ചണ്ഡീഗഢ്: ലഹരി മരുന്നിന് പണം കണ്ടെത്താന്‍ തൊഴില്‍ രഹിതരായ ദമ്പതികള്‍ കുഞ്ഞിനെ വിറ്റതായി ആക്ഷേപം. പഞ്ചാബില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ലഹരിക്ക് അടിമകളായ ദമ്പതികള്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ 1.8 ലക്ഷം രൂപയ്ക്ക് സ്‌ക്രാപ് വ്യാപാരിക്ക് വിറ്റെന്നാണ് കണ്ടെത്തല്‍. അക്ബര്‍പൂര്‍ ഖുദാല്‍ ഗ്രാമത്തിലാണ് സംഭവം.
കുട്ടിയുടെ മാതാവിന്റെ മൂത്ത സഹോദരി റിതു വര്‍മ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളായ സന്ദീപ് സിങ്, ഗുര്‍മാന്‍ കൗര്‍ എന്നിവരെയും കുട്ടിയെ വാങ്ങിയെന്ന ആരോപണം നേരിടുന്ന സഞ്ജു സിങ് എന്നിവരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ബരേത സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയെ വാങ്ങിയെന്ന ആരോപണം നേരിടുന്ന സഞ്ജു സിങ്ങിന്റെ ഭാര്യ ആരതിയും കേസില്‍ പ്രതിയാണ്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ഇവര്‍ക്കെതിരായ നടപടിയെന്നും പൊലീസ് അറിയിച്ചു.
സ്‌ക്രാപ് വ്യവസായിയായ സഞ്ജു സിങിന് മൂന്ന് പെണ്‍മക്കളുണ്ട്. ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹമാണ് ഇടപാടിലേക്ക് എത്തിച്ചതെന്നാണ് വിവരം. ദത്തെടുക്കല്‍ രേഖ എന്ന പേരില്‍ കരാറുണ്ടാക്കിയാണ് ഇയാള്‍ കുഞ്ഞിനെ വാങ്ങിയത്. ലഭിച്ച പണം സന്ദീപ് സിങ്, ഗുര്‍മാന്‍ കൗര്‍ കൗര്‍ ദമ്പതികള്‍ മയക്കുമരുന്ന് വാങ്ങാനും വീട്ടുപകരണങ്ങള്‍ക്ക് വേണ്ടിയും ചെലവിട്ടെന്നും പൊലീസ് പറയുന്നു. ഇവരുടെ മോശം സാമ്പത്തിക സ്ഥിതിയാണ് കുഞ്ഞിനെ വില്‍ക്കാര്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ദമ്പതികളുടെ ഏക കുഞ്ഞിനെയാണ് ഇവര്‍ കൈമാറ്റം ചെയ്തത്. വിവാഹത്തിന് മുന്‍പ് ഗുസ്തി താരമായിരുന്നു ഗുര്‍മാന്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മയക്കുമരുന്നിനായി കുഞ്ഞിനെ വിറ്റെന്ന വാര്‍ത്ത സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിനും തുടക്കമിട്ടിട്ടുണ്ട്. മയക്കുമരുന്ന് ഭീഷണി സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മയക്കുമരുന്ന് ഭീഷണിയെ അവഗണിക്കുകയണ്. സംസ്ഥാനത്തിന് കളങ്കമുണ്ടാക്കുന്നതാണ് വാര്‍ത്തയെന്നും പഞ്ചാബ് പ്രതിപക്ഷ നേതാവ് പര്‍താപ് സിങ് ബജ്വ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates