great nicobar project file
India

'ചൈനയെ നിരീക്ഷിക്കാം', മലാക്ക കടലിടുക്കില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ; വരുന്നു ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ 13,000 കോടിയുടെ വിമാനത്താവളം

ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് സിവില്‍- മിലിട്ടറി വിമാനത്താവളം നിര്‍മ്മിക്കാന്‍ തീരുമാനിച്ച് കേന്ദ്രസസര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് സിവില്‍- മിലിട്ടറി വിമാനത്താവളം നിര്‍മ്മിക്കാന്‍ തീരുമാനിച്ച് കേന്ദ്രസസര്‍ക്കാര്‍. 13,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടല്‍പ്പാതകളിലൊന്നായ മലാക്ക കടലിടുക്കിന് സമീപമാണ് സിവിലിയന്‍ കണക്റ്റിവിറ്റി സാധ്യമാക്കാനും സൈനിക ശക്തി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിര്‍ണായക ചുവടുവെപ്പ്.

ഇന്ത്യന്‍ മഹാസമുദ്രത്തിനും പസഫിക് മഹാസമുദ്രത്തിനും ഇടയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാന ജലപാതയാണ് മലാക്ക കടലിടുക്ക്. മലാക്ക കടലിടുക്കിന് സമീപം തന്ത്രപ്രധാനമായ സ്ഥാനത്തുള്ള ഈ പദ്ധതി, ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വ്യാപാര പാത നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്‍ഡോ-പസഫിക് മേഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് വികസന പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യന്‍ നാവികസേനയ്ക്കും സിവിലിയന്മാര്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു വിമാനത്താവളവും റണ്‍വേയും നിര്‍മ്മിക്കാന്‍ 13,000 കോടി രൂപ ചെലവഴിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ചെലവ് പ്രതിരോധ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും സംയുക്തമായാണ് വഹിക്കുന്നത്.

അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ നിന്ന് വെറും 40 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ്. ചൈനയുടെ ഊര്‍ജ്ജ ഇറക്കുമതിയുടെ 75-80 ശതമാനം കടന്നുപോകുന്നത് മലാക്ക കടലിടുക്കിലൂടെയാണ്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ഒരു മികച്ച നിരീക്ഷണ കേന്ദ്രമാണ് ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ ഒരുങ്ങുന്നത്.

നിലവിലുള്ള ഐഎന്‍എസ് ബാസ് (INS Baaz) നാവിക വിമാനത്താവളം വികസിപ്പിക്കുന്നതിന് പകരമായാണ് പുതിയ ഗ്രീന്‍ഫീല്‍ഡ് സിവില്‍-മിലിട്ടറി വിമാനത്താവളം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗലാത്തിയ ബേയ്ക്ക് സമീപമുള്ള ചിങ്കനിലാണ് സൈനിക-സിവിലിയന്‍ ആവശ്യങ്ങള്‍ക്കായുള്ള ഈ സംയുക്ത വിമാനത്താവളം സ്ഥാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

'മാരിടൈം ഇന്ത്യ വിഷന്‍ 2030'-ന് കീഴില്‍ ഗലാത്തിയ ബേയില്‍ ഒരു ട്രാന്‍സ്-ഷിപ്പ്‌മെന്റ് ഹബ്ബ് നിര്‍മ്മിക്കാനുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് കൊളംബോ, ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ തുറമുഖങ്ങളെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കുകയും ദശലക്ഷക്കണക്കിന് വിദേശനാണ്യം ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഒപ്പം ആഗോള കണ്ടെയ്‌നര്‍ ഗതാഗതത്തില്‍ ഇന്ത്യയെ ഒരു പ്രധാന ശക്തിയായി മാറ്റുകയും ചെയ്യും. വിമാനത്താവളത്തോടൊപ്പം പവര്‍ പ്ലാന്റുകളും ടൗണ്‍ഷിപ്പുകളും വികസിപ്പിക്കുന്നത് വഴി ഗ്രേറ്റ് നിക്കോബാറിനെ സുസ്ഥിരമായ ഒരു സാമ്പത്തിക കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മൊത്തം 81,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് വികസന പദ്ധതിയുടെ പ്രധാനപ്പെട്ട നാല് ഘടകങ്ങളില്‍ ഒന്നാണ് ഈ വിമാനത്താവളം. വിമാനത്താവളത്തിന് പുറമെ ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ട്, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍, അത്യാധുനിക ടൗണ്‍ഷിപ്പ് എന്നിവയും ഈ വികസന പാക്കേജിന്റെ ഭാഗമാണ്.

Govt clears new Rs 13,000-crore Great Nicobar airport

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി ; സിപിഎമ്മിൽ അസാധാരണ നടപടി

ജനനം കേരളത്തില്‍, ഇപ്പോള്‍ ലൊസാഞ്ചലസ് സിറ്റി കൗണ്‍സിലില്‍; മേയറാകുമോ നിത്യ രാമന്‍?

ഹിന്ദുസ്ഥാൻ കോപ്പറിൽ നിരവധി ഒഴിവുകൾ; എഞ്ചിനീയറിങ് മുതൽ ഫിനാൻസ് വരെ, അവസാന തീയതി ജൂൺ 25

കനത്ത മഴ: കാസര്‍കോട് 50 മീറ്റളോളം നീളത്തില്‍ റോഡ് വിണ്ടുകീറി

പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞ് കർണാടക മുഖ്യമന്ത്രി; വിവാദം - വിഡിയോ

SCROLL FOR NEXT