ഇന്‍ഡോര്‍: വൈദ്യുതി ഉത്പാദനത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്ന കണ്ടുപിടിത്തവുമായി ഐഐടി ഇന്‍ഡോറിലെ ഗവേഷകര്‍. വെള്ളത്തില്‍ നിന്നും നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വെള്ളവും വായുവും മാത്രമാണ് ഇതുപ്രകാരം വൈദ്യുതി ഉത്പാദനത്തിന് ആവശ്യം. സുര്യപ്രകാശം, ബാറ്ററികള്‍ എന്നിവയും ടര്‍ബൈന്‍ പോലുള്ള ഉപകരണങ്ങളും ആവശ്യമില്ലെന്നതാണ് പുതിയ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഐഐടി ഇന്‍ഡോറിലെ സുസ്ഥിര ഊര്‍ജ്ജ, പരിസ്ഥിതി വിഭാഗം ഗവേഷകരായ പ്രൊഫ. ധീരേന്ദ്ര കെ. റായ്, ഖുശ്വന്ത് സിങ് എന്നിവരുടെ സംഘമാണ് ഗവേഷണത്തിന് പിന്നില്‍.
ജലബാഷ്പീകരണത്തിന്റെ സ്വാഭാവിക പ്രക്രിയയെ ഉപയോഗപ്പെടുത്തിയാണ് പുതിയ സംവിധാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. കാര്‍ബണിന്റെ ഒരു പാളി രൂപമായ ഗ്രാഫീന്‍ ഓക്‌സൈഡ്, സിങ്ക്-ഇമിഡാസോള്‍ എന്നിവ സംയോജിപ്പിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെംബ്രണ്‍ എന്നിവയാണ് കണ്ടുപിടിത്തം പ്രകാരമുള്ള വൈദ്യുതി ഉത്പാദനത്തിന്റെ കാതല്‍. മെംബ്രണ്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങുമ്പോള്‍, വെള്ളം സൂക്ഷ്മ ചാനലുകളിലൂടെ സഞ്ചരിച്ച് ബാഷ്പീകരിക്കപ്പെടുന്നു. ഇതില്‍ നിന്നാണ് വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്. ബാഷ്പീകരണം മൂലം ഉണ്ടാകുന്ന ചലനം മെംബ്രണിലെ പോസിറ്റീവ്, നെഗറ്റീവ് അയോണുകളെ വേര്‍തിരിക്കുകയും സ്ഥിരമായ വോള്‍ട്ടേജ് സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
3 × 2 cm² വിസ്തീര്‍ണമുള്ള മെംബ്രണിന് 0.75 വോള്‍ട്ട് വരെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. മെബ്രണുകളുടെ ശക്തി വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് വൈദ്യുതോത്പാതനത്തിന്റെ തോതും വര്‍ധിപ്പിക്കാന്‍ കഴിയും. ശുദ്ധജലത്തിന് പുറമെ ഉപ്പുവെള്ളം, മലിന ജലം തുടങ്ങിയവയിലും ഉപകരണം കാര്യക്ഷമായി പ്രവര്‍ത്തിക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
ചെറിയ ഉപകരണങ്ങള്‍ക്ക് കാര്യക്ഷമായി ഉപയോഗിക്കാവുന്ന വിധത്തില്‍ സുസ്ഥിരമായ വൈദ്യുതി ഉത്പാദനം എന്നതാണ് കണ്ടുപിടിത്തത്തിന്റെ പ്രധാന ആകര്‍ഷണം. വൈദ്യുതി എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള വെല്ലുവിളി നിറഞ്ഞ ഇടങ്ങളില്‍ പോലും സംവിധാനം പ്രവര്‍ത്തിക്കുമെന്നത് ഭാവിയില്‍ വലിയ മുന്നേറ്റത്തിന് വഴി തുറക്കുമെന്ന പ്രതീക്ഷയും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. സോളാര്‍ പാനലുകളില്‍ നിന്ന് വ്യത്യസ്തമായി, വീടിനകത്തും രാത്രിയിലും മേഘാവൃതമായ സാഹചര്യങ്ങളിലും ഉപകരണം പ്രവര്‍ത്തിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates