മുംബൈ: മഹാരാഷ്ട്രയില്‍ 29 നഗരസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തുടക്കം. മുംബൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിലും നിര്‍ണായകമാണ്. മുംബൈ, പൂനെ, നാസിക്, നാഗ്പൂര്‍, നവി മുംബൈ, താനെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗര കേന്ദ്രങ്ങളാണ് മത്സരത്തില്‍ പ്രധാനം. 75,000 കോടി വാര്‍ഷിക ബജറ്റുള്ള മുംബൈ തന്നെയാണ് ഇത്തവണ തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രം. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആദ്യമണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി.
ചരിത്രത്തില്‍ ആദ്യമായി ഉദ്ധവ് പക്ഷ ശിവസേനയും ബി ജെ പിയും നഗരസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കാല്‍നൂറ്റാണ്ടായി മുംബൈയുടെ ഭരണം കൈയാളിയ ഉദ്ധവ് താക്കറെ പക്ഷത്തിന് തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. രാജ് താക്കറേയുടെ എംഎന്‍എസും ശരദ്പവാര്‍ പക്ഷ എന്‍സിപിയുമായി ചേര്‍ന്നാണ് ഉദ്ധവ് പക്ഷം മത്സരിക്കുന്നത്. കോണ്‍ഗ്രസ് തനിച്ചും തെരഞ്ഞെടുപ്പിനെ നേരിടുന്നു. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷവും ബിജെപിയും സഖ്യത്തിലും ജനവിധ തേടുന്നു. ശിവസേന, എന്‍സിപി പാര്‍ട്ടികളിലെ പിളര്‍പ്പുകള്‍ക്കുശേഷം ആദ്യമായി നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പാണിത്.
മറാത്തി മേയര്‍ എന്നതാണ് ഉദ്ധവ്- രാജ് കൂട്ടുകെട്ടിന്റെ മുദ്രാവാക്യം. ഹിന്ദു - മറാത്തി മേയര്‍ എന്ന മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തുന്നത്. മുംബൈയിലും നാഗ്പൂരിലുമായി മുസ്‌ലിം ലീഗും മത്സരരംഗത്തുണ്ട്. മുംബൈ നഗരസഭകളിലേക്കുള്ള മത്സരത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 1700 പേര്‍ രംഗത്തുണ്ട്. സിപിഎമ്മിലെ നാരായണന്‍, ധാരാവി മുന്‍ കൗണ്‍സിലര്‍ ഉദ്ധവ് പക്ഷ ശിവസേനയിലെ ജഗദീഷ് എന്നിവരാണ് പട്ടികയിലെ പ്രമുഖ മലയാളികള്‍.
2017 ലാണ് മഹാരാഷ്ട്രയിലെ നഗരസഭകളിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. 2022ല്‍ ഒ.ബി.സി സംവരണ തര്‍ക്കത്തെതുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നില്ല. തുടര്‍ന്ന് കമീഷണര്‍ ഭരണത്തിലായിരുന്നു നഗരസഭകള്‍. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates