ശ്രീനഗര്‍: പ്രസവാവധി സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ അവകാശമാണെന്നും അത് സര്‍ക്കാരിന്റെ ജീവകാരുണ്യമല്ലെന്നും ജമ്മു കശ്മീര്‍ ആന്റ് ലഡാക്ക് ഹൈക്കോടതി. ശമ്പളത്തോടുകൂടിയുള്ള പ്രസവാവധിക്കുള്ള അവകാശം ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഡോക്ടര്‍മാര്‍ക്ക് പ്രസവാവധി കാലയളവിലെ ശമ്പളം നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയും അവര്‍ക്ക് മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
'പ്രസവാവധി എന്നത് സര്‍ക്കാരിന്റെ ജീവകാരുണ്യ പ്രവര്‍ത്തനമായി ചുരുക്കിക്കാണാന്‍ കഴിയില്ല. അത് സ്ത്രീകളുടെ അന്തസ്സില്‍ ഊന്നിയുള്ള, ചോദ്യം ചെയ്യാനാവാത്ത ഭരണഘടനാപരമായ അവകാശമാണ്. അവധിക്കുള്ള അവകാശത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണ് മുഴുവന്‍ ശമ്പളത്തിനുമുള്ള അവകാശം. ഏകപക്ഷീയമായ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ അതിനെ ഇല്ലാതാക്കാന്‍ കഴിയില്ല, കോടതി വ്യക്തമാക്കി. ഡോ. സൊനാക്ഷി ഗുപ്ത ഉള്‍പ്പെട്ട കേസിലാണ് ഈ സുപ്രധാന വിധി ഉണ്ടായത്. 'ജമ്മു കശ്മീര്‍ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ എഡ്യൂക്കേഷന്‍ റൂള്‍സ്, 2020' പ്രകാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിയമിതരായ സീനിയര്‍ റസിഡന്റുമാരും ട്യൂട്ടര്‍മാരും സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് രജനീഷ് ഓസ്വാള്‍ ആണ് പരിഗണിച്ചത്.
പ്രസവാവധിയിലായിരുന്ന സമയത്ത് ഡോക്ടര്‍മാര്‍ അസൈന്‍മെന്റില്‍ ഇല്ലായിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ശമ്പളം തടഞ്ഞുവെച്ച നടപടിക്കെതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. നിലവിലുള്ള സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിധേയമായി സീനിയര്‍ റസിഡന്റുമാര്‍ക്കും ട്യൂട്ടര്‍മാര്‍ക്കും പ്രസവാവധി ആനുകൂല്യങ്ങള്‍ നീട്ടി നല്‍കി 2024 ജൂലൈ 8-ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പ്രസവാവധി കാലയളവിലെ ശമ്പളവും ആനുകൂല്യവും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ ഇവര്‍ സ്ഥിരം ജീവനക്കാരല്ലെന്നായിരുന്നു മറുവാദം. എതിര്‍ഭാഗത്തിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞ കോടതി, ഹര്‍ജിക്കാര്‍ക്ക് പ്രസവാവധിക്ക് മാത്രമല്ല, അതിനോടൊപ്പമുള്ള ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates