

ചിത്രലേഖ യാത്രയായി. സമകാലിക കേരളത്തിലെ സംഘടനാ-അധികാര സംവിധാനങ്ങളോട് 20 വർഷത്തോളം പൊരുതിനിന്ന് ഒടുവിൽ രോഗത്തിനു കീഴടങ്ങി വിടപറയുമ്പോൾ അവർ കടന്നുപോയ സംഘർഷത്തിന്റേയും വേദനയുടേയും പ്രതിരോധത്തിന്റേയും പോരാട്ടത്തിന്റേയും കനലുകൾ അണയാതെ നിൽക്കുന്നുണ്ട്. ഒറ്റയ്ക്ക് പോരാടുന്ന ഏതൊരാൾക്കും ഊർജ്ജം പകരുന്ന നിശ്ചയദാർഢ്യം അവരുടെ ജീവിതത്തിലുണ്ട്. അതിന്റെ പേരിലാകും ചിത്രലേഖ എന്ന ദളിത് സ്ത്രീ കേരളസമൂഹത്തിൽ അനുസ്മരിക്കപ്പെടുന്നത്. ഒറ്റവാചകത്തിൽ പറഞ്ഞാൽ തൊഴിലെടുത്തു ജീവിക്കാനും അന്തസ്സോടെ സമൂഹത്തിൽ ഇടപെടാനുമുള്ള ഒരു കീഴാള സ്ത്രീയുടെ മുഖ്യധാരാ സമൂഹത്തോടുള്ള സമരമായിരുന്നു ചിത്രലേഖയുടെ പോരാട്ടം. അത്തരമൊരു ഉദ്യമത്തിൽ അവർ നേരിട്ട എതിർപ്പുകളും വെല്ലുവിളികളും അക്രമങ്ങളും കേരളസമൂഹത്തിന്റെ എല്ലാ അവകാശവാദങ്ങളേയും റദ്ദു ചെയ്തേക്കും. ജാതിയും പാർട്ടിയും ആണധികാരവും എല്ലാം സമന്വയിക്കുന്ന സവിശേഷമായ ഘടനയോടാണ് ചിത്രലേഖ പൊരുതിനിന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തെ എടാട്ട് എന്ന സ്ഥലത്ത് ഓട്ടോറിക്ഷ വാങ്ങി സ്വന്തമായി ഓടിച്ചു ജീവിക്കാൻ ശ്രമിച്ചു എന്നതായിരുന്നു അവർ ചെയ്ത കുറ്റം, ഒപ്പം മിശ്രവിവാഹിതയായതും. അതിന്റെ പേരിൽ അവർ അതിക്രമത്തിനിരയായി. ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിക്കപ്പെട്ടു. അവർക്കെതിരെ പൊലീസ് കേസുണ്ടാക്കി. സി.പി.എം പോലൊരു പാർട്ടി അവരെ സാമൂഹ്യദ്രോഹിയായി മുദ്രകുത്തി. സംഘടനാ സംവിധാനമുപയോഗിച്ച് ചിത്രലേഖയ്ക്കെതിരെ സമരം ചെയ്തു. സി.പി.എമ്മിനോടും ജാതിവിവേചനങ്ങളോടും ആൺകോയ്മയോടും ഒരേസമയം തളരാതെ ചെറുത്തുനിന്നു. കേസുകളും സമരങ്ങളും മാത്രമായിരുന്നു ഇക്കാലമത്രയും ജീവിതം. കോയ്മകളോട് ചെറുത്തുനിന്ന അവർ 48-ാം വയസിൽ കാൻസറിനു കീഴടങ്ങി.
പത്തു വർഷം മുന്‍പ്, 2014-ൽ പയ്യന്നൂരിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഒരു സമരം നടന്നു. “നാടിന്റെ സ്വൈര്യജീവിതം തകർക്കുന്ന ചിത്രലേഖയെ നിലയ്ക്കുനിർത്തുക” എന്നതായിരുന്നു പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് സി.പി.എം മാർച്ചിൽ പിടിച്ചിരുന്ന ബാനറിൽ എഴുതിയിരുന്നത്. അതിനും പത്തു വർഷം മുന്‍പാണ് സി.പി.എം, ചിത്രലേഖ എന്ന സ്ത്രീക്കെതിരെ സമരം പ്രഖ്യാപിക്കുന്നത്.
പത്തു വർഷം മുന്‍പ്, 2014-ൽ പയ്യന്നൂരിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഒരു സമരം നടന്നു. “നാടിന്റെ സ്വൈര്യജീവിതം തകർക്കുന്ന ചിത്രലേഖയെ നിലയ്ക്കുനിർത്തുക” എന്നതായിരുന്നു പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് സി.പി.എം മാർച്ചിൽ പിടിച്ചിരുന്ന ബാനറിൽ എഴുതിയിരുന്നത്. അതിനും പത്തു വർഷം മുന്‍പാണ് സി.പി.എം, ചിത്രലേഖ എന്ന സ്ത്രീക്കെതിരെ സമരം പ്രഖ്യാപിക്കുന്നത്. പയ്യന്നൂരിൽ ദേശീയപാതയിൽനിന്ന് അധികം ദൂരത്തല്ലാതെയുള്ള എടാട്ട് ആയിരുന്നു ചിത്രലേഖയുടെ വീട്. സി.പി.എമ്മിന്റെ ശക്തികേന്ദ്രം. പുഴയോരത്തിനടുത്ത് കുടികിടപ്പായി കിട്ടിയ സ്ഥലത്താണ് കുടുംബമായി അവർ താമസിച്ചിരുന്നത്. എന്നാൽ, ദളിത് കുടുംബങ്ങൾ ഉള്ള മേഖലയായിരുന്നില്ല അത്. അവിടത്തെ ഒരേയൊരു ദളിത് കുടുംബമായിരുന്നു ചിത്രലേഖയുടേത്. സാമ്പത്തികവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയിൽനിന്നു കുതറിമാറാനുള്ള ശ്രമങ്ങളാണ് ചിത്രലേഖ ചെറുപ്പത്തിലേ നടത്തിയത്. ദാരിദ്ര്യം, ജാതി അധിക്ഷേപങ്ങൾ, സ്കൂളിലെ വഴിമുട്ടിപ്പോകുമായിരുന്ന പഠനം എന്നിങ്ങനെ നിരവധി പ്രതിസന്ധികളുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് നഴ്‌സിങ് പഠനത്തിനു പോയി. വടകരയിലെ ഒരു ആശുപത്രിയിൽ ജോലികിട്ടി. ഇവിടെവെച്ചാണ് ഓട്ടോഡ്രൈവറായ ശ്രീഷ്‌കാന്തിനെ പരിചയപ്പെടുന്നതും വിവാഹിതരാവുന്നതും. വടകരയിലെ അറിയപ്പെടുന്ന സി.പി.എം കുടുംബത്തിലെ അംഗവും തീയ്യ സമുദായത്തിൽപ്പെട്ടയാളുമായിരുന്നു ശ്രീഷ്‌കാന്ത്. ശ്രീഷ്‌കാന്തിന്റെ മിശ്രവിവാഹം പാർട്ടിക്കും കുടുംബത്തിനും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമായി നടന്നു. ഒടുവിൽ ഭീഷണി സഹിക്കാൻ പറ്റാതെ ശ്രീഷ്‌കാന്തും ചിത്രലേഖയും പയ്യന്നൂർ എടാട്ടെ വീട്ടിലേയ്ക്ക് തിരിച്ചെത്തി. പക്ഷേ, കൂടുതൽ പ്രശ്നങ്ങളുടെ തുടക്കമായിരുന്നു അത്. വടകരയിലെ പാർട്ടി നേതൃത്വം പയ്യന്നൂരിലെ പാർട്ടിയുമായി ബന്ധപ്പെട്ട് ഭീഷണിയും അക്രമവും തുടർന്നുവെന്ന്
ശ്രീഷ്‌കാന്ത് ഓർമ്മിക്കുന്നു. ജാതി അവഹേളനങ്ങൾക്കെതിരെ അന്നേ പ്രതികരിച്ചിരുന്ന ചിത്രലേഖയും അവരുടെ കണ്ണിൽ നാടിന്റെ ‘സ്വൈര്യജീവിതം തകർക്കുന്ന’യാളായി. “മൂന്നു വട്ടം എന്നെ പാർട്ടിക്കാർ വന്നു തല്ലി നാടുകടത്തി. ഇനി പയ്യന്നൂരിൽ കാലുകുത്തരുത്” എന്നതായിരുന്നു ഭീഷണി. ഗുരുതരമായി പരിക്കേറ്റിരുന്നു. പക്ഷേ, ഞാൻ പിന്നെയും തിരിച്ചുവന്നു. അന്ന് 25 വയസ്സുണ്ടായിരുന്ന ശ്രീഷ്‌കാന്ത് പാർട്ടി ഗ്രാമത്തിൽ നേരിട്ട പ്രശ്നങ്ങൾ ഓർത്തെടുത്തു. ജോലി ചെയ്യാനുള്ള സാഹചര്യമില്ലാതായി രണ്ടുപേർക്കും. മീൻപിടിച്ചും പായ നെയ്തും തേങ്ങപെറുക്കി വിറ്റും ദാരിദ്ര്യം മാറ്റി. ഓട്ടോ വാങ്ങാൻ തീരുമാനിക്കുന്നത് അങ്ങനെയാണ്. പി.എം.ആർ.വൈ സ്‌കീമിൽ ചിത്രലേഖ ഓട്ടോറിക്ഷ വാങ്ങി. 2004-ലായിരുന്നു അത്. അന്ന് ആ പ്രദേശത്ത് വനിതാ ഓട്ടോഡ്രൈവർമാരില്ല. പഞ്ചായത്തിൽനിന്നുള്ള പഠനവും ഒപ്പം ശ്രീഷ്‌കാന്തിന്റെ പരിശീലനവും ഓട്ടോഡ്രൈവിങിൽ ചിത്രലേഖയ്ക്ക് കിട്ടിയിരുന്നു.
ജാതി അധിക്ഷേപവും
ഭീഷണിയും
എടാട്ടെ ഓട്ടോ സ്റ്റാൻഡ് സി.പി.എം നിയന്ത്രണത്തിലായിരുന്നു. ഡ്രൈവർമാരെല്ലാം സി.ഐ.ടി.യു അംഗങ്ങളായിരുന്നു. ചിത്രലേഖ ഓട്ടോയുമായി സ്റ്റാൻഡിലെത്തിയപ്പോൾ കേട്ടത് “പൊലച്ചി ഓട്ടോ ഓടിക്കാൻ തുടങ്ങിയോ?” എന്ന പരിഹാസവും അസഭ്യവാക്കുകളുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളും നിരന്തരം മാനസിക പീഡനങ്ങളായിരുന്നു. ഒരു ദിവസം അവർ ഓട്ടോ കുത്തിക്കീറി. ഇതുമായി ബന്ധപ്പെട്ട് സ്റ്റാൻഡിൽ ഇവർ ചോദ്യമുയർത്തി. ആരാണ് ചെയ്തതെന്നു പറയാതെ ഓട്ടോ എടുക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ് ഓട്ടോയുടെ ലൈനിൽ കയറിനിന്നു. എന്നാൽ, ചിത്രലേഖയുടെ ദേഹത്തേയ്ക്ക് ഓട്ടോ ഓടിച്ചുകയറ്റാൻ ശ്രമിച്ചാണ് സഹപ്രവർത്തകർ അതിനോട് പ്രതികരിച്ചത്. ചികിത്സ തേടിയ അവർ പൊലീസിൽ പരാതിപ്പെട്ടു. പരാതിപ്പെട്ടതോടെ കൂടുതൽ പകയും പ്രതികാരവുമായി. ചിത്രലേഖയുടെ ഓട്ടോ സ്റ്റാൻഡിലേയ്ക്ക് കയറാൻ അനുവദിച്ചില്ല. യാത്രക്കാരേയും വിലക്കി. നിരന്തരമായ സംഘർഷത്തിന്റെ നാളുകൾ. 2005 ഡിസംബറിലെ ഒരു രാത്രി ചിത്രലേഖയുടെ ഓട്ടോ കത്തിച്ചു. പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒറ്റപ്പെടുത്തലിന്റെ നാളുകൾ. ആരും സംസാരിക്കില്ല. ചടങ്ങുകൾക്കു വിളിക്കില്ല. വീട്ടിലേയ്ക്കുള്ള നടവഴി തടസ്സപ്പെടുത്തി. അങ്ങനെ തീർത്തും ഊരുവിലക്കിലേയ്ക്ക് ചിത്രലേഖയും കുടുംബവും എത്തപ്പെട്ടു. ഉപജീവനമാർഗ്ഗം കൂടി നഷ്ടമായതോടെ കൈതോലപ്പായ മെടയലിലേയ്ക്ക് അവർ തിരിച്ചുപോയി. പിന്നീടാണ് ചില സാംസ്കാരിക പ്രവർത്തകർ ചിത്രലേഖയുടെ വിഷയം ഏറ്റെടുത്ത് പൊതുശ്രദ്ധയിലേയ്ക്കെത്തിക്കുന്നത്.
സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞാണ് ഞങ്ങൾ അവിടെ പോകുന്നതെന്നും അതുവരെയും പൊലീസ് ഇക്കാര്യത്തിൽ കേസെടുത്തിരുന്നില്ലെന്നും അന്ന് ആ സംഘത്തിലുണ്ടായിരുന്ന വിനോദ്കുമാർ രാമന്തളി ഓർക്കുന്നു. “കട്ടകൊണ്ട് ഉണ്ടാക്കിയ ചെറിയൊരു കൂരയായിരുന്നു അത്. ഒരു ചതുപ്പുനിലമായിരുന്നു. കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടായിരുന്നു. അയൽവീടുകളിൽനിന്ന് ദളിത് ആയതിനാൽ വെള്ളമെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. കൊണ്ടുപോകുന്ന പാത്രത്തിൽ വീട്ടുകാർ കോരി ഒഴിച്ചുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. ഞങ്ങളെത്തിയത് അവർക്ക് വലിയ ആശ്വാസമായി. കൂടുതൽ സി.പി.ഐ.എം.എല്ലിന്റേയും മറ്റു സാംസ്കാരിക പ്രവർത്തകരേയും സംഘടിപ്പിച്ച് മാർച്ചും പ്രതിഷേധവും സംഘടിപ്പിക്കാനായി.” ചിത്രലേഖയുടെ ദുരനുഭവം പയ്യന്നൂരിനു പുറത്തേയ്ക്ക് ആദ്യമെത്തിച്ച നാളുകളെക്കുറിച്ച് വിനോദ്കുമാർ രാമന്തളി ഓർത്തെടുത്തു. പിന്നീട് വിവിധ ഭാഗങ്ങളിൽനിന്നുള്ള സാംസ്കാരിക പ്രവർത്തകർ ചിത്രലേഖയ്ക്ക് പിന്തുണയുമായി പയ്യന്നൂരെത്തി. പുതിയ ഒരു ഓട്ടോറിക്ഷ അവർക്കു നൽകി. വീണ്ടും തൊഴിലിലേയ്ക്ക് ചിത്രലേഖ മടങ്ങിയെങ്കിലും എടാട്ടെ സ്ഥിതിക്ക് മാറ്റമൊന്നുമുണ്ടായില്ല. പൊതുപ്രവർത്തകനായ കെ.എം. വേണു നൽകിയ മൊബൈൽ ഫോൺ വഴി കിട്ടിയ ഓട്ടങ്ങളിലൂടെയാണ് പിന്നീട് പിടിച്ചുനിന്നതെന്ന് ശ്രീഷ്‌കാന്ത് പറയുന്നു. ആ സമയത്തു കിട്ടിയ ചെറിയ സാമ്പത്തിക സഹായങ്ങൾകൊണ്ട് വീടിനു ജനലും മറ്റു ചെറിയ പണികളും ചെയ്തിരുന്നു. എന്നാൽ, ആ ജനലുകൾ പിന്നീട് കല്ലെറിഞ്ഞു തകർത്തു. പലതവണ വീട് ആക്രമിക്കപ്പെട്ടു. ഓട്ടോറിക്ഷയ്ക്ക് കേടുവരുത്തി. ചിത്രലേഖയുടെ ഭർത്താവിനു ക്രൂരമായ മർദ്ദനമേറ്റു. ചിത്രലേഖയെ സ്വഭാവഹത്യ ചെയ്യുന്ന രീതിയിൽ പ്രചാരണങ്ങളുണ്ടായി. വേശ്യാവൃത്തി ചെയ്യുന്നു എന്നു പോസ്റ്ററുകൾ പതിച്ചു. പരാതി കൊടുത്താൽ എതിർ പരാതി നൽകി ഗുരുതരമായ വകുപ്പുകൾ ചേർത്തു ഞങ്ങൾക്കെതിരെ കേസെടുക്കുക പതിവായിരുന്നുവെന്നും ശ്രീഷ്‌കാന്ത് പറഞ്ഞു. അന്‍പതോളം കേസുകളുണ്ടായിരുന്നു ചിത്രലേഖയ്ക്കും ശ്രീഷ്‌കാന്തിനുമെതിരെ. ഓട്ടോ കത്തിച്ച കേസിൽ രണ്ട് സി.ഐ.ടി.യു പ്രവർത്തകരെ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധത്തിനൊടുവിൽ അറസ്റ്റ് ചെയ്തെങ്കിലും കേസിൽ സാക്ഷിപറയാൻ ആരും ഉണ്ടായില്ല. എല്ലാ കേസിലും ഇതുതന്നെയായിരുന്നു സ്ഥിതി.
വിചിത്രമായ രീതിയിലാണ് സി.പി.എം പരസ്യമായി ഇതിനോട് പ്രതികരിച്ചത്. നാടിന്റെ സ്വൈര്യം തകർക്കുന്ന ചിത്രലേഖയെ നിലയ്ക്ക് നിർത്തണമെന്നാവശ്യപ്പെട്ട് മൂന്നൂറോളം പേരെ സംഘടിപ്പിച്ച് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് സി.പി.എം മാർച്ച് നടത്തി. ജാതി പരിരക്ഷാ നിയമം ദുരുപയോഗം ചെയ്യുന്നു എന്നും മാധ്യമങ്ങളും പൊലീസും ഇതിനു കൂട്ടുനിൽക്കുന്നു എന്നുമായിരുന്നു പ്രതിഷേധയോഗത്തിൽ ഉയർന്ന മറ്റു പ്രധാന ആരോപണങ്ങൾ. തൊഴിലെടുത്ത് ജീവിക്കാനുള്ള പോരാട്ടം നടത്തുന്ന ഒരു ദളിത് സ്ത്രീക്കെതിരെ ഒരു പാർട്ടി
സംവിധാനം മുഴുവൻ
സജ്ജമാക്കി.
ജീവിതം വഴിമുട്ടിയ ഒരവസ്ഥയിലാണ് എടാട്ട് നിന്നു മാറിത്താമസിക്കാൻ ചിത്രലേഖ തീരുമാനിച്ചത്. സി.പി.എമ്മിന്റെ ജാതിപീഡനങ്ങളിൽനിന്നു സംരക്ഷണവും സുരക്ഷിതമായ താമസവും വേണമെന്ന ആവശ്യമുയർത്തി 2014-ൽ കണ്ണൂർ കളക്ട്രേറ്റിനു മുന്നിൽ 125 ദിവസം ചിത്രലേഖ സമരമിരുന്നു. ഇതിനുശേഷം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇടപെട്ട് അഞ്ച് സെന്റ് സ്ഥലവും വീട് വെക്കാൻ അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ, എടാട്ട് ചിത്രലേഖയ്ക്ക് സ്ഥലമുണ്ട് എന്നതരത്തിൽ ഉദ്യോഗസ്ഥ തലത്തിൽ
റിപ്പോർട്ട് പോയതിനെ തുടർന്നു സ്ഥലം അനുവദിക്കുന്നതിൽ തീരുമാനം നീണ്ടു. വീണ്ടും ഒരു മാസത്തിലധികം തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ ഇവർ സമരമിരുന്നതിനെത്തുടർന്ന് അന്വേഷണത്തിൽ വ്യക്തത വരുത്തുകയും ആനുകൂല്യം നൽകുകയും ചെയ്തു.
എന്നാൽ, ചിത്രലേഖയെ വിടാതെ പിന്തുടർന്ന സി.പി.എം പക കാണിച്ചത് 2016-ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയപ്പോഴായിരുന്നു. അധികാരത്തിലേറ്റയുടൻ വീടിനായി അഞ്ചു ലക്ഷം രൂപ അനുവദിച്ച തീരുമാനം റദ്ദാക്കി. മുസ്‌ലിംലീഗ് നേതാവ് കെ.എം. ഷാജിയും സന്നദ്ധസംഘടനകളും ഇടപെട്ട് വീട് പണി തുടർന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് പണി നടക്കുന്ന സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
ഇടതു സര്‍ക്കാരിന്റെ
നടപടി
എടാട്ട് ചിത്രലേഖയ്ക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ഭൂരഹിതർക്കു നൽകുന്ന ആനുകൂല്യത്തിന് അർഹയല്ലെന്നും ആരോപണമുന്നയിച്ചു. ഇതിനെത്തുടർന്ന് യു.ഡി.എഫ് സർക്കാർ ഭൂമി നൽകിയ തീരുമാനവും ഇടതുപക്ഷ സർക്കാർ റദ്ദാക്കി. ചിത്രലേഖയുടെ അമ്മമ്മയുടെ പേരിലുള്ള ആറ് സെന്റ് ഭൂമി ലോൺ ആവശ്യത്തിനായി ചിത്രലേഖയുടെ പേരിലേയ്ക്ക് മാറ്റിയത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, ഈ സാങ്കേതികത്വം ഉമ്മൻചാണ്ടിയുടെ കാലത്തുതന്നെ പരിഹരിക്കപ്പെട്ടതായിരുന്നു എന്ന് ചിത്രലേഖയുടെ കുടുംബം പറയുന്നു. റദ്ദാക്കിയ ഭൂമി തിരിച്ചുപിടിക്കാൻ കെ.പി.സി.സി ഇടപെട്ട് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ലാലി വിൻസെന്റായിരുന്നു കേസ് വാദിച്ചത്. ഭൂമി ചിത്രലേഖയ്ക്ക് തന്നെ അനുവദിക്കണമെന്ന് അടുത്തിടെ വിധി വരികയും ചെയ്തു. ഇതിനിടയിൽ പലരുടേയും സഹായത്തോടെ വീട് പണി പൂർത്തിയാക്കി. എന്നാൽ, അക്രമം പിന്നെയും തുടർന്നു. 2023-ൽ വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോ പിന്നെയും കത്തിച്ചു. ഒരാളെപ്പോലും ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തില്ല. പിന്നീട് ആം ആദ്മി ഇടപെട്ട് പുതിയ ഓട്ടോ നൽകിയെങ്കിലും കണ്ണൂർ നഗരത്തിൽ ഓടാനുള്ള പുതിയ പെർമിറ്റ് ആർ.ടി.ഒ ഇതുവരെ നൽകിയില്ല. ഓട്ടോ കത്തിയതിന്റെ പേരിലുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് പുതിയ പെർമിറ്റ് നൽകാതിരുന്നത്. ഇതിനായി ഓഫീസുകൾ കയറിയിറങ്ങുന്നതിനിടയിലാണ് ചിത്രലേഖയ്ക്ക് രോഗം തിരിച്ചറിയുന്നത്. ചിത്രലേഖ ഒരു പോരാളിയായിരുന്നു എന്ന് ആദ്യം സംസാരിച്ചപ്പോഴേ മനസ്സിലായിരുന്നു എന്നു മാധ്യമപ്രവർത്തകൻ ഷാജഹാൻ കാളിയത്ത് ഓർക്കുന്നു. “ആ സമയത്ത് അധികം ചാനലുകളൊന്നുമുണ്ടായിരുന്നില്ല. ഊരുവിലക്കായിരുന്നു ചിത്രലേഖ അവിടെ അനുഭവിച്ചത്. ഏഷ്യാനെറ്റ് ന്യൂസിലും അതു കൂടാതെ ടി.എൻ. ഗോപകുമാർ കണ്ണാടിയിലും ചിത്രലേഖയെക്കുറിച്ച് കൊടുത്തിരുന്നു. വാർത്ത വന്നത് ആ സമയത്ത് അവർക്കു വലിയ ആശ്വാസവും ധൈര്യവുമായിരുന്നു. പിന്നീടും നിരവധി തവണ അവരുടെ സമരങ്ങളും പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സി.പി.എം ഒരിക്കലും യഥാർത്ഥ പ്രശ്നം മനസ്സിലാക്കാനോ തിരുത്താനോ ശ്രമിച്ചിരുന്നില്ല” -ഷാജഹാൻ പറയുന്നു. 2016-ൽ അരുവിക്കരയിൽ ബി.എസ്.പി സ്ഥാനാർത്ഥിയായും ചിത്രലേഖ മത്സരിച്ചിരുന്നു. ബ്രിട്ടീഷ് തിരക്കഥാകൃത്തും ഗവേഷകനുമായ ഫ്രേസർ സ്‌കോട്ട് ചിത്രലേഖയുടെ ജീവിതം സിനിമയാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. അതിനിടെയാണ് അവർ വിടവാങ്ങിയത്. മേഘയും മനുവുമാണ് മക്കൾ. ജീവിതം മുഴുവൻ സംഘർഷവും സമരവും ജയിൽവാസവും ഓട്ടവുമായിരുന്നു ചിത്രലേഖയുടേയും ശ്രീഷ്‌കാന്തിന്റേയും ജീവിതം. ഈ സംഘർഷങ്ങളൊന്നുമില്ലായിരുന്നെങ്കിൽ കുറച്ചുനേരത്തെ രോഗം തിരിച്ചറിയാൻ കഴിയുമായിരുന്നു എന്നും ചിത്രലേഖയെ രക്ഷപ്പെടുത്താമായിരുന്നു എന്നും ശ്രീഷ്‌കാന്ത് പറയുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള കോടിയേരി മലബാർ കാൻസർ സെന്ററിൽ ചിത്രലേഖയെ തിരിച്ചറിഞ്ഞ ശേഷം കൃത്യമായ ചികിത്സ കിട്ടിയില്ലെന്നും അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. 25-ാം വയസിലാണ് ശ്രീഷ്‌കാന്ത് ചിത്രലേഖയെ കല്ല്യാണം കഴിക്കുന്നത്. ഒരു ദിവസംപോലും മര്യാദയ്ക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. തൊഴിലെടുക്കാൻ കഴിഞ്ഞിട്ടില്ല. സാമൂഹ്യമായ ഒരു ഇടപെടലും നടത്താൻ കഴിഞ്ഞിട്ടില്ല... ജീവിക്കാൻ സമ്മതിച്ചിട്ടില്ല... -ശ്രീഷ്‌കാന്തിന്റെ വാക്കുകളിടറിനിന്നു. നമുക്കു ജാതിയില്ല എന്നും കേരളത്തിൽ ജാതി വിവേചനമില്ല എന്നും അവകാശപ്പെടുന്നവർക്കു മുന്നിൽ തുറന്നുവെച്ച പുസ്തകമായി ചിത്രലേഖയുടെ ജീവിതവും അവരുടെ അനുഭവങ്ങളുമുണ്ട്. സാമൂഹ്യവിപ്ലവം എന്ന നിലയിൽ മിശ്രവിവാഹം ചെയ്തവരോട് സി.പി.എം പോലുള്ള സംഘടനകൾ എങ്ങനെ പ്രതികരിക്കുന്നു എന്നും അറിയാൻ ഇവരുടെ ജീവിതം മതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates