മുംബൈ: കനത്ത മഴയെ തുടര്‍ന്നു വൈദ്യുതി തകരാറുണ്ടായതിനു പിന്നാലെ മുംബൈയിലെ മോണോറെയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ നിശ്ചലമായി. മുംബൈ മൈസൂര്‍ കോളനി സ്റ്റേഷനു സമീപത്താണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ ഇരുന്നൂറിലേറെ യാത്രക്കാര്‍ ഏറെനേരമായി ട്രെയിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി രക്ഷിക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
'ചില സാങ്കേതിക കാരണങ്ങളാല്‍ ഒരു മോണോറെയില്‍ ചെമ്പൂരിനും ഭക്തി പാര്‍ക്കിനും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്. എംഎംആര്‍ഡിഎ (മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റി), ഫയര്‍ഫോഴ്സ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, എല്ലാ ഏജന്‍സികളും സ്ഥലത്തെത്തിയിട്ടുണ്ട്. എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന,'' ഫഡ്നാവിസ് എക്സില്‍ കുറിച്ചു. ആരും പരിഭ്രാന്തരാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കും, അതിനാല്‍ ആരും വിഷമിക്കുകയോ പരിഭ്രാന്തരാകുകയോ ചെയ്യരുത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ഏജന്‍സികളുമായും താന്‍ നിരന്തര സമ്പര്‍ക്കത്തിലാണെന്നും ഫഡ്നാവിസ് പറഞ്ഞു. 'എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ എംഎംആര്‍ഡിഎ കമ്മീഷണര്‍, മുനിസിപ്പല്‍ കമ്മീഷണര്‍, പൊലീസ്, മറ്റ് എല്ലാ ഏജന്‍സികളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഈ സംഭവം ഉണ്ടായതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തും,' അദ്ദേഹം പറഞ്ഞു.
വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയര്‍കണ്ടീഷന്‍ സംവിധാനവും തകരാറിലായി. എസി തകരാറിലായതോടെ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ടെക്നീഷ്യന്‍മാര്‍ എത്തി ഏറെനേരം പരിശ്രമിച്ചശേഷമാണ് വാതിലുകള്‍ തുറന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയറിയത്. വൈദ്യുതിവിതരണത്തിലുണ്ടായ തകരാറും യാത്രക്കാരുടെ തിക്കും തിരക്കുമാണ്് ട്രെയിന്‍ ഉയരപ്പാതയില്‍ നിന്നുപോയതെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. തങ്ങളുടെ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് ടീമുകള്‍ സ്ഥലത്തുണ്ടെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates