African Indian  RJinspire You tube
India

'എനിക്ക് എ​ന്റെ നാട്ടിൽ പോകണം, ആഫ്രിക്കയിൽ'; ആ​ഗ്രഹം പറഞ്ഞ് എഴുപതുകാരി, കമ​ന്റുകളിൽ സ്നേഹം ചൊരിഞ്ഞ് ആഫ്രിക്കക്കാ‍ർ

"ഒരു ഉഗാണ്ടൻ അമേരിക്കക്കാരനായ ഞാൻ, കിഴക്കൻ ആഫ്രിക്കയിലെ ഉഗാണ്ടയിൽ ജനിച്ചു വളർന്നതിനാൽ, ഞാൻ എപ്പോഴും ആഫ്രിക്കയിലേക്ക് യാത്ര ചെയ്യുന്നത് ഒരു യുഎസ് പാസ്‌പോർട്ടുമായാണ്. എനിക്ക് ആഫ്രിക്കൻ നഗരങ്ങളിൽ സ്വന്തമായി ഭൂമിയുണ്ട്, അതിനാൽ എന്റെ ഈ അമ്മയെ എന്നോടൊപ്പം ആഫ്രിക്കയിലേക്ക് വരാൻ ഞാൻ സ്വാഗതം ചെയ്യുന്നു."

സമകാലിക മലയാളം ഡെസ്ക്

നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിലേക്ക് എത്തിപ്പെട്ട് ആഫ്രിക്കൻ വംശജരുടെ ഇന്നത്തെ തലമുറയിൽ പെട്ട ചിലർ തങ്ങളുടെ മാതൃരാജ്യമായ ആഫ്രിക്ക സന്ദർശിക്കണമെന്ന് ആ​ഗ്രഹിക്കുന്നു. എന്നാൽ, എവിടെ? എങ്ങനെ? എന്നൊന്നും അവർക്കറിയില്ല. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി താമസിക്കുന്ന ഇവർ സിദ്ദികളെന്ന് അറിയപ്പെടുന്നവരാണ്. ഇവരുടെ വേരുകൾ ആഫ്രിക്കയിലാണെങ്കിലും എവിടെ എന്ന് തങ്ങൾക്ക് അറിയില്ലെന്ന് അവർ പറയുന്നു. "അഫ്രിക്കയിലേക്ക് പോകാൻ എന്ന സഹായിക്കൂ, 70 വയസ്സുകാരിയുടെ ആ​ഗ്രഹത്തെ " Help Me Go BACK to Africa! 70 Years Old Woman Bucket List (Siddi, African Indian) കുറിച്ച് കുറച്ച് നാൾ മുമ്പ് അപലോഡ് ചെയ്ത RJinspire എന്ന ഹാൻഡിൽ നിന്നുള്ള യുട്യൂബ് വിഡിയോയിലാണ് ഇത് പറയുന്നത്.

നില മരിയാനി എന്ന് പേര് പറയുന്ന എഴുപതുകാരിയാണ് ആഫ്രിക്ക സന്ദർശിക്കാൻ ആ​ഗ്രഹം പ്രകടിപ്പിക്കുന്നത്. ആഫ്രിക്കയിലേക്ക് പോകണം എന്നുണ്ട് പക്ഷേ പാസ്പോർട്ടും വിസയുമൊന്നുമില്ല. ഞാൻ ആഫ്രിക്കയിൽ നിന്നാണ്. ഞാൻ ജനിച്ചു വളർന്നത് ഇവിടെയാണ്. ഇവിടെയാണ് താമസിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരപ്പെട്ട ആഫ്രിക്കക്കാരുടെ ഇന്നത്തെ തലമുറക്കാരിയാണ് നില.

ഇന്ത്യയിലെ ആഫ്രിക്കൻ ഇന്ത്യാക്കാർ നിലവിൽ താമസിക്കുന്ന പ്രദേശങ്ങളിലെ ഭാഷകളിലാണ് അവർ സംസാരിക്കുന്നത്. ഹിന്ദിയും ​ഗുജറാത്തിയും കന്നഡയും കൊങ്കിണിയുമൊക്കെ സംസാരിക്കുന്ന ആഫ്രിക്കൻ ഇന്ത്യാക്കാരുണ്ട്. ആഫ്രിക്ക സന്ദർശിക്കണമെന്ന് ആ​ഗ്ര​ഹം പ്രകടിപ്പിക്കുന്ന അമ്മയെ സ്വാ​ഗതം ചെയ്തും സ്നേഹം പ്രകടിപ്പിച്ചും നിരവധി ആളുകളാണ് വിഡിയോയുടെ കമ​ന്റിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ രാജ്യത്തേക്ക് അവരെ സ്വാ​ഗതം ചെയ്യുന്നുണ്ട്. കെനിയ, ഉ​ഗാണ്ട, ടാൻസാനിയ, നൈജീരിയ,ഘാന എന്നിങ്ങനെ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവർ‍ ഈ വിഡിയോട് വൈകാരികമായാണ് പ്രതികരിച്ചിട്ടുള്ളത്.

"ഒരു ഉഗാണ്ടൻ അമേരിക്കക്കാരനായ ഞാൻ, കിഴക്കൻ ആഫ്രിക്കയിലെ ഉഗാണ്ടയിൽ ജനിച്ചു വളർന്നതിനാൽ, ഞാൻ എപ്പോഴും ആഫ്രിക്കയിലേക്ക് യാത്ര ചെയ്യുന്നത് ഒരു യുഎസ് പാസ്‌പോർട്ടുമായാണ്. എനിക്ക് ആഫ്രിക്കൻ നഗരങ്ങളിൽ സ്വന്തമായി ഭൂമിയുണ്ട്, അതിനാൽ എന്റെ ഈ അമ്മയെ എന്നോടൊപ്പം ആഫ്രിക്കയിലേക്ക് വരാൻ ഞാൻ സ്വാഗതം ചെയ്യുന്നു.",എന്നാണ് ഒരാൾ എഴുതുന്നത്." ഇത് എന്റെ ഹൃദയത്തെ തകർക്കുന്നു. അവൾ പ്രായമായി, തീർച്ചയായും നമ്മുടെ ആളുകളാണ്. അവരെ വീട്ടിലേക്ക് (ആഫ്രിക്ക) തിരികെ കൊണ്ടുവരാൻ സഹായിക്കേണ്ടതുണ്ട്."എന്ന് മറ്റൊരാൾ എഴുതുന്നു.

"എന്റെ നൈജീരിയൻ കുടുംബത്തിന് അവരെ സ്വാഗതം ചെയ്യാൻ കഴിയും. പക്ഷേ എന്റെ കുടുംബത്തിന് കന്നഡയോ ഹിന്ദിയോ സംസാരിക്കാൻ അറിയില്ല. എനിക്ക് ഹിന്ദി സംസാരിക്കാൻ കഴിയും" എന്നാണ് വേറൊരാൾ പറയുന്നത്.

ആഫ്രിക്കൻ ഇന്ത്യാക്കാർ : അടിമകൾ മുതൽ ഭരണാധികാരികൾ വരെ

ആഫ്രിക്കൻ ഇന്ത്യാക്കരുടെ ചരിത്രത്തെ കുറിച്ച് വിവിധ അഭിപ്രായങ്ങൾ ചരിത്രപണ്ഡിതർക്കിടയിൽ തന്നെയുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബി സി ഇ മൂന്നാം നൂറ്റാണ്ടിലെ സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട ജനതയിൽ ആഫ്രിക്കൻ വേരുകളുണ്ടെന്ന് പറയപ്പെടുന്നു.

ഇതേക്കുറിച്ചുള്ള വസ്തുതകൾ എന്തുതന്നെയായാലും, സഹസ്രാബ്ദങ്ങളായി, ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ കിഴക്കൻ ആഫ്രിക്കയെയും ഇന്ത്യയെയും ബന്ധിപ്പിച്ചിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്. വാണിജ്യ ബന്ധങ്ങളുമായി ബന്ധപ്പെട്ട് ഇന്നത്തെ എത്യോപിയിലെ നാലാം നൂറ്റാണ്ടിലെ നാണയങ്ങൾ ദക്ഷിണേന്ത്യയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നതാണ് ഇതിന് തെളിവായി ചരിത്രപണ്ഡിതർ പറയുന്നത്.​ഇന്ന്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏകദേശം 300,000 ആഫ്രിക്കൻ വംശജരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലും (ഇവിടങ്ങളിൽ പ്രധാനമായും ​ഗ്രാമീണ മേഖലയിലാണ്) ഡൽഹി, കൊൽക്കത്ത, മുംബൈ എന്നീ ന​ഗരപ്രദേശങ്ങളിലുമായാണ് സിദ്ദികൾ കൂടുതലായും താമസിക്കുന്നത്.

ബാവ ഗോറിനെപ്പോലെ, ചില ആഫ്രിക്കക്കാർ ഇന്ത്യയിലേക്ക് വ്യാപാരികളായാണ് വന്നത്. മറ്റുള്ളവർ സൈനികരോ യാത്രികരോ ആയി എത്തി. പതിനഞ്ചാം നൂറ്റാണ്ടിനും പത്തൊൻപതാം നൂറ്റാണ്ടിനും ഇടയിൽ അറബി, പോർച്ചുഗീസ് കച്ചവടക്കാർ പലരെയും അടിമകളാക്കി ഇന്ത്യയിലേക്ക് കൊണ്ടുവന്നു. മധ്യകാല ഇന്ത്യയിലെ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഡെക്കാൻ എന്നറിയപ്പെടുന്ന തെക്കൻ മേഖലയിൽ, അടിമകളായ ആഫ്രിക്കക്കാർ കൊട്ടാരം വേലക്കാരികൾ മുതൽ സൈനിക ഉദ്യോഗസ്ഥരും രാജകീയ വിശ്വസ്തരും വരെയുള്ള നിലകളിലുണ്ടായിരുന്നു. ഗോവ, ദിയു, ഇന്ത്യയിലെ മറ്റ് പോർച്ചുഗീസ് അധീശ പ്രദേശങ്ങളിലെ ആഫ്രിക്കക്കാർ പലപ്പോഴും വീട്ടുജോലിക്കാരായിരുന്നുവെന്ന് ലൂസിവില്ലെ സർവകലാശാലയിലെ അധ്യാപകനും ചരിത്രപണ്ഡിതനുമായ ജോൺ മക് ലോഡിനെ പോലുള്ളവർ പറയുന്നു.

സാന്താ ക്ലാരാ സർവകലാശാല പ്രൊഫസറായ ജോൺസ് ഹാവ്ലി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച India in Africa, Africa in India: Indian Ocean Cosmopolitanisms എന്ന പുസ്തകത്തിൽ ഈ രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ദീർഘകാല ഇടപെടലിന്റെ ചരിത്രം കാണാനാകും. ഇത് വാണിജ്യമോ വ്യാപാരമോ മാത്രമല്ല, സാംസ്കാരികകൈമാറ്റം, ആശയങ്ങൾ എന്നിവയുടെ കാര്യത്തിൽ പരസ്പരമായ കൊടുക്കൽ വാങ്ങലുകളുടെ ഒരു ചരിത്രവും ഇതിൽ കാണാനാകും. പൗര ജീവിതത്തെ സ്പർശിക്കുന്ന ,ഇപ്പോഴും നിലനിൽക്കുന്ന ഈ ബന്ധങ്ങൾക്ക് ആഴത്തിലുള്ള ചരിത്രപരമായ വേരുകളുണ്ടെന്ന് ഇതിലെ പഠനങ്ങൾ വ്യക്തമാക്കുന്നു.

ബ്രിട്ടീഷുകാർക്ക് മുമ്പും ബ്രിട്ടീഷ് ഇന്ത്യയിലുമായി ഏറ്റവും കൂടുതൽ കാലം ആഫ്രിക്കൻ ഭരണം നിലനിന്ന രാജ്യങ്ങൾജഞ്ചിറ, സച്ചിൻ എന്നിവയായിരുന്നു. ഇന്ത്യയെയും ആഫ്രിക്കയെയും കുറിച്ചുള്ള പഠനങ്ങൾ പറയുന്നു. 1618-ഒടുവിൽ മുതൽ ആഫ്രിക്കൻ ഇന്ത്യാക്കാർ ജഞ്ചിറ എന്ന ചെറിയ ഭൂപ്രദേശം ഭരിച്ചു. ( മഹാരാഷ്ട്രയിലെ റായ്​ഗഡ് ജില്ലയിലാണ് ഈ പ്രദേശം) പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും മുഗൾ ചക്രവർത്തിമാരുടെയും 1834 മുതൽ 1947 വരെ ബ്രിട്ടീഷുകാരുടെയും ആധിപത്യം അവർ അംഗീകരിച്ചു. ജൻജിറയിലെ അവസാനത്തെ രാജാവ് സിദി മുഹമ്മദ് മൂന്നാമനായിരുന്നു, 1922-ൽ പിതാവിന്റെ പിൻഗാമിയായി അദ്ദേഹം അധികാരമേറ്റു. 1947-ൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിനെത്തുടർന്ന്, അദ്ദേഹം ജൻജിറയുടെ മേൽ സ്വതന്ത്ര ഇന്ത്യയുടെ ആധിപത്യം അംഗീകരിച്ചു. അടുത്ത വർഷം, ഇന്ത്യയിലെ മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളോടൊപ്പം, ജൻജിറയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ലയിപ്പിക്കാൻ വേണ്ടി അദ്ദേഹം തന്റെ പരമാധികാരങ്ങൾ ഉപേക്ഷിച്ചു. അന്ന് 326 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ആ രാജ്യത്തെ ജനസംഖ്യ 103,557 ആയിരുന്നു. 1972-ൽ സിദി മുഹമ്മദ് മൂന്നാമൻ മരിച്ചു.അദ്ദേഹത്തി​ന്റെ തലമുറകൾ ഇപ്പോഴും അവിടെയുണ്ട്. മറ്റൊരു രാജ്യം സച്ചിൻ ആയിരുന്നു ​ഗുജറാത്തിലെ സൂറത്തിലാണ് ഇന്ന് ഈ സ്ഥലം. 1791 ൽ രൂപീകരിച്ച ഈ രാജ്യവും ഇന്ത്യയോട് ചേർന്നു. 49 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഈ രാജ്യത്തെ ജനസംഖ്യ 26,231 ആയിരുന്നു.

കലയും സംഗീതവും

വ്യാപാരവും വാണിജ്യവും മാത്രമായിരുന്നില്ല ആഫ്രിക്കയിൽ നിന്നുള്ള ഇന്ത്യയിലേക്ക് വന്നവരുടെയും കൊണ്ടുവരപ്പെട്ടവരുടെയും കഥകളിൽ നിറഞ്ഞു നിന്നത്. അടിമകളാക്കപ്പെട്ടവർ, പണ്ഡിതരും സൈനിക മേധാവികളുമായവർ, രാജ്യത്തിന് വേണ്ടി പൊരുതിന്നവർ പ്രണയവും പകയും പോരാട്ടവും ഒക്കെ അവരുടെ ചരിത്രത്തിലുണ്ട്. ആധുനിക കാലത്തെ ഇന്ത്യൻ സാംസ്കാരിക ലോകത്തും ആഫ്രിക്കൻ വേരുകളെ കണ്ടെത്തനാകും. പഴയ കാല കൊട്ടാര ചിത്രങ്ങളിൽ തുടങ്ങി, ഇന്നത്തെ ബോളിവുഡ് സം​ഗീതത്തിൽ വരെ അതി​ന്റെ നിറങ്ങളും സം​ഗീതവുമുണ്ട്.

ആഫ്രിക്കൻ-ഇന്ത്യക്കാർ വളരെക്കാലമായി അബിസീനിയൻ (എത്യോപ്യൻ) എന്നതിന്റെ അറബി ഭാഷയായ ഹബ്ഷി എന്നാണ് അറിയപ്പെട്ടിരുന്നത്.പിന്നീട് ഇത് സിദ്ദി എന്നറിയപ്പെടുന്നു. സയ്യിദ് എന്ന അറബി വാക്കിൽ നിന്നായിരിക്കാം സിദ്ദി എന്ന വാക്ക് വന്നത് എന്ന് കരുതപ്പെടുന്നു.

ആഫ്രിക്കൻ ഇന്ത്യക്കാർ ഈ ഉപഭൂഖണ്ഡത്തെ പല തരത്തിൽ സമ്പന്നമാക്കിയിട്ടുണ്ട്. പല മനോഹരമായ കെട്ടിടങ്ങളും ആഫ്രിക്കൻ ഇന്ത്യക്കാരാണ് നിർമ്മിച്ചത്. ഏറ്റവും പ്രശസ്തമായ ഒന്നാണ് അഹമ്മദാബാദിലെ സിദ്ദി സെയ്ദ് പള്ളി,പതിനാറാം നൂറ്റാണ്ടിൽ അബിസീനിയക്കാരനായ ഷെയ്ഖ് സെയ്ദ് ആണ് ഈ പള്ളി നിർമ്മിച്ചത്, അദ്ദേഹത്തെ അടിമയായി ഇന്ത്യയിലേക്ക് കൊണ്ടുവരപ്പെട്ട ഷെയ്ഖ് സെയ്ദ് പിന്നീട് സൈനിക കമാൻഡറും ഇസ്ലാമിക പണ്ഡിതനുമായി. ധമ്മൽ എന്ന നൃത്തം രൂപം അവതരിപ്പിച്ച ചരിത്രത്തിൽ തുടങ്ങുന്ന ആഫ്രിക്കൻ ഇന്ത്യാക്കാരുടെ കലാചരിത്രം. ആഫ്രിക്കൻ അമേരിക്കകാരാണ് ജാസ് സം​ഗീതം ഇന്ത്യയെ പരിചയപ്പെടുത്തിയത്. 1930 കളിൽ മുംബൈയിലെ പ്രമുഖ ഹോട്ടലിൽ ബാൻഡ് ലീഡറായിരുന്ന ടെഡി വെതർഫോർഡ് ഉൾപ്പെടെയുള്ളവരുടെ ചരിത്രം അതിന് അടിവരയയിടുന്നു. മാത്രമല്ല, ആധുനിക ഹിന്ദി സിനിമാ സം​ഗീതത്തിലെ പ്രധാനപ്പെട്ട ഒന്നായി ഇത് മാറുകയും ചെയ്തു. പിന്നീട് ഇന്ത്യയിലെ എല്ലാ ഭാഷാ സിനിമകളുടെയും റാപ്പ് സം​ഗീതത്തിലേക്കും ഇതിലെ വേരുകൾ കണ്ടെത്താൻ കഴിയും.

ഇങ്ങനെ പലനിലകളിൽ ഇന്ത്യയുടെ ഭാ​ഗമായി മാറിയ സിദ്ദികൾ എന്ന ആഫ്രിക്കൻ ഇന്ത്യാക്കാർ ഇപ്പോഴും ഇവിടെയുണ്ട്. ആഫ്രിക്കൻ ഇന്ത്യാക്കാർ എന്ന നിലയിൽ കഴിയുന്ന അവർ തങ്ങളുടെ മുൻതലമുറകളുടെ രാജ്യം കാണണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും പാസ്പോർട്ടോ വിസയോ ഇല്ല. ആഫ്രിക്കയിൽ എവിടെയാണെന്നും അറിയില്ല. അവരുടെ ചരിത്രം തേടിയിറങ്ങിയ വ്ലോ​ഗർമാരുടെ കഥകളിലൂടെ ആഫ്രിക്കൻ ഇന്ത്യാക്കാരുടെ ചരിത്രം വർത്തമാനകാലത്തെ കഥ പറയുന്നുണ്ട്.

19, 20 നൂറ്റാണ്ടുകളിൽ ആഫ്രിക്കൻ അമേരിക്കക്കാരും ആഫ്രിക്കൻ പ്രവാസികളിലെ മറ്റ് അംഗങ്ങളും സബ്-സഹാറൻ ആഫ്രിക്കയിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ബാക്ക്-ടു-ആഫ്രിക്ക പ്രസ്ഥാനം എന്നൊരു സംരഭം ഉയർന്നു വന്നിരുന്നു. . അടിമത്തത്തിന്റെ ചരിത്രം , വംശീയ വിവേചനം, ആത്മബോധം, സ്വയം നിർണ്ണയാവകാശം എന്നിവയുൾപ്പെടെ വിവിധ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങളിൽ നിന്നാണ് ഈ പ്രസ്ഥാനം ഉയർന്നുവന്നത്. ലോക പ്രശ്സ്തനായ ബോബ് മാർലി ഈ പ്രസ്ഥാനവുമായി ഏറെ അടുത്തിടപഴകിയ ഒരാളാണ്. മാർലിയുടെ സംഗീതവും വ്യക്തിത്വവും ഈ ആ​ഗ്രഹത്തെ പ്രതിഫലിപ്പിച്ചു, മാർലിയുടെ ബഫല്ലോ സോൾജിയേഴ്സ് എന്ന പ്രശസ്യതമായ​ ​ഗാനം "ബഫല്ലോ സോൾജിയർ" എന്ന ഗാനത്തിന്റെ വരികൾ അടിമത്തത്തിന്റെ ചരിത്രപരമായ അനീതിയെക്കുറിച്ചും, അത് സഹിച്ചവരുടെ ശക്തിയെയും അതിജീവനത്തെയും കുറിച്ചാണ്.

'I want to go to my country, Africa'; Seventy-year-old African Indian woman expresses her wish, Africans shower love in the comments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT