HD Kumaraswamy Alleges Rs 600 Crore Plot by DK Shivakumar Against JDS 
India

'ജെഡിഎസിനെ തകര്‍ക്കാന്‍ 600 കോടിയുടെ ഗൂഢാലോചന'; ഡികെ ശിവകുമാറിനെതിരെ ആരോപണവുമായി കുമാരസ്വാമി

പി എസ് സി അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും കുമാരസ്വാമി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബംഗളൂരു: ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ കുടുംബത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ 600 കോടി രൂപയുടെ ഗൂഢാലോചന നടത്തിയെന്ന് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയക്കെതിരെയുള്ള 'സ്റ്റിങ് ഓപ്പറേഷന്‍' കേസിലേക്ക് തങ്ങളെയും ജെഡിഎസിനെയും വലിച്ചിഴക്കാന്‍ ഡികെ ശിവകുമാറും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും കുമാരസ്വാമി ആരോപിച്ചു.

'ഞങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കാന്‍ ഉത്തരവിട്ടത് മറ്റാരലുമല്ല, നിലവിലെ മുഖ്യമന്ത്രി തന്നെയാണ്. ഞങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ അദ്ദേഹം നിരവധി ഗൂഢാലോചനകള്‍ നടത്തിയിട്ടുണ്ട്. അതിലൊന്ന് 600 കോടി രൂപയുടെ 'സുപാരി' (ക്വട്ടേഷന്‍) ഇടപാടാണ്. ഈ കൃത്യം അദ്ദേഹം തന്നെയാണ് ചെയ്തതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല' -കുമാരസ്വാമി പറഞ്ഞു. ആരോപണങ്ങളോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതികള്‍ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും, സ്റ്റിങ് ഓപ്പറേഷന്‍ കേസിലെ അന്വേഷണം തനിക്കെതിരായി തിരിച്ചുവിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി. കര്‍ണാടക പി എസ് സി റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹാസനിലെ രംഗനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റിങ് ഓപ്പറേഷന്റെ അന്വേഷണം 80 ശതമാനം പൂര്‍ത്തിയായെന്ന് പ്രിയങ്ക് ഖാര്‍ഗെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി, സ്റ്റിങ് ഓപ്പറേഷന്‍ അന്വേഷണം 80 ശതമാനം പൂര്‍ത്തിയായപ്പോള്‍ പി എസ് സി അഴിമതിയുടെ 90 ശതമാനവും സര്‍ക്കാര്‍ മൂടിവെച്ചതായി കുമാരസ്വാമി പരിഹസിച്ചു. മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് ഷെട്ടി, കോണ്‍ഗ്രസ് നേതാവ് കൃപ ആല്‍വ എന്നിവരും അവരുടെ അടുത്ത ബന്ധുക്കളുമാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയതെന്നും, സിദ്ധരാമയ്യയും മകന്‍ യതീന്ദ്രയും ഇതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടും ഡികെ. ശിവകുമാറും പ്രിയങ്ക് ഖാര്‍ഗെയും പഴി ജെഡിഎസിനു മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ 2023ല്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ഈ ഗൂഢാലോചനയെ രാഷ്ട്രീയമായി നേരിടാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

HD Kumaraswamy Accuses DK Shivakumar of Rs 600-Crore Plot to Politically Finish His Family

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍

'പത്മയെ അങ്ങനെ കൊല്ലേണ്ടേയിരുന്നില്ല, അതൊരു അബദ്ധം'; സ്വപ്‌നക്കൂടിനെക്കുറിച്ച് കമല്‍

ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം; മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി വരുന്നു, അറിയാം ഫീച്ചറുകള്‍

കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ; കോളജുകളിൽ നിയമനം, ഏഴാം ക്ലാസ് യോഗ്യത

ധനുഷ് രാഷ്ട്രീയത്തിലേക്ക്? തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ്: ബിജെപിയുടെ 'ഓപ്പറേഷൻ ഡി' എന്ന് കോൺഗ്രസ്; വെല്ലുവിളി തള്ളി ടിവികെ