ന്യൂഡല്‍ഹി: ഡല്‍ഹി ചാവേര്‍ സ്‌ഫോടനത്തിന് പിന്നാലെ, ഭീകരസംഘടനകളുടെ റിക്രൂട്ട്‌മെന്റിലെ അടിസ്ഥാനപരമായ മാറ്റമാണ് വെളിപ്പെടുന്നത്. മെഡിക്കല്‍ പ്രൊഫഷന്‍ അടക്കമുള്ള പ്രൊഫഷണലുകളെ ആകര്‍ഷിച്ച് റിക്രൂട്ട് ചെയ്ത്, അവരെക്കൊണ്ടുള്ള ഓപ്പറേഷനാണ് ഭീകരസംഘടനകള്‍ ആസൂത്രണം ചെയ്തു വന്നിരുന്നതെന്നാണ് വ്യക്തമാകുന്നത്. ഭീകരസംഘങ്ങള്‍ അനുവര്‍ത്തിക്കുന്ന പുതിയ രീതിയെ 'വൈറ്റ് കോളര്‍ ടെറര്‍ ഇക്കോസിസ്റ്റം' എന്നാണ് ജമ്മു കശ്മീര്‍ പൊലീസ് വിശേഷിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ യുവാക്കളെ ആകര്‍ഷിച്ച് ഭീകരസംഘത്തില്‍ ചേര്‍ക്കുകയായിരുന്നു പതിവ്.
ഏതാനും ദിവസം മുമ്പാണ് ജമ്മു കശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ മുഹമ്മദ് റാത്തര്‍ ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ നിന്നും പിടിയിലാകുന്നത്. ഇയാള്‍ക്ക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടായിരുന്നു. ഡോക്ടര്‍ ആദിലിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, പൊലീസ് നടത്തിയ റെയ്ഡില്‍ ഫരീദാബാദിലെ ആശുപത്രിയില്‍ റെയ്ഡ് നടത്തുകയും 300 കിലോ ആര്‍ഡിഎക്‌സ്, എകെ 47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.
സംഘത്തില്‍ പങ്കാളിയും, ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ ഡോക്ടറുമായ പുല്‍വാമ സ്വദേശി മുസമ്മില്‍ ഷക്കീലിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ഫരീദാബാദിലെ പ്രതികളുടെ രണ്ടു മുറികളില്‍ നിന്നായി അമോണിയം നൈട്രേറ്റ് അടക്കം 2,900 കിലോ സ്‌ഫോടക വസ്തുക്കളും പിടിച്ചൈടുത്തിരുന്നു. ബോംബ് നിര്‍മ്മാണത്തിനാണ് ഇവ ശേഖരിച്ചിരുന്നതെന്നാണ് സൂചന. പിടിയിലായ ഡോക്ടര്‍മാരുടെ കൂട്ടാളിയാണ് ഡല്‍ഹി കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നും പൊലീസ് വ്യക്തമാക്കുന്നു.
ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരികയായിരുന്നു. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഉമര്‍ മുഹമ്മദ് ശ്രീനഗര്‍ മെഡിക്കല്‍ കോളജിലാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അനന്ത് നാഗ് മെഡിക്കല്‍ കോളജില്‍ സിനിയര്‍ റെസിഡന്റായി കുറച്ചുകാലം ജോലി ചെയ്തു. തുടര്‍ന്നാണ് ഫരീദാബാദിലെ ആശുപത്രിയിലെത്തുന്നത്. കൂട്ടാളികള്‍ പിടിയിലായത് അറിഞ്ഞ പരിഭ്രാന്തിയിലാണ് ഡോ. ഉമര്‍ മുഹമ്മദ് ഡല്‍ഹിയിലെത്തി ചാവേര്‍ സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു.
സ്‌ഫോടനത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റിന്റെയും ആര്‍ഡിഎക്‌സിന്റെയും മിശ്രിതം ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ചാവേര്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണെന്ന് സ്ഥിരീകരിക്കുന്നതിനായി ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഒക്ടോബര്‍ 27 ന് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പോസ്റ്ററുകളെക്കുറിച്ചുള്ള അന്വേഷണമാണ്, ഡോക്ടര്‍ ആദില്‍ അഹമ്മദിലേക്കും, മെഡിക്കല്‍ പ്രൊഫഷണല്‍ അടങ്ങുന്ന ഭീകരസംഘങ്ങളിലേക്കും അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്.
അഹമ്മദാബാദില്‍ നിന്നും കഴിഞ്ഞ ദിവസം ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ്, ഭീകരാക്രമണത്തിനായി അതിമാരകമായ റൈസിന്‍ വിഷപദാര്‍ത്ഥം തയ്യാറാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹൈദരാബാദ് സ്വദേശിയാണ് ഇയാള്‍. ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ മുഹയുദ്ദീന്‍, ഡല്‍ഹി, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങിയ ഇടങ്ങളിലെ തിരക്കേറിയ മാര്‍ക്കറ്റുകളില്‍ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates