കൊല്‍ക്കത്ത: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിപിഎം-ബിജെപി ധാരണയുടെ പുറത്താണ് ഇത്തരത്തില്‍ ഒരു മാറ്റത്തിന് അംഗീകാരം ലഭിച്ചതെന്നാണ് മമത ബാനര്‍ജിയുടെ ആരോപണം. പശ്ചിമ ബംഗാള്‍ എന്ന പേര് മാറ്റ് ബംഗ്ല എന്നാക്കണമെന്ന് എട്ടുവര്‍ഷമായി തന്റെ സര്‍ക്കാര്‍ ഉയര്‍ത്തുന്ന ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് മമതയുടെ വിമര്‍ശനം.
കേന്ദ്രത്തിന് ബംഗാള്‍ വിരുദ്ധ നയമാണെന്നും കേരളത്തിന് നല്‍കിയ പരിഗണന ബംഗാളിന് നല്‍കാത്തത് വിവേചനമാണെന്നും മമത പറഞ്ഞു. 'കേരളം എന്നല്ല ഒരു സംസ്ഥാനത്തോടും ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല. പക്ഷെ കേരളം എന്നാക്കാനുള്ള ആവശ്യത്തിന് ഇപ്പോള്‍ അംഗീകാരം നല്‍കിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയുടെ പുറത്താണ് എന്ന് വ്യക്തമാണ്. ബിജെപി എക്കാലവും അധികാരത്തില്‍ കാണില്ല. നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായ ബംഗാളി പേര് ലഭിക്കുന്ന നാള്‍ വരും,' മമത ബാനര്‍ജി പറഞ്ഞു.
2011 ല്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത് മുതല്‍ സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റണമെന്ന് താന്‍ ആവശ്യപ്പെടുന്നതായി മമത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടപ്പോഴെല്ലാം ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. 'അവര്‍ ബംഗാളി വിരുദ്ധരായതിനാലാണ് ഇത് അംഗീകരിക്കാത്തതെന്ന് ഞാന്‍ കരുതുന്നു. ബംഗാളിന്റെ ഐക്കണുകളെ അവര്‍ അവഹേളിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് നേട്ടത്തിനായി മാത്രമാണ് അവര്‍ 'ബംഗ്ലാ' എന്ന പദം ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാനത്തിന്റെ പേര് മാറ്റത്തിന് അവര്‍ അംഗീകാരം നല്‍കാത്തത്' എന്നും മമത കുറ്റപ്പെടുത്തി.
'West Bengal' എന്ന പേരിലെ 'W' അക്ഷരമാലയുടെ അവസാനം വരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അഭിമുഖങ്ങളിലും പരീക്ഷകളിലും അവസരം ലഭിക്കുന്നത് ഏറ്റവും ഒടുവിലാണെന്ന് മമത പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗങ്ങളില്‍ പോലും തനിക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുന്നത് അവസാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 'ബംഗ്ലാ' (Bangla) എന്നാക്കിയാല്‍ സംസ്ഥാനത്തിന്റെ സ്ഥാനം പട്ടികയില്‍ നാലാമതാകുമെന്നും മമത പറയുന്നു.
2018ല്‍ ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഒരേപോലെ 'ബംഗ്ലാ' എന്നാക്കി മാറ്റാന്‍ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ അയല്‍രാജ്യമായ ബംഗ്ലാദേശുമായി പേരിന് സാമ്യമുണ്ടെന്ന കാരണം പറഞ്ഞ് കേന്ദ്രം ഇത് തടയുകയാണെന്നാണ് തൃണമൂല്‍ പറയുന്നത്.
സംഭവത്തില്‍ മമതയ്ക്ക് പിന്തുണയുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. കേരളത്തിന്റെ പേര് മാറ്റാനുള്ള സമാനമായ നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യവും കേന്ദ്രം അംഗീകരിക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.
കേരളത്തിന്റെ പേര് മാറ്റാമെങ്കില്‍ എന്തുകൊണ്ട് ബംഗാളിന്റെ പേര് മാറ്റിക്കൂടാ എന്ന് അദ്ദേഹം ചോദിച്ചു. ഭാവിയില്‍ ജമ്മു കശ്മീര്‍ നിയമസഭയും ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചാല്‍ കേന്ദ്രം അത് പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളും പേര് മാറ്റാനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍ നിയമസഭ സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കേന്ദ്രം ആ ആവശ്യം അംഗീകരിക്കണം. ഭാവിയില്‍ സമാനമായ ഒരു നിര്‍ദേശം ജമ്മു കശ്മീര്‍ നിയമസഭ മുന്നോട്ടുവച്ചാല്‍, കേന്ദ്രം അത് പരിഗണിക്കണമെന്ന് ഒമര്‍ അബ്ദുളള പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates