ബംഗളൂരു: മഹാഭാരതത്തെയും രാമായണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സ്‌കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കര്‍ണാടക മംഗളൂരുവിലെ സ്‌കൂളിലെ അധ്യാപികയെയാണ് വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
തീരദേശ നഗരത്തിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്ന് ബിജെപി എംഎല്‍എ വേദ്യാസ് കമത്തിനെ പിന്തുണക്കുന്നവര്‍ ആരോപിച്ചു.
പ്രധാനമന്ത്രി മോദിക്കെതിരെയും അധ്യാപിക സംസാരിച്ചതായി ഇവര്‍ ആരോപിച്ചു. 2002ലെ ഗുജറാത്ത് കലാപവും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും ചൂണ്ടികാണിച്ചാണ് അധ്യാപിക പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും വലതുപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. കുട്ടികളുടെ മനസ്സില്‍ വെറുപ്പിന്റെ വികാരങ്ങള്‍ ഉണ്ടാക്കാന്‍ അധ്യാപിക ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
അധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബിജെപി എംഎല്‍എ വേദ്യാസ് കമത്തും പ്രതിഷേധത്തില്‍ ചേര്‍ന്നു. വിഷയം പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡിഡിപിഐ) അന്വേഷിക്കുകയാണ്. അതേസമയം സെന്റ് ജെറോസ സ്‌കൂളിന് 60 വര്‍ഷത്തെ ചരിത്രമുണ്ടെന്നും ഇതുവരെ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും ഈ സംഭവം സ്‌കൂളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നും സ്‌കൂള്‍ അധികൃതര്‍ കത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates