Esakki subayya. 
India

തമിഴ്‌നാട്ടിൽ കുതിരക്കച്ചവടമെന്ന് ആക്ഷേപം; ഒരു എഐഎഡിഎംകെ എംഎൽഎ കൂടി രാജിവെച്ചു, സ്പീക്കർക്ക് പരാതിയുമായി ഇപിഎസ് ക്യാമ്പ്

രണ്ട് ദിവസത്തിനിടെ രാജി സമർപ്പിച്ച എംഎൽഎമാരുടെ എണ്ണം നാലായി. എംഎൽഎമാരുടെ രാജി സ്വീകരിക്കരുതെന്ന് എടപ്പാടി പളനിസ്വാമി പക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു; ഭരണകക്ഷിയായ ടിവിക.ക്കെതിരെ സഖ്യകക്ഷിയായ കോൺഗ്രസ് രംഗത്ത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അട്ടിമറികളും കൂറുമാറ്റങ്ങളും പുതിയ തലത്തിലേക്ക്. എഐഎഡിഎംകെയിലെ വിമത വിഭാഗത്തിൽ നിന്നും ഒരു എംഎൽഎ കൂടി ചൊവ്വാഴ്ച തന്റെ നിയമസഭാംഗത്വം രാജിവെച്ചു. അംബാസമുദ്രം മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇസക്കി സുബ്ബയ്യയാണ് സ്പീക്കർ ജെസിഡി പ്രഭാകറിന് മുൻപാകെ നേരിട്ടെത്തി രാജി സമർപ്പിച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജി വെച്ച എഐഎഡിഎംകെ എംഎൽഎമാരുടെ എണ്ണം നാലായി ഉയർന്നു. ഇസക്കി സുബ്ബയ്യയും വൈകാതെ തന്നെ മുഖ്യമന്ത്രി സി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിൽ ചേരുമെന്നാണ് വിവരം. മെയ് 13-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ പാർട്ടിയുടെ വിപ്പ് ലംഘിച്ച് വിജയ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 വിമതരിൽ ഉൾപ്പെട്ടയാളാണ് ഇദ്ദേഹവും. ആദ്യം ടൈപ്പ് ചെയ്ത രാജി കത്തുമായാണ് ഇസക്കി സുബ്ബയ്യ എത്തിയതെങ്കിലും നിയമപരമായ കാരണങ്ങളാൽ സ്പീക്കർ അത് നിരസിച്ചു. തുടർന്ന് മിനിറ്റുകൾക്കകം സ്വന്തം കൈപ്പടയിൽ എഴുതിയ പുതിയ കത്ത് നൽകിയാണ് അദ്ദേഹം രാജി ഉറപ്പാക്കിയത്.

അതേസമയം, തിങ്കളാഴ്ച രാജി സമർപ്പിച്ച മരഗതം കുമാരവേൽ, പി. സത്യഭാമ, എസ്. ജയകുമാർ എന്നീ മൂന്ന് എംഎൽഎമാരുടെ രാജി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക എഐഎഡിഎംകെ വിഭാഗം സ്പീക്കർക്ക് കത്ത് നൽകി. പാർട്ടിയുടെ ചീഫ് വിപ്പ് അഗ്രി എസ്എസ് കൃഷ്ണമൂർത്തി, രാജ്യസഭാ എംപി ഐഎസ്. ഇൻബദുരൈ എന്നിവരാണ് സ്പീക്കറെ കണ്ട് പേജുള്ള പരാതി നൽകിയത്. വിപ്പ് ലംഘിച്ച 25 എംഎ.എമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തങ്ങളുടെ ആദ്യ പരാതി സ്പീക്കറുടെ പരിഗണനയിലിരിക്കെ ഈ രാജി സ്വീകരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അവർ ചൂണ്ടിക്കാണിച്ചു. അയോഗ്യതയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ഇവർ ഇപ്പോൾ രാജി നാടകം കളിക്കുന്നത്. രാജി ഔദ്യോഗികമായി ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതിന് മുൻപ് തന്നെ ഇവർക്ക് സെക്രട്ടേറിയറ്റിൽ വെച്ച് ടിവികെയുടെ മെമ്പർഷിപ്പ് കാർഡ് നൽകിയതായും എ.ഐ.എ.ഡി.എം.കെ. ആരോപിച്ചു. സ്പീക്കർ നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മുൻ മന്ത്രി തളവായ് സുന്ദരവും വ്യക്തമാക്കി.

സർക്കാരിനെതിരെ കോൺഗ്രസ് എംപി; ചട്ടപ്രകാരം നീങ്ങുമെന്ന് സ്പീക്കർ

എഐഎഡിഎംകെ ക്യാമ്പിലെ ഈ പുതിയ കൂറുമാറ്റങ്ങൾ തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. തമിഴക വെട്രി കഴകം സർക്കാരിന്റെ സഖ്യകക്ഷിയായ കോൺഗ്രസിന്റെ മുതിർന്ന നേതാവും എം.പി.യുമായ എസ്. ജ്യോതിമണി ഭരണകക്ഷിയുടെ ഈ നീക്കങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തി. തമിഴ്‌നാട്ടിൽ നടക്കുന്നത് ജനാധിപത്യത്തെ തകർക്കുന്ന രീതിയിലുള്ള കുതിരക്കച്ചവടമാണെന്ന് ജ്യോതിമണി കുറ്റപ്പെടുത്തി. ദേശീയതലത്തിൽ ബിജെപി നടത്തുന്ന കുതിരക്കച്ചവടത്തിന്റെ ഇരകളാണ് കോൺഗ്രസ്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിൽ ഇത്തരം നീക്കങ്ങളെ ന്യായീകരിക്കാൻ കോൺഗ്രസിന് കഴിയില്ല. സംസ്ഥാനത്ത് ജനാധിപത്യം ശക്തിപ്പെടുത്താനാണ് ടിവികെ ശ്രമിക്കേണ്ടതെന്നും അല്ലാതെ കുതിരക്കച്ചവടത്തിലൂടെ അധികാരം നിലനിർത്താൻ ശ്രമിക്കുന്നത് ഗാന്ധിയുടെയും നെഹ്റുവിന്റെയും രാഷ്ട്രീയത്തോടുള്ള ചരിത്രപരമായ ചതിയാണെന്നും അവർ തുറന്നടിച്ചു. നിലവിൽ വിജയ് മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് മന്ത്രിമാരുള്ള പശ്ചാത്തലത്തിലാണ് ഈ വിമർശനം.

എന്നാൽ താൻ പൂർണ്ണമായും നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് സ്പീക്കർ ജെസിഡി പ്രഭാകർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് മുന്നിൽ വരുന്ന രാജി കത്തുകൾ നിയമപ്രകാരമാണോ എന്ന് പരിശോധിക്കുക മാത്രമാണ് തന്റെ ജോലി. എഐഎഡിഎംകെ നൽകിയ പരാതി വിശദമായി പരിശോധിച്ച ശേഷം നിയമസഭാ ചട്ടങ്ങൾക്കനുസൃതമായി മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, പാർട്ടി വിട്ട് രാജിവെച്ച എഐഎഡിഎംകെ നേതാക്കൾക്ക് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ ഔദ്യോഗിക ചിഹ്നമായ 'വിസിൽ' അനുവദിച്ച് മത്സരിപ്പിക്കാൻ ടിവികെ നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. എംഎൽഎമാർ ഒന്നൊന്നായി ചോർന്നുപോകുന്നത് തടയാൻ സിവി ഷൺമുഖത്തിന്റെയും എസ്പി വേലുമണിയുടെയും നേതൃത്വത്തിലുള്ള വിമത ക്യാമ്പും അടിയന്തിര കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്.

The political crisis in Tamil Nadu intensified as a fourth AIADMK legislator from the rebel faction, Esakki Subaya (Ambasamudram), tendered his resignation to Assembly Speaker J.C.D. Prabhakar on Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള 'രക്ഷാപ്രവര്‍ത്തനം'; പിണറായിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

'പെട്ടെന്ന് മെലിയാനുള്ള ഒരു ടിപ് ഞാൻ പറഞ്ഞു തരാം, റാം ചരണിന്റെ കൂടെ ഡാൻസ് കളിച്ചാൽ മതി'; വൈറലായി ജാൻവിയുടെ വാക്കുകൾ

രണ്ട് രേഖകൾ ഹാജരാക്കിയാൽ മതി; കാർഷിക വൈദ്യുതി കണക്ഷൻ എടുക്കാം

'ഇസ്രയേലിനെ എങ്ങനെ വിശ്വസിക്കും?', എബ്രഹാം ഉടമ്പടിയില്‍ ചേരണമെന്ന ട്രംപിന്റെ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി

ഷുഹൈബ് വധക്കേസിലെ പ്രതികള്‍ ജയിലിലേയ്ക്കല്ല; ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പേര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

SCROLL FOR NEXT