അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്‌തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ് കോടതിയുടേതാണ് സുപ്രധാനമായ വിധി. പശുക്കളെ കശാപ്പ് ചെയ്തു, മാംസം കടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നീ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും 6.08 ലക്ഷം രൂപ പിഴയും വിധിച്ചത്. ഒരു വര്‍ഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് സെഷന്‍സ് ജഡ്ജി റിസ്വാനബെന്‍ ബുഖാരി കേസില്‍ വിധി പറഞ്ഞത്.
ഗുജറാത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു കേസില്‍ ഇത്രയും കടുത്ത ശിക്ഷ വിധിക്കുന്നത്. ഗോ സംരക്ഷണ നിയമങ്ങളിലെ നാഴികക്കല്ല് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിധിയെ വിശേഷിപ്പിച്ച്. 'പശു മാതാവാണെന്നും, അതിനെ ഉപദ്രവിക്കുന്ന ആരെയും വെറുതെ വിടില്ല എന്ന ശക്തമായ സന്ദേശം' ആണ് വിധിയെന്നും ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്വി പ്രതികരിച്ചു.
2023 നവംബര്‍ 6 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കേസിലെ പ്രധാന പ്രതിയായ അക്രം സോളങ്കിയുടെ ഖട്കിവാഡിലെ വീട്ടില്‍ നിന്നും മാംസവും പശുവിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു. ഖാസിം സോളങ്കി സംഭവസ്ഥലത്ത് വെച്ച് തന്നെ പിടിയിലായി.
അക്രം, സത്താര്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റിലാവുകയും ചെയ്യുകയായിരുന്നു. നിയമവിരുദ്ധ മാംസ വ്യാപാരത്തിനായി പ്രതികള്‍ മനഃപൂര്‍വ്വം പശുക്കളെ കശാപ്പ് ചെയ്‌തെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരമാണ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചത്. സെക്ഷന്‍ 6(ബി) (ഏഴ് വര്‍ഷവും ഒരു ലക്ഷം രൂപയും പിഴ), സെക്ഷന്‍ 429 ഐപിസി (അഞ്ച് വര്‍ഷവും 5,000 രൂപയും പിഴ), സെക്ഷന്‍ 295 ഐപിസി (മൂന്ന് വര്‍ഷവും 3,000 രൂപയും പിഴ) എന്നീ ശിക്ഷയും വിധിച്ചു. ഇവയെല്ലാം ഒരേസമയം അനുഭവിച്ചാല്‍ മതിയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates