ബംഗളൂരു: കാവേരി നദിയില്‍ മേക്കേദാട്ടു അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കം കര്‍ണാടക-തമിഴ്നാട് തര്‍ക്കം വീണ്ടും രൂക്ഷമാക്കുന്നു. ബംഗളൂരുവിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കാനും മഴക്കാലത്ത് ലഭിക്കുന്ന അധികജലം സംഭരിക്കാനുമാണ് അണക്കെട്ട് നിര്‍മിക്കുന്നതെന്നാണ് കര്‍ണാടകയുടെ വാദം. എന്നാല്‍ അണക്കെട്ട് യാഥാര്‍ഥ്യമായാല്‍ തമിഴ്നാട്ടിലേക്ക് ലഭിക്കേണ്ട കാവേരി ജലത്തിന്റെ ഒഴുക്കിനെയും വിതരണത്തെയും ബാധിക്കുമെന്നാണ് തമിഴ്നാടിന്റെ ആശങ്ക.
നവംബര്‍ 13ന് മൈസൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ മേക്കേദാട്ടു പദ്ധതിയുമായി ബന്ധപ്പെട്ട നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മണിക്കം ടാഗോര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം വീണ്ടും രാഷ്ട്രീയ ശ്രദ്ധ നേടിയത്.
എന്താണ് മേക്കേദാട്ട് പദ്ധതി?
കര്‍ണാടകയിലെ കാവേരി നദിക്ക് കുറുകെ അണക്കെട്ടും ജലസംഭരണിയും നിര്‍മിക്കുന്ന പദ്ധതിയാണ് മേക്കേദാട്ടു ബാലന്‍സിങ് റിസര്‍വോയര്‍ കം ഡ്രിങ്കിങ് വാട്ടര്‍ പ്രോജക്ട്. ബംഗളൂരുവില്‍ നിന്ന് ഏകദേശം 110 കിലോമീറ്റര്‍ അകലെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 67.16 ടിഎംസി (ആയിരം ദശലക്ഷം ഘനയടി) സംഭരണശേഷിയുള്ള ജലസംഭരണിയാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ജലം സംഭരിക്കുകയും ആവശ്യാനുസരണം നിയന്ത്രിച്ച് പുറത്തേക്ക് വിടുകയുമാണ് ലക്ഷ്യം.
ബംഗളൂരുവിലെയും സമീപ നഗരങ്ങളിലെയും വര്‍ധിച്ചുവരുന്ന കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ പദ്ധതി സഹായിക്കുമെന്നാണ് കര്‍ണാടകയുടെ വാദം. മഴക്കാലത്ത് ലഭിക്കുന്ന അധികജലം സംഭരിക്കാനും 400 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള ജലസംഭരണികളിലെ സമ്മര്‍ദം കുറയ്ക്കാനും കാവേരി ജലത്തിന്റെ വിതരണം കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കാനും പുതിയ അണക്കെട്ട് സഹായിക്കുമെന്നാണ് കര്‍ണാടകയുടെ നിലപാട്.
എന്തുകൊണ്ടാണ് തമിഴ്നാട് എതിര്‍ക്കുന്നത്?
തമിഴ്നാടിന് മുകളിലായി കാവേരി നദിയില്‍ വലിയൊരു ജലസംഭരണി നിര്‍മിക്കുന്നത് ജലത്തിന്റെ ഒഴുക്കിനുമേല്‍ കര്‍ണാടകയ്ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുമെന്നാണ് തമിഴ്നാടിന്റെ ആശങ്ക. ഇതുവഴി തമിഴ്നാട്ടിലേക്ക് നിശ്ചിത സമയത്ത് ലഭിക്കേണ്ട ജല വിതരണത്തെ ബാധിക്കാമെന്നും സംസ്ഥാനം വാദിക്കുന്നു. കാവേരി നദീജജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവുകളും 2018ലെ സുപ്രീംകോടതി വിധിയും പരിഗണിച്ചായിരിക്കണം പദ്ധതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു.
സുപ്രീംകോടതി ഭേദഗതി ചെയ്ത ജലവിഹിത ക്രമീകരണം അനുസരിച്ച് സാധാരണ വര്‍ഷങ്ങളില്‍ ബിലിഗുണ്ട്‌ലുവില്‍ തമിഴ്നാടിന് ലഭിക്കേണ്ട കാവേരി ജലത്തിന്റെ അളവ് 177.25 ടിഎംസിയാണ്. പ്രതിമാസ അടിസ്ഥാനത്തിലാണ് ഈ ജലം കൈമാറേണ്ടത്. ഈ ജലവിഹിത ക്രമീകരണം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയും കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയും ചേര്‍ന്നാണ്.
ഒരു വര്‍ഷം തമിഴ്നാട്ടിലേക്ക് എത്രമാത്രം ജലം ലഭിക്കുന്നു എന്നതുമാത്രമല്ല, അത് എപ്പോള്‍ ലഭിക്കുന്നു എന്നതും പ്രധാനമാണെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ടുഡേയുടെ കാവേരി നദിയിലെ ജലപ്രവാഹത്തെക്കുറിച്ചുള്ള വിശകലനം അനുസരിച്ച്, 2020-21ല്‍ ബിലിഗുണ്ട്‌ലുവില്‍ രേഖപ്പെടുത്തിയ വാര്‍ഷിക ജലപ്രവാഹം നിശ്ചയിച്ച അളവിനേക്കാള്‍ കൂടുതലായിരുന്നു. എന്നാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രതിമാസം ലഭിക്കേണ്ട ജലത്തിന്റെ അളവില്‍ വലിയ കുറവുണ്ടായി.
വാര്‍ഷികാടിസ്ഥാനത്തില്‍ ആവശ്യമായ ജലം ലഭിച്ചാലും കൃഷിക്ക് ആവശ്യമായ സമയത്ത് ജലം ലഭിക്കാതിരിക്കുന്നത് കര്‍ഷകരെ ബാധിക്കുമെന്നാണ് തമിഴ്നാടിന്റെ ആശങ്ക. മേക്കേദാട്ടുവില്‍ അധികജലം സംഭരിക്കുന്നത് താഴേക്കുള്ള ജലപ്രവാഹത്തെ ബാധിക്കുമോ എന്നതും സംസ്ഥാനത്തിന്റെ പ്രധാന ആശങ്കയാണ്. എന്നാല്‍ 2020-21ലെ ജലവിതരണത്തിലെ കുറവ് മേക്കേദാട്ടു പദ്ധതി കാരണമാകുമെന്നതിന് ഇത് തെളിവല്ല.
പദ്ധതിയുടെ അനുമതി, നടപടികള്‍
2018ല്‍ കര്‍ണാടകയ്ക്ക് വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാന്‍ കേന്ദ്ര ജലകമ്മീഷന്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അംഗീകാരം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഇതിന് ബാധകമായിരുന്നു. 2025 നവംബറില്‍ ഡിപിആര്‍ തയ്യാറാക്കുന്നതിനെതിരെ തമിഴ്നാട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. പദ്ധതിയുടെ കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പരിശോധിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്നും തമിഴ്നാടിന്റെ എതിര്‍പ്പ് ഈ ഘട്ടത്തില്‍ നേരത്തെയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
2026 മെയ്യില്‍ തമിഴ്നാട് നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളി. അതേസമയം, പദ്ധതിയിലെ മാറ്റങ്ങള്‍ പരിശോധിച്ചശേഷം കര്‍ണാടക സമര്‍പ്പിച്ച 2019ലെ ഡിപിആര്‍ കേന്ദ്ര ജലകമ്മീഷന്‍ 2026 ജൂണില്‍ തിരിച്ചയച്ചു. തുടര്‍ന്ന് പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് 2026 ഓഗസ്റ്റില്‍ കര്‍ണാടക വീണ്ടും സമര്‍പ്പിച്ചു. പദ്ധതിക്ക് ആവശ്യമായ സാങ്കേതികവും നിയമപരവുമായ അനുമതികള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്.
വിഷയം വീണ്ടും രാഷ്ട്രീയ ശ്രദ്ധ നേടുന്നത് എന്തുകൊണ്ട്?
നവംബര്‍ 13ന് മൈസൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിലാണ് കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ മേക്കേദാട്ടു അണക്കെട്ട് നിര്‍മിക്കാനുള്ള സംസ്ഥാനത്തിന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്. ഇതിന് പിന്നാലെ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മണിക്കം ടാഗോര്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ശിവകുമാറിന്റെ പരാമര്‍ശങ്ങളോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം തമിഴ്നാട്ടില്‍ ആശങ്കയുണ്ടാക്കിയെന്നാണ് ടാഗോറിന്റെ ആരോപണം.
കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നും തമിഴ്നാടിന്റെ സമ്മതമില്ലാതെ പദ്ധതിക്ക് അന്തിമ അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ഏറെക്കാലമായി നിലനില്‍ക്കുന്ന കര്‍ണാടക-തമിഴ്നാട് കാവേരി ജലതര്‍ക്കം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates