മൻമോഹൻ സിങ് ഫയൽ/പിടിഐ
India

മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ പഠനം, അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദം; എസ്പിയെ ഒപ്പംകൂട്ടി രാഷ്ട്രീയബുദ്ധിവൈഭവം

2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലെത്തിയപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണ്.

സമകാലിക മലയാളം ഡെസ്ക്

2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലെത്തിയപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണ്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവായും യുപിഎ അധ്യക്ഷയായും തിരഞ്ഞെടുക്കപ്പെട്ടത് സോണിയാ ഗാന്ധിയായത് കൊണ്ട് സ്വാഭാവികമായി അവര്‍ തന്നെ പ്രധാനമന്ത്രി കസേരയിലേക്ക് അനായാസം എത്തുമെന്നാണ് രാഷ്ട്രീയ ലോകം കരുതിയിരുന്നത്. എന്നാല്‍ എന്നാല്‍, പ്രധാനമന്ത്രിയാകാന്‍ സോണിയ വിസമ്മതിച്ചു. പ്രണബ് മുഖര്‍ജിയെപ്പോലുള്ള മുന്‍നിര നേതാക്കളെക്കാള്‍ വിശ്വസ്തനായി കണ്ട മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധിയാണ് നിര്‍ദേശിച്ചത്. പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ് വരുന്നത് ഏറെ അമ്പരപ്പോടെയാണ് രാഷ്ട്രീയ ലോകം അന്ന് ഉറ്റുനോക്കിയത്.

ഭരണപരമായ കാര്യങ്ങളില്‍ മന്‍മോഹന്‍ സിങ്ങും രാഷ്ട്രീയകാര്യങ്ങളില്‍ അന്തിമതീരുമാനം സോണിയയുടേതുമെന്ന നിലയിലായിരുന്നു തുടക്കം. എന്നാല്‍, പിന്നീട് സുപ്രധാന നയതീരുമാനങ്ങളെല്ലാം യുപിഎ അധ്യക്ഷ എന്ന നിലയില്‍ സോണിയ വഴിയായത്, മന്‍മോഹന്‍ സിങ്ങിന് റബ്ബര്‍ സ്റ്റാമ്പ് എന്ന പഴി കേള്‍ക്കാന്‍ ഇടയാക്കി. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍പോലും സോണിയയുടെ നിലപാടിനായി കാതോര്‍ത്തുനിന്നപ്പോള്‍ നിസ്സഹായനായി നോക്കിനില്‍ക്കാനേ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുള്ളൂ. കാബിനറ്റിലെ മുതിര്‍ന്ന അംഗമായിരുന്ന പ്രണബ് മുഖര്‍ജിയാണ് അക്കാലം മന്ത്രിമാരുടെ മിക്ക ഉന്നതതലസമിതിയെയും നയിച്ചിരുന്നത്.

രണ്ടുവര്‍ഷം തടവിനു ശിക്ഷിക്കപ്പെടുന്ന ഏത് എംപിയും ഉടന്‍ അയോഗ്യനാക്കപ്പെടുമെന്ന സുപ്രധാനമായ സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്, പാര്‍ട്ടി എംപി കൂടിയായ രാഹുല്‍ഗാന്ധി 2013ല്‍ പരസ്യമായി കീറിയെറിഞ്ഞ സംഭവം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ വേദനിപ്പിച്ച സംഭവമായിരുന്നു. പ്രധാനമന്ത്രി എന്നനിലയില്‍ ഏറ്റവും ദുര്‍ബലന്‍ എന്നുതോന്നിച്ച സംഭവമായിരുന്നു അത്. എന്നാല്‍, പിന്നീട് രാഹുല്‍ഗാന്ധി മന്‍മോഹന്‍ സിങ്ങിനോട് ഖേദം പ്രകടിപ്പിച്ചുവെന്നാണ് വിവരം.

അമേരിക്കയുമായുണ്ടാക്കിയ ആണവക്കരാറിനെ ചൊല്ലിയാണ് ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിക്കുന്നത്. ആ സമയത്തെ പ്രതിസന്ധിയെ മറികടക്കാന്‍ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ ഉടന്‍തന്നെ ഉറപ്പാക്കിയ മന്‍മോഹന്‍ സിങ് അതിലൂടെ തന്റെ രാഷ്ട്രീയബുദ്ധിവൈഭവവും പ്രകടമാക്കി. പാര്‍ട്ടിക്കകത്ത് തനിക്കുമേല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച മറ്റുനേതാക്കളോട് കീഴടങ്ങാന്‍ മന്‍മോഹന്‍ തയ്യാറായിട്ടില്ല. പലതവണ അദ്ദേഹം പ്രധാനമന്ത്രിപദം രാജിവെക്കുമെന്ന ഭീഷണിമുഴക്കിയെങ്കിലും പരസ്യമായി തികഞ്ഞ അച്ചടക്കം പാലിച്ച പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ പാകിസ്ഥാന്റെ ഭാഗമായ പടിഞ്ഞാറന്‍ പഞ്ചാബിലെ ഗാ എന്ന പിന്നാക്കഗ്രാമത്തിലാണ് മന്‍മോഹന്‍ സിങ് ജനിച്ചത്. ദാരിദ്ര്യത്തോട് പടവെട്ടിയാണ് അദ്ദേഹം രാജ്യത്തിന്റെ അത്യുന്നതപദവി വരെയെത്തിയത്. മൈലുകളോളം നടന്നാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലിരുന്നായിരുന്നു രാത്രികാലങ്ങളിലെ പഠനം. പാവപ്പെട്ട കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങളുടെ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കിയ ഡോ. സിങ് റിസര്‍വ് ബാങ്ക് ഗവര്‍ണറും രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും യുജിസി ചെയര്‍മാനും അടക്കമുള്ള പദവികളിലേക്ക് പില്‍ക്കാലത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT