ISRO Chairman Dr V Narayanan 
India

ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല; ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കും: ചെയർമാൻ

രാജ്യം ലക്ഷ്യമിടുന്നത് പ്രതിവർഷം 50 വിക്ഷേപണങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: ഐഎസ്ആർഒ സ്വകാര്യവത്കരിക്കുകയാണെന്ന പ്രചാരണങ്ങൾ പൂർണ്ണമായും തള്ളി ചെയർമാൻ ഡോ വി. നാരായണൻ. ബഹിരാകാശ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് കൂടുതൽ പങ്കാളിത്തം നൽകുന്ന കേന്ദ്ര സർക്കാർ നയത്തിൽ ജീവനക്കാർക്കിടയിൽ ഉയർന്നുവന്നിട്ടുള്ള എല്ലാ ആശങ്കകളും ചർച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബെംഗളൂരു സ്പേസ് എക്സ്പോയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ നയങ്ങളിൽ വരുന്ന മാറ്റങ്ങൾ ഐഎസ്ആർഒയുടെ ഭാവി പ്രവർത്തനങ്ങൾ, പുതിയ റിക്രൂട്ട്‌മെന്റുകൾ, ജീവനക്കാരുടെ തൊഴിൽ സുരക്ഷ എന്നിവയെ എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തത തേടി ഐഎസ്ആർഒ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി കത്ത് നൽകിയ പശ്ചാത്തലത്തിലാണ് ചെയർമാന്റെ പ്രതികരണം. "ആറു വർഷം മുൻപാണ് ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചത്. ആ നയമനുസരിച്ച് സ്വകാര്യ മേഖലയെ കൈപിടിച്ചുയർത്താനും ഇന്ത്യയുടെ ബഹിരാകാശ ഇക്കോസിസ്റ്റത്തെ കൂടുതൽ വിപുലമാക്കാനും നമുക്ക് ബാധ്യതയുണ്ട്," ഡോ. നാരായണൻ പറഞ്ഞു.

സ്വകാര്യ വ്യവസായങ്ങൾ പണ്ടുമുതലേ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽ നിർണ്ണായക പങ്കാളികളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു പിഎസ്എൽവിയോ ജിഎസ്എൽവിയോ വിക്ഷേപിക്കുമ്പോൾ അതിന്റെ എല്ലാം ചെയ്യുന്നത് ഐഎസ്ആർഒ മാത്രമാണെന്ന് കരുതരുത്. ബജറ്റിന്റെ ഏകദേശം 80 ശതമാനവും വിനിയോഗിക്കുന്നത് ഇന്ത്യൻ വ്യവസായങ്ങളിലൂടെയാണ്. രാജ്യത്തെ 450-ലധികം വൻകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളാണ് റോക്കറ്റ് നിർമ്മാണത്തിനായി നിലവിൽ ഐഎസ്ആർഒയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ പ്രതിവർഷം ശരാശരി 50 വിക്ഷേപണ വാഹനങ്ങൾ ഇന്ത്യക്ക് ആവശ്യമായി വരുമെന്ന് ചെയർമാൻ വ്യക്തമാക്കി. ഇത്രയും വലിയ ലക്ഷ്യം കൈവരിക്കണമെങ്കിൽ ഐഎസ്ആർഒയും സ്വകാര്യ മേഖലയും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന വിശാലമായൊരു അന്തരീക്ഷം അനിവാര്യമാണ്. ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുകയാണെന്ന വാദങ്ങൾ അദ്ദേഹം അസന്ദിഗ്ദ്ധമായി തള്ളി. സംഘടനയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കുന്നില്ലെന്നും, രാജ്യത്തിന്റെ ബഹിരാകാശ ശേഷി വർദ്ധിപ്പിക്കുക മാത്രമാണ് നയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അടിവരയിട്ടു.

ജീവനക്കാരുടെ സംഘടനകൾ രേഖാമൂലമുള്ള വിശദീകരണം ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഒന്നോ രണ്ടോ സംഘടനകൾ കത്ത് നൽകിയെന്ന് കരുതി ഔദ്യോഗികമായി രേഖാമൂലം മറുപടി നൽകുന്നത് ഉചിതമായിരിക്കില്ലെന്ന് അദ്ദേഹം മറുപടി നൽകി. ഇരുപതിനായിരത്തോളം ജീവനക്കാരാണ് സ്ഥാപനത്തിലുള്ളതെന്നും അവരുടെ ആശങ്കകൾ നേരിട്ട് കേട്ട് ബോധ്യപ്പെടുത്തുമെന്നും ഐഎസ്ആർഒ മേധാവി കൂട്ടിച്ചേർത്തു.

ISRO Chairman Dr. V. Narayanan has emphatically dismissed concerns that the Indian space agency is being privatized, reassuring the workforce that their apprehensions over the central government's expanding private sector push in the space domain will be properly addressed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു; പരിക്കേറ്റ രണ്ടു തൊഴിലാളികള്‍ ആശുപത്രിയില്‍

യുവാക്കളുടെ പണത്തില്‍ താരങ്ങളായവര്‍, അവര്‍ ലാത്തിച്ചാര്‍ജ് നേരിടുമ്പോള്‍ മൗനം പാലിക്കുന്നത് ശരിയല്ല: പാര്‍വതി തിരുവോത്ത്

കോടികള്‍ വാരുന്ന പൈലറ്റുമാര്‍, ശമ്പളത്തില്‍ മുന്നില്‍ ആര് ?

ഇന്ത്യന്‍ എഞ്ചിനീയര്‍ റഷ്യയില്‍ തടങ്കലില്‍; പട്ടാളത്തില്‍ ചേരാന്‍ സമ്മർദ്ദമെന്ന് ഭാര്യ, രക്ഷപ്പെടുത്തണമെന്ന് മോദിയോട് അഭ്യര്‍ഥന

ഡല്‍ഹി അപകടത്തില്‍ മരണം ഏഴായി; കെട്ടിട ഉടമ രാജസ്ഥാനില്‍ പിടിയില്‍