ചണ്ഡിഗഢ്: മകന്റെ മരണത്തില്‍ മുന്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റസിയ സുല്‍ത്താനയ്ക്കും മുന്‍ ഡിജിപിയുമായ ഭര്‍ത്താവ് മുഹമ്മദ് മുസ്തഫയ്ക്കുമെതിരെ കേസ്. മുപ്പത്തിമൂന്നുകാരനായ അഖില്‍ അക്തറിന്റെ കൊലപാതകത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അഖില്‍ അക്തറിനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിന് ഇടയാക്കിയതെന്നായിരുന്നു കുടുംബം അവകാശപ്പെട്ടിരുന്നത്. മരണത്തിന് ശേഷം പുറത്തുവന്ന അഖില്‍ അക്തറിന്റെ വിഡിയോകളാണ് കേസില്‍ നിര്‍ണായകമായത്. പിതാവ് മുഹമ്മദ് മുസ്തഫയും ഭാര്യയും തമ്മില്‍ 'അവിഹിത ബന്ധ'മുണ്ടെന്നും കുടുംബം തന്നെ കൊല്ലാന്‍ പദ്ധതിയിടുന്നതായും യുവാവ് വീഡിയോയില്‍ പറയുന്നു. 'എന്റെ ഭാര്യയും അച്ഛനുമായുള്ള അവിഹിതബന്ധം ഞാന്‍ കണ്ടെത്തി. ഞാന്‍ വളരെയധികം സമ്മര്‍ദ്ദത്തിലും മാനസിക ആഘാതത്തിലുമാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. അവര്‍ എന്നെ കള്ളക്കേസില്‍ കുടുക്കുമെന്ന് എനിക്ക് എല്ലാ ദിവസവും തോന്നുന്നു,' യുവാവ് പറയുന്നു.
തനിക്കെതിരായ ഗൂഢാലോചനയില്‍ അമ്മ റസിയയും സഹോദരിയും പങ്കാളികളാണെന്ന് അഖില്‍ ആരോപിച്ചു. തന്നെ കളളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയോ കൊല്ലുകയോ ചെയ്യുക എന്നതാണ് അവരുടെ പദ്ധതി. വിവാഹത്തിന് മുമ്പ് തന്നെ പിതാവിന് തന്റെ ഭാര്യയെ അറിയാമായിരുന്നെന്ന് സംശയിക്കുന്നു. 'ആദ്യ ദിവസം, അവള്‍ എന്നെ തൊടാന്‍ അനുവദിച്ചില്ല. അവള്‍ എന്നെയല്ല, എന്റെ അച്ഛനെയായിരുന്നു വിവാഹം കഴിച്ചത്' അഖില്‍ പറയുന്നു.
തനിക്ക് ഭ്രാന്താനാണെന്ന് ചിത്രീകരിക്കാന്‍ അവര്‍ പലതവണ ശ്രമങ്ങള്‍ നടത്തിയതായും യുവാവ് പറയുന്നു. 'ഞാന്‍ അവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍, ഒരു ബലാത്സംഗ കേസിലോ കൊലപാതക കേസിലോ എന്നെ കുടുക്കുമെന്ന് അവര്‍ എന്നെ ഭീഷണിപ്പെടുത്തുന്നു, എന്റെ മകള്‍ യഥാര്‍ത്ഥത്തില്‍ എന്റേതാണോ എന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു. മറ്റൊരു വീഡിയോയില്‍ കുടുംബത്തിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തന്റെ മാനസികരോഗത്തെ തുടര്‍ന്നാണെന്നും അഖില്‍ പയുന്നു. ഇത്തരമൊരു കുടുംബം ലഭിച്ചതില്‍ താന്‍ അനുഗ്രഹീതനാണെന്നും പറയുന്നു.
അഖിലിന്റെ മരണത്തില്‍ ആദ്യഘട്ടത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സൃഷ്ടി ഗുപ്ത പറഞ്ഞു. മരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പരാതിയുണ്ടെന്നാരോപിച്ച് ഒരു പരാതി ലഭിച്ചു. കൂടാതെ അഖിലിന്റെ സാമൂഹികമാധ്യമ പോസ്റ്റുകളും ചില ഫോട്ടോഗ്രാഫുകളും ചില സംശയങ്ങള്‍ ഉയര്‍ത്തി. തുടര്‍ന്നാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപികരിച്ചതായും സൃഷ്ടി ഗുപ്ത പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates