ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബിൽ ലോക്സഭ പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലിന് ലോക്സഭ അംഗീകാരം നൽകിയത്. സഭയിൽ ബിൽ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ചത്.
സർക്കാർ മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് പേര് ഒഴിവാക്കിയതിലൂടെ കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ (എംജിഎൻആർഇജിഎ) വ്യവസ്ഥകളിൽ വെള്ളം ചേർക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ ഇത് പുതിയ പദ്ധതിയാണെന്നും, പ്രതിപക്ഷ ബഹളത്തിന് കീഴടങ്ങില്ലെന്നും കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവരാജ് സിങ് ചൗഹാൻ മറുപടി നൽകി. മഹാത്മാഗാന്ധിയുടെ പേര് എൻആർഇജിഎയിൽ ചേർത്തത് 2009 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ശിവരാജ് സിങ് ചൗഹാൻ കുറ്റപ്പെടുത്തി. ലോക്സഭ പാസ്സാക്കിയ ബിൽ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് വരും.
വിവാദമായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ചൊവ്വാഴ്ചയാണ് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ച തുടങ്ങി. അര്‍ധരാത്രി വരെ ചര്‍ച്ച നീണ്ടിരുന്നു. ബില്‍ ജെപിസിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates