ആഫ്രിക്ക ഇനി ചൈനയുടെ രണ്ടാം ഭൂഖണ്ഡം; വന്‍കരയില്‍ നടത്തുന്ന സാമ്പത്തിക ഇടപെടലുകള്‍

ചൈന ഒരു നിയോ കൊളോണിയല്‍ രാജ്യമായി ഇടപെടുന്നതെങ്ങനെ?
ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിദ്ജാനില്‍ നടക്കുന്ന ഹൈവേ നിര്‍മാണം
ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിദ്ജാനില്‍ നടക്കുന്ന ഹൈവേ നിര്‍മാണം
Updated on
5 min read

ഫോറം ഓൺ ചൈന ആഫ്രിക്ക കോർപ്പറേഷന്റെ (FOCAC) ഒൻപതാമത് ഉച്ചകോടി ബെയ്ജിങ്ങിൽ സമാപിച്ചിരിക്കുകയാണ്. 51 ആഫ്രിക്കൻ രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ 53 രാജ്യങ്ങളിലേയും പ്രതിനിധികളും ആഫ്രിക്കൻ യൂണിയൻ കമ്മിഷന്റെ ചെയർപേഴ്സണും നേരിട്ട് പങ്കെടുത്ത വിപുലമായ - അതീവ പ്രാധാന്യം അർഹിക്കുന്ന ചടങ്ങായിരുന്നു FOCAC ഉച്ചകോടി. ആഫ്രിക്കൻ രാജ്യങ്ങളോടുള്ള ചൈനയുടെ അടങ്ങാത്ത താല്പര്യം വിളിച്ചോതുന്നതും തിരിച്ച് ചൈനയോട് ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള മമത ഒട്ടും ചോർന്നുപോകാതേയുമാണ് ഉച്ചകോടി അവസാനിച്ചത്.

ഉച്ചകോടിയുടെ ഭാഗമായി തയ്യാറാക്കപ്പെട്ട Forum on China-Africa Cooperation Beijing Action Plan (2025-2027) വിപുലമായ നിർദ്ദേശങ്ങൾ അടങ്ങിയ ഡോക്യുമെന്റാണ്. അതിലെ ഒന്നാമത്തെ അദ്ധ്യായം തന്നെ അടുത്ത മൂന്നു വർഷത്തിനുള്ളിൽ ആഫ്രിക്കയെ ചൈന പിന്തുണയ്ക്കേണ്ട മേഖലകളെ കൃത്യമായി വ്യക്തമാക്കിക്കൊണ്ടുള്ളതാണ്. വൈവിധ്യമാർന്ന മേഖലകളിലെ സമ്പൂർണ്ണമായ സഹകരണമാണ് ചൈനയുടെ ഭാഗത്തുനിന്നും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ബെൽറ്റ് ആൻഡ് റോഡ് ഇനിഷേറ്റീവിന്റെ ഭാഗമായി ആഫ്രിക്കൻ യൂണിയനുമായി ചേര്‍ന്നു വിഭാവനം ചെയ്തിരിക്കുന്ന അജണ്ട 2063 ആണ് ഉച്ചകോടിയിലെ ഏറ്റവും ദൈർഘ്യമേറിയ നിർദ്ദേശം.

ഉച്ചകോടിയുടെ ഭാഗമായി 50.7 ബില്ല്യൺ ഡോളറിന്റെ വാഗ്ദാനമാണ് ചൈന തങ്ങളുടെ ആഫ്രിക്കൻ പങ്കാളികൾക്കു നൽകിയത്. ഇതു നിലവിൽ ഉയരുന്ന കടക്കെണി നയതന്ത്ര -ഡെബ്റ്റ് ട്രാപ് ഡിപ്ലോമസിയുടെ-ആരോപണങ്ങൾക്ക് ഇടയിലാണെന്നതാണ് കൗതുകം. എന്നാൽ, പശ്ചാത്യ ചിന്തകരും അമേരിക്കയും ആരോപിക്കുന്ന കടക്കെണി നയതന്ത്രം ഒരു മിഥ്യയാണെന്നും പശ്ചാത്തല സൗകര്യ വികസനവും ബദൽ വികസന മാതൃകയും മാത്രമാണ് ചൈനയുടെ മനസ്സിലുള്ളതെന്ന് മറ്റു ചില വിദഗ്ദ്ധരും വാദിക്കുന്നുണ്ട്. ഇതിനെ ശരിവെയ്ക്കുന്ന ചില റിപ്പോർട്ടുകൾ 2022-ൽ വരികയുണ്ടായി (chatham house report 2022). അവരുടെ അഭിപ്രായത്തിൽ ചൈനയെക്കാൾ കൂടുതൽ കടം നൽകുന്ന മറ്റു സ്റ്റേറ്റ് ഇതര ഏജൻസികളും മൾട്ടിനാഷണൽ കോർപറേഷനുകളും ആഫ്രിക്കൻ മണ്ണിൽ വേരുറപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഇത്തരമൊരു വളഞ്ഞവഴിയിൽ ആധിപത്യം നേടേണ്ട സാഹചര്യം ചൈനയ്ക്ക് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ ആവശ്യമില്ലെന്ന് മുൻകാല അനുഭവങ്ങളിൽനിന്നും തെളിഞ്ഞതുമാണ്.

പുതിയ 30 അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് ആഫ്രിക്കയിൽ ചൈന പ്രഖ്യാപിച്ചത്. അവയിൽ ഏതാണ്ട് എല്ലാം തന്നെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷേറ്റീവിന്റെ ഭാഗമായിരിക്കും. ലോകത്തെ രണ്ട് സിൽക്ക് റൂട്ടുകൾ വഴി അഥവാ കരമാർഗ്ഗവും സമുദ്രമാർഗ്ഗം വഴിയും പ്രത്യേക സാമ്പത്തിക ഇടനാഴികളാൽ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഉത്തേജക പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷേറ്റീവ്. രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്ക മുന്നോട്ടുവെച്ച മാർഷൽ പദ്ധതിക്ക് സമാനമായ ഒന്നായും നമുക്ക് ഈ പദ്ധതിയെ കാണാവുന്നതാണ്. ഇത്തരത്തിൽ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തുന്ന സാമ്പത്തിക മേധാവിത്വ ശക്തിയായി ചൈന മാറിയിരിക്കുകയാണ്. അതിൽ ആഫ്രിക്ക ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി നോർത്ത് ആഫ്രിക്കൻ രാജ്യങ്ങൾ പശ്ചിമേഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന വലിയ കേന്ദ്രമായി മാറിയിട്ടുണ്ട്.

ബ്രൂക്കിങ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ആഫ്രിക്കൻ ജനതയിൽ ഭൂരിപക്ഷം ആളുകളും തങ്ങളുടെ രാജ്യത്തെ ചൈനീസ് സാന്നിധ്യത്തെ സ്വാഗതം ചെയ്യുന്നവരാണ്. അതിനു കാരണം പല ആഫ്രിക്കൻ സര്‍ക്കാരുകളും അഴിമതിയിലോ കെടുകാര്യസ്ഥതയിലോ മുങ്ങി നിൽക്കുന്നതുകൊണ്ടാണ്. ചൈനയിലെ ആഫ്രിക്കൻ ഇടപെടലുകൾ പരസ്പര സഹകരണത്തിൽ ഊന്നിയുള്ളതാണ് എന്നാണ് വിലയിരുത്തൽ. ആഫ്രിക്കൻ മണ്ണിൽ ചൈന നടത്തുന്ന അതീവ പ്രാധാന്യമുള്ള ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റുകൾ ആ രാജ്യങ്ങളെ തെല്ലൊന്നുമല്ല മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാൽ. പശ്ചാത്യ രാജ്യങ്ങൾ ചെയ്യുന്നതുപോലെയുള്ള കോളനിവല്‍ക്കരണ ഇടപെടലുകൾ നടത്തുന്നുമില്ല.

2023-ലെ ആഫ്രിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 282.1 ബില്യൺ യു.എസ് ഡോളറായിരുന്നു. തൊട്ടുമുന്നത്തെ വർഷത്തെ അപേക്ഷിച്ച് 1.7 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് ചൈനയ്ക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുന്നതായിരുന്നു. ചൈനയിൽനിന്നും ആഫ്രിക്കയിലേയ്ക്കുള്ള കയറ്റുമതി 7.5 ശതമാനമാണ്, അഥവാ 173 ബില്ല്യൺ ഡോളർ. അതേസമയം ആഫ്രിക്കയുടെ വ്യാപാര കമ്മി 46.9 ബില്ല്യണിൽനിന്നും 64 ബില്ല്യൺ ഡോളറായി വർദ്ധിച്ചു എന്നത് ശ്രദ്ധയോടെ പരിശോധിക്കേണ്ട വസ്തുതയാണ്. കഴിഞ്ഞ ഒന്നര ദശാബ്ദമായി ആഫ്രിക്കയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന ഇപ്പോഴും തുടരുകയാണ്. നിലവിൽ ചൈനയാണ് ആഫ്രിക്കയിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യം. അമേരിക്ക രണ്ടാമതും ഫ്രാൻസ് തുർക്കി എന്നിവ മൂന്നും നാലും സ്ഥാനത്ത് തുടരുന്നു.

ബെയ്ജിങ്ങില്‍ നടന്ന ഉച്ചകോടിയില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും സെനഗള്‍ വിദേശമന്ത്രി യാസിന്‍ ഫാളും കോംഗോ വിദേശമന്ത്രി ജീന്‍ ക്ലൗഡ് ഗാകോസോയും
ബെയ്ജിങ്ങില്‍ നടന്ന ഉച്ചകോടിയില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും സെനഗള്‍ വിദേശമന്ത്രി യാസിന്‍ ഫാളും കോംഗോ വിദേശമന്ത്രി ജീന്‍ ക്ലൗഡ് ഗാകോസോയും
സിൻഹുവാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചൈന ഓരോ വർഷവും 18562 തൊഴിലുകൾ ആഫ്രിക്കയിൽ സൃഷ്ടിക്കുന്നു എന്നാണ്. ചൈന, ആഫ്രിക്കയുടെ അടിസ്ഥാന സൗകര്യ വികസനം, ടെലികമ്മ്യൂണിക്കേഷൻ, ഊർജ്ജം, കാർഷികരംഗം തുടങ്ങിയ ഏതാണ്ട് എല്ലാ മേഖലയിലും വലിയ രീതിയിലുള്ള നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

സിൻഹുവാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചൈന ഓരോ വർഷവും 18562 തൊഴിലുകൾ ആഫ്രിക്കയിൽ സൃഷ്ടിക്കുന്നു എന്നാണ്. ചൈന, ആഫ്രിക്കയുടെ അടിസ്ഥാന സൗകര്യ വികസനം, ടെലികമ്മ്യൂണിക്കേഷൻ, ഊർജ്ജം, കാർഷികരംഗം തുടങ്ങിയ ഏതാണ്ട് എല്ലാ മേഖലയിലും വലിയ രീതിയിലുള്ള നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആഫ്രിക്കയിൽ വളരെ സവിശേഷതയാർന്ന വിജയം കൈവരിക്കുന്നുണ്ടെന്നു മാത്രമല്ല, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കിടയിൽ ഒരു പുതിയ വികസന മാതൃകയായി ഉയർന്നുവരാനും ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്.

എന്നാൽ, ചില രാജ്യങ്ങളിൽ തങ്ങളുടെ സൈനികസാന്നിധ്യവും അവർ ഉറപ്പാക്കുന്നുണ്ട്. ഒരു വിദേശ രാജ്യത്തുള്ള ചൈനയുടെ ആദ്യത്തെ മിലിറ്ററി ബേസ് ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യൻ മഹാസമുദ്രവും റെഡ് സീയും ജിബൂട്ടിയോട് ചേർന്നുകിടക്കുന്നതിനാൽ ഭൂരാഷ്ട്രതന്ത്രപരമായി വലിയ സാധ്യതകളുള്ള മേഖലയിലാണ് ആ മിലിറ്ററി ബേസ് സ്ഥിതിചെയ്യുന്നത്. ആഫ്രിക്ക അതിവിപുലമായ വിഭവങ്ങളുടെ അക്ഷയഖനിയാണ് ആ സാധ്യതയെ ഫലപ്രദമായി ഉപയോഗിക്കാനാകുക എന്ന തരത്തിലേക്കും ചൈന ആഫ്രിക്കയിൽ ഇടപെടുന്നുണ്ട്.

1970-കളിൽ തുടക്കമിട്ട 1860 കിലോമീറ്റർ നീളമുള്ള ടാൻസാനിയ - സാമ്പിയാ റെയിൽവേ നിർമ്മാണമായിരുന്നു ചൈന ആഫ്രിക്കയിൽ ആദ്യമായി ചെയ്ത മെഗാ പ്രൊജക്റ്റ്. ഇന്നിപ്പോൾ എല്ലാ രാജ്യങ്ങളിലും ചൈനീസ് നിർമ്മാണങ്ങൾ നടക്കുന്നുണ്ട്. ട്രാൻസ്‌നാഷണൽ ഹൈവേകൾ, എയർപോർട്ടുകൾ, മൾട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകൾ, തുറമുഖങ്ങൾ തുടങ്ങി വലിയ പദ്ധതികൾ ആഫ്രിക്കയിൽ എല്ലായിടത്തുമുണ്ട്. നൈജീരിയയിലെ കോസ്റ്റൽ റെയിൽവേ, അഡിസ്-അബാബ-ജിബുട്ടി റെയിൽവേ, ടാൻസാനിയയിലെ ബഗമായോവിലെ പോർട്ടും സ്‌പെഷ്യൽ ഇക്കണോമിക് സോണും ഒക്കെ നിലവിലെ മെഗാ പ്രൊജക്റ്റുകളാണ്.

2022 ജനുവരിയിൽ ചൈനീസ് ഗവണ്‍മെന്റ് പുറത്തിറക്കിയ ആഫ്രിക്കൻ പോളിസി പേപ്പർ വിശദമായി ചൈന - ആഫ്രിക്ക ബന്ധത്തെപ്പറ്റി പറയുന്നുണ്ട്. ആഫ്രിക്കൻ വികസനത്തിൽ ചൈന പ്രതിജ്ഞാബദ്ധമാണെന്നും പശ്ചാത്യ രാജ്യങ്ങൾ സാമ്രാജ്യത്വ താല്പര്യങ്ങൾ മുൻനിർത്തി നടത്തിയ ഇടപെടൽപോലെ അല്ല ചൈന ആഫ്രിക്കയിൽ ഇടപെടുന്നത് എന്നും പേപ്പർ വിശദമാക്കുന്നു.

ആകെയുള്ള 54 ആഫ്രിക്കൻ രാജ്യങ്ങളിൽ 53 രാജ്യങ്ങളുമായും ചൈന നയതന്ത്രബന്ധം സ്ഥാപിച്ചിട്ടുണ്ട്. സ്വഹിലൻഡ് എന്ന ചെറിയ രാജ്യം ഒഴികെ ബാക്കിയുള്ള മുഴുവൻ രാജ്യങ്ങളും ചൈനയെ അംഗീകരിച്ചിട്ടുണ്ട്. ഏറ്റവും നിർണ്ണായകമായ കാര്യം യു.എന്നിൽ അടക്കം ഉന്നത ആഗോളവേദികളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ചൈനയ്ക്ക് കിട്ടുന്ന അതിവിപുലമായ നയതന്ത്ര പിന്തുണയാണ്. ടിയാനെൻമെൻ സ്‌ക്വയർ പ്രശ്നത്തിലടക്കം ആഫ്രിക്കൻ രാജ്യങ്ങൾ ചൈനയ്ക്ക് ഒപ്പമായിരുന്നു എന്നത് ചെറിയ കാര്യമല്ല. ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളും ഐക്യ രാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ചൈനയ്ക്ക് അനുകൂലമായി വോട്ട് ചെയ്തതിനാൽ യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (UNIDO), ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ (FAO), ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU), ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) തുടങ്ങിയവയുടെ മേധാവിമാർ ചൈനീസ് പൗരന്മാരായിരുന്നു.

2021-ൽ ചൈന-ആഫ്രിക്ക വ്യാപാരം 254 ബില്ല്യൺ യു.എസ് ഡോളർ കടന്നു. ഇത് അമേരിക്കയുടേതിനേക്കാൾ നാലു മടങ്ങു വലുതാണ്. ചൈനീസ് FDI നിക്ഷേപം അമേരിക്ക നടത്തുന്നതിലും ഇരട്ടിയിലധികമാണ്, ആയതിനാൽ തൊഴിൽ അവസരവും ഏറ്റവുമധികം സൃഷ്ടിക്കുന്നത് ചൈനയാണ്.

അമേരിക്കയ്ക്ക് ബദൽ

ചൈന-ആഫ്രിക്ക ബന്ധം അനുദിനം വളരുന്നത് അമേരിക്കൻ ചേരിയെ അസ്വസ്ഥമാക്കുന്നുണ്ടെന്നത് വസ്തുതയാണ്. ബൈഡൻ സർക്കാർ പുതിയ US - Africa Strategy നോട്ട് പുറത്തിറക്കിയത് 2022 ആഗസ്റ്റിലാണ്. അതിൽ സബ് സഹാറൻ ആഫ്രിക്കൻ സർക്കാരു കൾക്കും മറ്റ് ഏജൻസികൾക്കും ആഗോളതലത്തിൽ വലിയ ഉത്തരവാദിത്വങ്ങൾ വഹിക്കാനുണ്ടെന്നും അന്താരാഷ്ട്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവർക്കു ശ്രദ്ധേയമായ സ്ഥാനമുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, മറ്റു രാജ്യങ്ങളുടെ ആഫ്രിക്കൻ ഇടപെടലുകളെ സംബന്ധിക്കുന്ന കാര്യങ്ങൾ വിശദമാക്കുന്നിടത്ത് ചൈനയുടെ ആഫ്രിക്കൻ ഇടപെടലുകളെ വിമർശനാത്മാകമായി പരിശോധിക്കുന്നുണ്ട്.

2022 ഡിസംബറിൽ അമേരിക്കയിൽ വെച്ച് യു.എസ് - ആഫ്രിക്കൻ ലീഡേഴ്സ് സമ്മിറ്റ് ചേരുകയുണ്ടായി. 2014-നായിരുന്നു ഇത്തരമൊന്നു ഇതിനു മുൻപ് ചേർന്നിരുന്നത്. എന്നാൽ, 2000 മുതൽ ഓരോ മൂന്നു വർഷവും ചൈന ആഫ്രിക്ക - ചൈന ഉച്ചകോടി വിളിച്ചുചേർക്കാറുണ്ട്. ഫോറം ഓണ്‍ ചൈന- ആഫ്രിക്ക എന്ന വലിയ വേദി ഇതിനായി രൂപീകരിച്ചിട്ടുണ്ട്. മുൻപ് സൂചിപ്പിച്ചപോലെ അതിന്റെ ഭാഗമായ ഉച്ചകോടിയാണ് കഴിഞ്ഞ ദിവസം ബെയ്ജിങ്ങിൽ നടന്നത്. അതിലൂടെയുള്ള കഴിഞ്ഞ 20 വർഷത്തെ ചിട്ടയായ പ്രവർത്തനമാണ് ചൈനയെ ആഫ്രിക്കയിലെ വമ്പൻ സാമ്പത്തിക ശക്തിയാക്കിയത്.

2021-ൽ ചൈന-ആഫ്രിക്ക വ്യാപാരം 254 ബില്ല്യൺ യു.എസ് ഡോളർ കടന്നു. ഇത് അമേരിക്കയുടേതിനേക്കാൾ നാലു മടങ്ങു വലുതാണ്. ചൈനീസ് FDI നിക്ഷേപം അമേരിക്ക നടത്തുന്നതിലും ഇരട്ടിയിലധികമാണ്, ആയതിനാൽ തൊഴിൽ അവസരവും ഏറ്റവുമധികം സൃഷ്ടിക്കുന്നത് ചൈനയാണ്. മാത്രമല്ല, ഭൂരിപക്ഷം ആഫ്രിക്കൻ സർക്കാരുകളും ചൈനീസ് വികസന മാതൃകയെ ഒരു മികച്ച മോഡൽ എന്ന നിലയിൽ സ്വാഗതം ചെയ്യുന്നവരാണ്. ഇത് അമേരിക്കൻ താല്പര്യങ്ങൾക്കുമേൽ നിഴൽവീഴ്ത്തുന്നുണ്ട്. എന്നാൽ, യു.എസ് - ചൈന ശീതയുദ്ധക്കളമാക്കി ആഫ്രിക്കയെ മാറ്റാൻ ആഫ്രിക്കൻ നേതാക്കൾ ആഗ്രഹിക്കുന്നില്ല. അവർ ഒരു പരസ്പര സഹകരണ മനോഭാവത്തോടെയുള്ള ബന്ധമാണ് ഇരുരാജ്യങ്ങളുമായി പുലർത്താൻ ശ്രമിക്കുന്നത്.

ഷി ജിന്‍പിങ്ങും സെനഗളിന്റെ പ്രസിഡന്റ് ബാസിരോ ദിയോമായേയും
ഷി ജിന്‍പിങ്ങും സെനഗളിന്റെ പ്രസിഡന്റ് ബാസിരോ ദിയോമായേയും

വിമർശനങ്ങൾ, വിയോജിപ്പുകൾ

ചൈന-ആഫ്രിക്ക ബന്ധത്തെ സംബന്ധിക്കുന്ന നിരവധി ചർച്ചകൾ ഉയർന്നുവരുന്നുണ്ട്. ചൈന ഒരു നിയോ കൊളോണിയൽ രാജ്യമായി ഇടപെടുന്നു എന്നുള്ളതാണ് ഒരു വാദം. ചൈന നടത്തുന്ന അതിവിപുലമായ സാമ്പത്തിക ഇടപെടലാണ് അത്തരം വാദങ്ങൾക്കു കാരണം. ചൈനയിലേയ്ക്ക് ആകെ ഇറക്കുമതി ചെയ്യുന്ന ഓയിലിന്റെ മൂന്നിലൊന്നു ശതമാനവും ആകെ കോട്ടന്റെ 20 ശതമാനവും ആഫ്രിക്കയിൽനിന്നാണ്. അങ്ങനെ നിരവധിയായ അസംസ്‌കൃത വസ്തുക്കളും മിനറൽസും ഒക്കെ ആഫ്രിക്കയിൽനിന്നും ചൈനയിലേയ്ക്ക് ഒഴുകുന്നുണ്ട്. വിഭവങ്ങളുടെ അസമമായ ഒഴുക്ക് നിയോ കൊളോണിയൽ സാമ്പത്തിക ക്രമത്തെ സൃഷ്ടിക്കുന്നു എന്നാണ് ചിലർ വാദിക്കുന്നത്. എന്നാൽ, ഗവേഷണ സ്ഥാപനമായ ബ്രൂക്കിങ്‌സ് നടത്തിയ സർവ്വേയിൽ 60 ശതമാനത്തിലധികം ആഫ്രിക്കക്കാരും ചൈനയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുണ്ട്.

വളരെ അടുത്തകാലത്ത് നമ്മൾ കേട്ട ഒരു പദമാണ് ഡെബ്റ്റ് ട്രാപ് ഡിപ്ലോമസി (debts trap diplomacy). ചൈന അവികസിത രാജ്യങ്ങൾക്കു നൽകുന്ന അനിയന്ത്രിതമായ ലോണുകൾ ആ രാജ്യങ്ങളെ കടക്കെണിയിലേയ്ക്ക് തള്ളിയിടുകയും അതുവഴി ഒരു ഇക്കണോമിക്ക് ഡിപ്പന്റൻസി ഉണ്ടാക്കിയെടുക്കുന്നു എന്നതാണ് ഈ ആശയത്തിന്റെ കാതൽ.

ജിബുട്ടി - അഡിസ് അബാബ റെയിൽ പ്രൊജക്റ്റിന്റെ ലോൺ എത്യോപ്യയുടെ ബജറ്റിന്റെ പകുതിയിൽ അധികമായിട്ടുണ്ട്. നൈജീരിയയും സമാന പ്രശ്നം നേരിടുന്നുണ്ട്. മൊമ്പസാ - നൈറോബി റെയിൽ പ്രൊജക്റ്റ് നൈജീരിയൻ ബജറ്റിന്റെ നാല് മടങ്ങായാണ് വർദ്ധിച്ചിരിക്കുന്നത്. ഇവ തിരിച്ചടക്കാനുള്ള ശേഷി ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഇല്ല എന്നതാണ് വസ്തുത. ഏതാണ്ട് എല്ലാ രാജ്യങ്ങൾക്കും ഇതേ സ്ഥിതിയാണ്. 2022-ൽ ആഫ്രിക്കൻ രാജ്യങ്ങളിലെ ചൈനീസ് കടം 145 ബില്യൺ യു.എസ് ഡോളറായി ഉയർന്നു, 2022-ൽ കടം തിരിച്ചടവ് എട്ട് ബില്ല്യൺ ഡോളറും.

തിരിച്ചടവ് ഭാരം വളരെ കൂടുതലായതിനാൽ പല രാജ്യങ്ങളും കടക്കെണിയിലാണ്. റിപ്പോർട്ടുകൾ പ്രകാരം 18 രാജ്യങ്ങൾ കടം തിരിച്ചടയ്ക്കാൻ ചൈനയുമായി വീണ്ടും ചർച്ച നടത്തുകയാണ്. എന്നാൽ, ചൈന മാത്രമല്ല, ആഫ്രിക്കൻ രാജ്യങ്ങൾക്കു കടം കൊടുക്കുന്നത്. മറ്റൊരു ഉദാഹരണം പറഞ്ഞാൽ, ശ്രീലങ്കയുടെ ആഗോള കടത്തിന്റെ 10 ശതമാനം മാത്രമായിരുന്നു ചൈനയുടേത്. എന്നാൽ, ശ്രീലങ്കൻ ഇക്കണോമി തകർന്നപ്പോൾ ചൈനയാണ് കൂടുതൽ പഴികേൾക്കേണ്ടിവന്നത്. അഥവാ ഡെബ്റ്റ് ട്രാപ് ഡിപ്ലോമസിയുടെ മറുവശം കൂടെ പരിശോധിക്കേണ്ടിവരും.

ചാഡ് പ്രസിഡന്‍റ് മൗസ ഫാകി മഹാമദ്
ചാഡ് പ്രസിഡന്‍റ് മൗസ ഫാകി മഹാമദ്

രണ്ടാം ഭൂഖണ്ഡം

വലിയ സാധ്യതകളും വിമർശനങ്ങളും നിലനിൽക്കുന്ന നയതന്ത്ര സാമ്പത്തിക രാഷ്ട്രീയ ബന്ധമാണ് ചൈനയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ളത്. ചൈനയുടെ രണ്ടാം ഭൂഖണ്ഡമായി ഒരുപക്ഷേ, ആഫ്രിക്കയെ വിശേഷിപ്പിക്കാനാവും. ഏതു മേഖല എടുത്തു നോക്കിയാലും ചൈനയ്ക്ക് അവിടെ നിക്ഷേപം ഉള്ളതായി കാണാനാവും. ചൈന അവരുടെ ഗ്ലോബൽ ഇമേജ് ബിൽഡിങ് സ്ട്രാറ്റജിയുടെ ഭാഗമായി ഉപയോഗിക്കുന്ന സോഫ്റ്റ് പവർ ടൂളുകളുടെ പരീക്ഷണശാലയായി ആഗോള ദക്ഷിണ (ഗ്ലോബൽ സൗത്ത്) രാജ്യങ്ങൾ മാറുന്നുണ്ട്. ആഫ്രിക്ക അടുത്ത ഗൾഫായി തീരുമെന്നതിൽ സംശയമില്ല. അവിടെ ചൈനയുടെ റോൾ മറ്റേത് രാജ്യത്തെക്കാളും സവിശേഷമായിരിക്കും.

ചൈനയുടെ തന്ത്രങ്ങൾ വിജയിക്കുന്നതിനു കാരണം ക്യാപിറ്റൽ പൂർണ്ണമായും സ്റ്റേറ്റ് കൈകാര്യം ചെയ്യുന്നതുകൊണ്ടാണ്. ഈ അടുത്ത കാലത്താണ് ഷി ജിൻപിങ് ചൈനയുടെ അതി ദാരിദ്ര്യം തുടച്ചുനീക്കിയതായി പ്രഖ്യാപിച്ചത്. 1950-കളിൽ അതീവ പട്ടിണിയുള്ള രാജ്യങ്ങളിൽ 13-ാം സ്ഥാനത്തായിരുന്ന നിരക്ഷരതയും ആയുസും വളരെ കുറവായിരുന്ന ചൈനയാണ് ഇന്ന് ലോകത്ത് പട്ടിണിയെ തുരത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത്. ഇത്തരത്തിൽ അന്തർദ്ദേശീയവും ദേശീയവുമായ ഒരുപാടു പാഠങ്ങൾ ചൈനയിൽനിന്നും ലോകത്തിന് ഉൾകൊള്ളാനുണ്ട്. മാത്രമല്ല, ബെൽറ്റ് ആൻഡ് റോഡ് പദ്ധതി വിജയിച്ചാൽ ചൈന എങ്ങനെയായിരിക്കും ഇടപെടുക എന്നത് കാത്തിരുന്നു കാണേണ്ടിവരും.

ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിദ്ജാനില്‍ നടക്കുന്ന ഹൈവേ നിര്‍മാണം
പൂക്കളാകട്ടെ, ചിത്രലേഖ ബാക്കിവെച്ച കനലുകൾ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com