ന്യൂഡൽഹി: വെനിസ്വേലയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന് പറയപ്പെടുന്ന ഇന്ത്യൻ കപ്പൽ ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. മൃതദേഹത്തിൽ തലച്ചോറോ ഹൃദയമോ ശ്വാസകോശമോ ഉൾപ്പെടെ ഒരൊറ്റ ആന്തരികാവയവം പോലും അവശേഷിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. ഉത്തർപ്രദേശിലെ ദേവരീയ സ്വദേശിയായ രാകേഷ് ചൗഹാൻ (33) എന്ന കപ്പൽ ജീവനക്കാരന്റെ മൃതദേഹത്തോടാണ് ഈ ക്രൂരത കാട്ടിയിരിക്കുന്നത്. സംഭവത്തിൽ വെനിസ്വേലൻ അധികൃതർക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് ഫെഡറേഷൻ ഓഫ് സീഫെയറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യകേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ മെയ് മാസത്തിലാണ് രാകേഷ് ചൗഹാൻ വെനിസ്വേലയിൽ വച്ച് മരണപ്പെടുന്നത്. എന്നാൽ വെനിസ്വേലൻ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളോ മരണകാരണം വ്യക്തമാക്കുന്ന രേഖകളോ ഇല്ലാതെയാണ് മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ടത്. ഇതിൽ സംശയം തോന്നിയ കുടുംബം നാട്ടിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഒരു അവയവം പോലുമില്ല, 43 തുന്നലുകൾ; മരണകാരണം കണ്ടെത്താനാകാതെ ഡോക്ടർമാർ
കുടുംബത്തിന്റെ ആവശ്യപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക അനുമതിയോടെ ഉത്തർപ്രദേശിലെ ദേവരീയയിൽ വച്ച് ഡോക്ടർമാരുടെ സംഘം നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോർട്ട
ത്തിലാണ് ഭയപ്പെടുത്തുന്ന ഈ യാഥാർത്ഥ്യം പുറത്തുവന്നത്.
തലച്ചോറ്, ഹൃദയം, രണ്ട് ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, പ്ലീഹ , ആമാശയം, കുടലുകൾ, തൈറോയ്ഡ്, ശ്വാസനാളം (Trachea), ലാറിൻക്സ് എന്നിവയെല്ലാം പൂർണ്ണമായും മാറ്റിയ നിലയിലായിരുന്നു.
കഴുത്ത് മുതൽ അടിവയർ വരെ നീളത്തിൽ കീറി 22 തുന്നലുകളും, തലയിൽ ഒരു ചെവി മുതൽ അടുത്ത ചെവി വരെ കീറി 21 തുന്നലുകളും ഉൾപ്പെടെ ആകെ 43 തുന്നലുകൾ മൃതദേഹത്തിൽ ഉണ്ടായിരുന്നു.
ശരീരത്തിൽ ഒരൊറ്റ അവയവം പോലും ഇല്ലാത്തതിനാൽ രാകേഷിന്റെ യഥാർത്ഥ മരണകാരണം എന്താണെന്ന് കണ്ടെത്താൻ ഇന്ത്യൻ ഡോക്ടർമാർക്ക് സാധിച്ചില്ല. മരണത്തിന് മുൻപുള്ള പരിക്കുകളൊന്നും ശരീരത്തിൽ കണ്ടെത്താനായിട്ടുമില്ല. ഏതാണ്ട് ഒരു മാസത്തോളമാണ് മൃതദേഹം വിദേശത്ത് ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്.
കമ്പനിയുടെ മൊഴികളിൽ വൈരുദ്ധ്യം; അവയവക്കടത്തെന്ന് സംശയം
2025 നവംബറിലാണ് രാകേഷ് ചൗഹാൻ 'എക്സ്ഫിനിറ്റി' (Xfinity) എന്ന ഷിപ്പിങ് കമ്പനി വഴി മർച്ചന്റ് നേവി കപ്പലിലെ ജീവനക്കാരനായി വെനിസ്വേലയിലേക്ക് പോകുന്നത്. രാകേഷിന് കപ്പലിൽ വച്ച് വീഴ്ച പറ്റിയെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നുമാണ് കമ്പനി അധികൃതർ ആദ്യം ഫോണിലൂടെ കുടുംബത്തെ അറിയിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വീഴ്ചയിലുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് കമ്പനി അന്ന് അവകാശപ്പെട്ടത്.
സാധാരണയായി വിദേശരാജ്യങ്ങളിൽ പോസ്റ്റ്മോർട്ടം
നടത്തുമ്പോൾ പരിശോധനകൾക്കായി ചില അവയവങ്ങൾ മാറ്റിവെക്കാറുണ്ടെങ്കിലും, സകല അവയവങ്ങളും പൂർണ്ണമായി നീക്കം ചെയ്തതും അത് സംബന്ധിച്ച ഒരു രേഖയും നൽകാത്തതുമാണ് സംശയങ്ങൾക്ക് ഇടയാക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷയെയും അന്താരാഷ്ട്ര നിയമങ്ങളെയും ചോദ്യം ചെയ്യുന്നതാണ് ഈ സംഭവമെന്ന് എഫ്എസ്‌യുഐ കുറ്റപ്പെടുത്തി. വിഷയത്തിൽ വെനിസ്വേലയിലെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാരായ ഷിപ്പിങ് കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും രാകേഷിന്റെ പിതാവ് രാം ദേവ് ചൗഹാൻ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates