CISF to guard NTA's new office after NEET paper leak 
India

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പുതിയ ഓഫീസില്‍ രഹസ്യസ്വഭാവമുള്ള മേഖലകള്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് സുരക്ഷാ വീഴ്ചകള്‍ ഒഴിവാക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഡല്‍ഹിയിലെ പുതിയ ഓഫീസില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ (സിഐഎസ്എഫ്) വിന്യസിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട് രഹസ്യ സ്വഭാവമുള്ള ജോലികള്‍ നടക്കുന്ന മേഖലകള്‍ സംരക്ഷിക്കുന്നതിനായി 39 സിഐഎസ്എഫ് കമാന്‍ഡോകളെയാണ് നിയോഗിച്ചിരിക്കുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് രാജ്യവ്യാപകമായി വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ അരങ്ങേറുകയും സുപ്രീംകോടതി എന്‍ടിഎയുടെ വീഴ്ചകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി നടത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. മുമ്പ് ഒഖ്ലയിലുണ്ടായിരുന്ന ഓഫീസിലെ സുരക്ഷാ വീഴ്ചകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് എന്‍ടിഎയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ മിന്റോ റോഡിലെ സര്‍ക്കാര്‍ പ്രസ് ബില്‍ഡിങ്ങിലെ 55,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ സമുച്ചയത്തിലേക്ക് മാറ്റിയത്.

നീറ്റ് പേപ്പര്‍ ചോര്‍ച്ച കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ ഓഫീസിലെ ഗുരുതര സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാരോപിക്കപ്പെടുന്ന മൂന്ന് വിദഗ്ധര്‍, പരീക്ഷാ കേന്ദ്രത്തില്‍ റഫ് വര്‍ക്കിനായി നല്‍കിയ കടലാസുകളില്‍ നിന്ന് വിവരങ്ങള്‍ ചെറിയ സ്ലിപ്പുകളില്‍ കുറിച്ചെടുക്കുകയായിരുന്നു. രഹസ്യ സ്വഭാവമുള്ള കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുവരുമ്പോഴും ഇവരെ ശരിയായി ശരീരപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നില്ല. തത്സമയ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ഇല്ലാതിരുന്നതും തട്ടിപ്പ് തിരിച്ചറിയാന്‍ വൈകുന്നതിന് കാരണമായി.

പുതിയ ഓഫീസില്‍ രഹസ്യസ്വഭാവമുള്ള മേഖലകള്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. ഈ മേഖലകളിലെ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഓഫീസിലെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയും ലഗേജുകള്‍ സ്‌കാന്‍ ചെയ്യുകയും ചെയ്യും. ചോദ്യപേപ്പര്‍ തയ്യാറാക്കല്‍, രജിസ്‌ട്രേഷന്‍, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ സംവിധാനങ്ങളുടെ സുരക്ഷയും എന്‍ടിഎ വര്‍ധിപ്പിക്കുകയാണ്. ഡേറ്റ എന്‍ക്രിപ്ഷന്‍, സുരക്ഷിതമായ സ്റ്റോറേജ്, ബയോമെട്രിക് ഫെയ്‌സ് മാച്ചിങ് എന്നിവയും കണിശമാക്കും.

CISF Deployed at NTA's New Delhi Office Following NEET-UG Paper Leak Controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ

പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്  മുങ്ങിമരിച്ചു