരീക്ഷിച്ച് പ്രവര്‍ത്തനം വിലയിരുത്തിയത്.
100 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി ആക്രമണം നടത്താന്‍ ശേഷിയുള്ള ഗ്ലൈഡ് ബോംബാണ് ഗൗരവ്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രഹരശേഷി വര്‍ധിപ്പിക്കുന്ന ഈ വിജയം വളരെ പ്രധാനപ്പെട്ടതാണ്. തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ സുരക്ഷിതമായ ദൂരത്തില്‍ ആക്രമിക്കാന്‍ ഗൗരവ് ബോംബ് വ്യോമസേനയെ സഹായിക്കും. പരീക്ഷണത്തിന്റെ വിവരങ്ങള്‍ നിരീക്ഷിച്ച് തൃപ്തികരമെന്ന് വിലയിരുത്തിയതോടെ വ്യോമസേനയ്ക്ക് വേണ്ടി ഇവയുടെ ഉത്പാദനം ഉടന്‍ ആരംഭിക്കും.
2023-ലായിരുന്നു ഗൗരവിന്റെ ആദ്യ പരീക്ഷണം നടന്നത്. ഇതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപോഗിച്ച് കൂടുതല്‍ പരിഷ്‌കരിച്ചും മാറ്റങ്ങള്‍ വരുത്തിയുമാണ് ഗൗരവിനെ കരുത്തുറ്റതാക്കിയത്. ഹൈദരാബാദിലെ ഇമാറത്തിലുള്ള ഡിആര്‍ഡിഒ കേന്ദ്രത്തിലാണ് ഗൗരവ് ബോംബിന്റെ രൂപകല്‍പ്പനയും സാങ്കേതികവിദ്യ വികസനവുമെല്ലാം നടന്നത്. പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യയിലാണ് ബോംബ് വികസിപ്പിച്ചത്.
യുദ്ധവിമാനത്തില്‍ നിന്ന് വേര്‍പെട്ടാല്‍ ജിപിഎസ് സഹായത്തോടെ ലക്ഷ്യത്തിലേക്ക് ഗതിനിര്‍ണയം നടത്തി എത്തി ആക്രമണം നടത്തും. ഗൗരവ് ബോംബിന്റെ വികസനത്തില്‍ നിരവധി ഇന്ത്യന്‍ കമ്പനികള്‍ സഹകരിച്ചിട്ടുണ്ട്. അദാനി ഡിഫന്‍സ്, ഭാരത് ഫോര്‍ജ് തുടങ്ങിയവാണ് പ്രധാന കമ്പനികള്‍. ഇവര്‍ക്ക് പുറമെ നിരവധി എംഎസ്എംഇ സ്ഥാപനങ്ങളും ബോംബ് വികസനത്തില്‍ പങ്കാളികളായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates