ബംഗളൂരു: കർണാടകയിലെ വോട്ടർ പട്ടിക സമഗ്രമായി പുതുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയിൽ (എസ്ഐആർ) വ്യാപക പൊരുത്തക്കേടുകൾ. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, ഓൺലൈൻ ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ സ്ഥാപകരായ നിതിൻ കാമത്ത്, നിഖിൽ കാമത്ത് എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ വിവരങ്ങളാണ് പ്രാഥമിക പരിശോധനയിൽ അപാകതയുള്ളതായി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ മാതാവ് ഗൗരമ്മയുടെ പേരിലും വോട്ടർ പട്ടികയിൽ ഇത്തരത്തിലുള്ള അപാകത കണ്ടെത്തിയിട്ടുണ്ട്. കനകപുര മണ്ഡലത്തിലെ വോട്ടറായ ഗൗരമ്മയുടെ പേരിലെ അക്ഷരത്തെറ്റാണ് കമ്പ്യൂട്ടർ പരിശോധനയിൽ കുടുങ്ങിയത്.
2002-ലെ വോട്ടർ പട്ടികയുമായി നിലവിലെ വിവരങ്ങൾ ഒത്തുനോക്കുന്നതിനിടയിലാണ് വലിയ തോതിലുള്ള പൊരുത്തക്കേടുകൾ പുറത്തുവന്നത്. നന്ദൻ നിലേകനിയുടെയും കുടുംബാംഗങ്ങളുടെയും പേരുകൾ 2002-ലെ പട്ടികയുമായി ഒത്തുപോകുന്നില്ലെന്നാണ് കണ്ടെത്തൽ. ബംഗളൂരു സൗത്ത് മണ്ഡലത്തിലെ വോട്ടർമാരായ നിതിൻ കാമത്ത്, നിഖിൽ കാമത്ത്, ഇവരുടെ മാതാവ് രേവതി കാമത്ത് എന്നിവരുടെ വിവരങ്ങളിൽ മാതാപിതാക്കളുടെ പേരിലാണ് പ്രശ്നം. കന്നഡ സിനിമാതാരം ശിവരാജ്കുമാറിന്റെ പേര് പഴയ പട്ടികയിൽ കണ്ടെത്താനാവാത്തതിനെ തുടർന്നും വിവരങ്ങൾ ഒത്തുപോകുന്നില്ലെന്ന് രേഖപ്പെടുത്തി നോട്ടീസ് തയാറായി.
നോട്ടീസ് ലഭിക്കുന്നവർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ടെത്തി രേഖകൾ ഹാജരാക്കണമെന്നാണ് ചട്ടമെങ്കിലും, പ്രമുഖർക്ക് ഇതിൽ ഇളവ് നൽകുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഉദ്യോഗസ്ഥർ നേരിട്ടെത്തി ഇവരുടെ വിവരങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്തും. അതിനാൽ പല പ്രമുഖർക്കും നോട്ടീസുകൾ കൈമാറിയിട്ടില്ല.
പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫസർ സി.എൻ.ആർ. റാവുവിന്റെ പേരിലെ അക്ഷരത്തെറ്റും ഇത്തരത്തിൽ കമ്പ്യൂട്ടർ കണ്ടെത്തി തടസ്സമുള്ളതായി അടയാളപ്പെടുത്തിയിരുന്നു. 92 വയസ്സുള്ള അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള പ്രൊഫസർ എന്ന ഇംഗ്ലീഷ് വാക്കിന്റെ അക്ഷരത്തിൽ വന്ന പിഴവായിരുന്നു ഇതിന് കാരണം. പത്മശ്രീ പുരസ്കാര ജേതാവായ ഹരേകല ഹജബ്ബ, നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ എന്നിവരുടെ വിവരങ്ങളിലും സമാനമായ തടസ്സങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ഇവ ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ട് പരിഹരിച്ചു.
കർണാടകയിലാകെ നാലരക്കോടിയോളം വോട്ടർമാരാണ് കരട് വോട്ടർ പട്ടികയിലുള്ളത്. ഇതിൽ ബംഗളൂരു നഗരത്തിൽ മാത്രം പേരുകൾ ഒത്തുപോകാത്തതിനാലും വിവരങ്ങളിലെ പൊരുത്തക്കേടുകൾ കാരണവും 24 ലക്ഷത്തിലധികം നോട്ടീസുകളാണ് കമ്പ്യൂട്ടർ വഴി തയാറായത്. ഇതിൽ ആറ് ലക്ഷത്തിലധികം പേരുടെ വിവരങ്ങളിൽ പൊരുത്തകേടുണ്ടെന്നാണ് തീവ്ര പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. 17 ലക്ഷത്തിലധികം ആളുകളുടെ പേരുകൾ പഴയ പട്ടികയുമായി ഒത്തുപോകുന്നില്ല. ഇതുവരെ രണ്ടര ലക്ഷത്തിലധികം ആളുകളുടെ വിവരങ്ങൾ പരിശോധിച്ച് തീർപ്പാക്കി. തെറ്റുകൾ പൂർണ്ണമായി തിരുത്തി കുറ്റമറ്റ വോട്ടർ പട്ടിക ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates