ബംഗളൂരു: സ്വര്‍ണം വാങ്ങുന്നതിനായി ഹവാല പണം ഉപയോഗിച്ചതായ കന്നട നടി രന്യ റാവുവിന്റെ വെളിപ്പെടുത്തല്‍. രന്യ ഇക്കാര്യം സമ്മതിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് ചൊവ്വാഴ്ച കോടതിയെ അറിയിച്ചത്. ബംഗളൂരു വിമാനത്താവളത്തില്‍ 14 കിലോ സ്വര്‍ണം കടത്തുന്നതിനിടെയാണ് നടി പിടിയിലായത്.
രന്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഡിആര്‍ഐക്കായി ഹാജരായ അഭിഭാഷകന്‍ മധു റാവുവാണ് കോടതിയെ ഇക്കാര്യങ്ങളറിയിച്ചത്.നടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കാന്‍ നോട്ടീസ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകളുടെ വ്യാപ്തിയും നിയമ ലംഘനങ്ങളും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
രന്യ റാവുവിന്റെ ജാമ്യാപേക്ഷ നേരത്തേ കീഴ്ക്കോടതിയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയും തള്ളിയിരുന്നു. കേസില്‍ ഇഡിയും ഡിആര്‍ഐയും കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരുന്നു. നിരന്തരമായ അന്താരാഷ്ട്ര യാത്രകള്‍, സംശയകരമായ പണമിടപാടുകള്‍, ഹവാല ബന്ധം എന്നിവയെല്ലാം വിശദമായി പരിശോധിച്ചിരുന്നു. രന്യയുടെ വളര്‍ത്തച്ഛനായ കര്‍ണാടക ഡിജിപി രാമചന്ദ്ര റാവുവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
രണ്ടരവര്‍ഷത്തിനിടെ 52 തവണ രന്യ ദുബായ് യാത്ര നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതില്‍ ഏറെയും ഒറ്റദിവസത്തെ സന്ദര്‍ശനമായിരുന്നു. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ബംഗളൂരു, ഗോവ, മുംബൈ വഴി 27 സന്ദര്‍ശനങ്ങളാണ് നടത്തിയത്. 45 തവണ തനിച്ച് ഇത്തരത്തില്‍ യാത്ര ചെയ്തത് സ്വര്‍ണക്കടത്ത് സംഘവുമായുള്ള രന്യയുടെ അടുത്ത ബന്ധത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates